സാനിറ്റൈസർ സൂക്ഷിച്ച കന്നാസുകൾ പൊട്ടിത്തെറിച്ച് കാറിന് തീപിടിച്ചു
Mail This Article
പാലക്കാട്∙ പഴനി മുരുകൻ ക്ഷേത്രത്തിലെ ദണ്ഡപാണി സ്റ്റേഷൻ ലോഡ്ജിലെ സാനിറ്റൈസർ സൂക്ഷിച്ച പ്ലാസ്റ്റിക് കന്നാസുകൾ പൊട്ടിത്തെറിച്ച്, മലയാളിയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന കാര്‍ പൂർണമായും കത്തിനശിച്ചു. രണ്ടു ശുചീകരണ തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേറ്റു. പഴനി അടിവാരം പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി ഏറെ നേരത്തെ ശ്രമത്തിന് ശേഷം തീ നിയന്ത്രണവിധേയമാക്കി.
ലോഡ്ജിൽ ശുചീകരണ ജോലിയിൽ ഏർപ്പെട്ടിരുന്ന അത്താലു, മുരുകൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പഴനി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോഡ്ജിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന മൂന്ന് സാനിറ്റൈസർ കന്നാസുകൾ പെട്ടെന്ന് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ സാനിറ്റൈസർ കാറിന് മുകളിൽ പതിച്ചാണ് തീപിടിത്തമുണ്ടായത്. ശബ്ദം കേട്ട് എത്തിയ ആളുകളാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്.
ക്ഷേത്രത്തിലെത്തുന്ന തീർഥാടകർക്ക് താമസിക്കാൻ ക്ഷേത്ര ഭരണസമിതിയുടെ കീഴില്‍ ഇടുമ്പൻ കുടിലിലും ക്രിവിതി ഗോശാല ഭാഗങ്ങളിലും ലോഡ്ജുകൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള കുടുംബം ഇടുമ്പൻ ഇല്ലം ഭാഗത്താണ് താമസിച്ചിരുന്നത്. സാനിറ്റൈസർ കന്നാസുകള്‍ ശുചീകരണത്തൊഴിലാളികൾ തുറന്നപ്പോൾ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയും കാറിന് തീപിടിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കാർ ഉടമ അടിവാരം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.