ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ ടിക്കറ്റ് കൗണ്ടർ തുറന്നു
Mail This Article
ഷൊർണൂർ∙ യാത്രക്കാർക്ക് ഇനി ടിക്കറ്റെടുക്കാൻ കാത്തു നിന്നു മുഷിയേണ്ട. ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷന്റെ പുതിയ കവാടം കെട്ടിടവും ടിക്കറ്റ് കൗണ്ടറും തുറന്നു നൽകി. ഇടതു ഭാഗത്ത് 5 കൗണ്ടറുകളും വലതു ഭാഗത്ത് 3 കൗണ്ടറുകളുമാണ് പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. മാസങ്ങളായി പഴയ കെട്ടിടത്തിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന ടിക്കറ്റ് കൗണ്ടറിൽ വലിയ തിരക്കാണ് രാവിലെയും വൈകിട്ടും അനുഭവപ്പെടുന്നത്. ട്രെയിനിലെ ഇരിപ്പിടത്തിന്റെ അതേ രൂപത്തിലാണ് ഒരു ഭാഗത്ത് ടിക്കറ്റ് കൗണ്ടർ ഒരുക്കിയിട്ടുള്ളത്. രാവിലെ ജോലിക്കു പോകുന്നവർക്ക് ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കുറവായതിനാൽ ഏറെ നേരം കാത്തുനിൽക്കേണ്ടി വരാറുണ്ട്. പുതിയ കെട്ടിടത്തിലെ ടിക്കറ്റ് കൗണ്ടർ തുറന്നു നൽകിയതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് അധികൃതർ പറയുന്നത്.
റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് ഇനി മുതൽ പുതിയ കവാടത്തിലൂടെ പ്ലാറ്റ്ഫോമിലെത്താം. പുതിയ കെട്ടിടത്തിലെ പണികൾ പൂർത്തീകരിച്ച ശേഷമാണ് തുറന്നുനൽകിയത്. അതേസമയം പ്ലാറ്റ്ഫോമിലേക്ക് എത്തുന്നതിന് യാത്രക്കാർക്കുള്ള നടപ്പാതകൾ ഇപ്പോഴും തുറന്നുനൽകിയിട്ടില്ല. റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിനായി അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 12.94 കോടിയുടെ പദ്ധതിയാണ് സ്റ്റേഷനിൽ പ്രാവർത്തികമാക്കുന്നത്. കൂടുതൽ വിശാലമായ സ്ഥല സൗകര്യങ്ങളോടു കൂടിയുള്ള കവാടം വിപുലീകരിക്കൽ, യാത്രക്കാരുടെ വാഹനം നിർത്തിയിടാൻ 5000 ചതുരശ്രയടി വിസ്തൃതിയുള്ള പാർക്കിങ് സൗകര്യം, റെയിൽവേ സ്റ്റേഷന്റെ മുൻവശത്ത് സൗന്ദര്യവൽക്കരണം എന്നിവയെല്ലാം ഇപ്പോൾ പൂർത്തിയായിക്കഴിഞ്ഞു.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ പാതയുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. ഇതിന്റെ അഴുക്കുചാൽ നിർമാണം, സുരക്ഷാഭിത്തി നിർമാണം എന്നിവയുടെ നിർമാണവും അവസാനഘട്ടത്തിലാണ്. ഡിസംബർ അവസാനത്തോടെ എല്ലാ പണികളും പൂർത്തിയാക്കി നവീകരിച്ച റെയിൽവേ സ്റ്റേഷൻ തുറന്നുനൽകാൻ കഴിയുമെന്നാണ് റെയിൽവേ പറയുന്നത്.