കൈകാണിച്ചപ്പോൾ നിർത്തിയില്ല: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു നേരെ കല്ലേറ്
Mail This Article
പാലക്കാട് ∙ സ്റ്റോപ്പില്ലാത്തിടത്തു നിന്നു കൈകാണിച്ചപ്പോൾ ബസ് നിർത്തിയില്ലെന്ന് ആരോപിച്ച് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിലേക്കു രാത്രി അജ്ഞാത സംഘം കല്ലെറിഞ്ഞു. പിൻവശത്തെ ചില്ലു തകർത്തു കല്ല് ബസിനുള്ളിലേക്കു പതിച്ചെങ്കിലും യാത്രക്കാർ ഒഴിഞ്ഞുമാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 9.20നു ഒറ്റപ്പാലം–ഷൊർണൂർ സംസ്ഥാനപാതയിലെ കല്ലേക്കാടിനും രണ്ടാംമൈലിനും ഇടയിലുള്ള കുറിശ്ശാകുളത്താണു സംഭവം. ഗുരുവായൂരിൽ നിന്നു പാലക്കാട്ടേക്കു പോയ രാജപ്രഭ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. പിൻവശത്തെ ഗ്ലാസ് പൂർണമായി തകർന്നു.
കല്ല് ബസിലേക്കു പതിച്ച ഉടൻ 3 പേർ ഓടിപ്പോയെന്നു ബസിലുണ്ടായിരുന്ന ജീവനക്കാരും യാത്രക്കാരും പറയുന്നുണ്ട്. മറ്റൊരു വാഹനമെത്തിച്ചു യാത്രക്കാരെ പാലക്കാട്ടെത്തിച്ചു. സംഭവത്തിൽ ബസ് ജീവനക്കാരുടെ പരാതിയിൽ നോർത്ത് പൊലീസ് കേസെടുത്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നു പൊലീസ് അറിയിച്ചു. എല്ലാ സ്റ്റോപ്പിലും ബസ് നിർത്തിയിരുന്നെന്നും സ്റ്റോപ്പില്ലാത്ത വളവുള്ള ഭാഗത്താണു യുവാക്കൾ കൈകാണിച്ചതെന്നും ഇതിനാലാണു പെട്ടെന്നു നിർത്താനാവാതെ പോയതെന്നും ബസ് ജീവനക്കാർ പറഞ്ഞു.