മാസങ്ങളായിട്ടും കുഴി മൂടാൻ നടപടിയില്ല റോഡിനു നടുവിൽ അപകടക്കെണി
Mail This Article
പാലക്കാട് ∙ ബിഒസി റോഡ് പെട്രോൾ പമ്പിനു സമീപം അറ്റകുറ്റപ്പണി നടത്താൻ എടുത്ത കുഴി മാസങ്ങളായിട്ടും നികത്താൻ തയാറാകാതെ ജല അതോറിറ്റി. നഗരത്തിലെ പ്രധാന റോഡിന്റെ മധ്യ ഭാഗത്തുള്ള വലിയ കുഴിയിൽ വീഴാതിരിക്കാനുള്ള പെടാപ്പാടിലാണ് കാൽനടക്കാരും വാഹനയാത്രക്കാരും. സെപ്റ്റംബർ 15നാണ് ബിഒസി റോഡിലെ പാലത്തിനു തൊട്ടു മുൻപ് റോഡിന്റെ മധ്യഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം വ്യാപകമായി ഒഴുകിയിരുന്നത്. ദിവസങ്ങളുടെ മുറവിളിക്കുശേഷം ജലഅതോറിറ്റി അതു നന്നാക്കി. ഇതിനായെടുത്ത കുഴിയാണ് പണികഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞിട്ടും മൂടാത്തത്. കുഴി അടയ്ക്കാത്തതിൽ യാത്രക്കാരുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉയർന്നു. തുടർന്ന് താൽക്കാലികമായി കുഴി അടയ്ക്കാൻ ചെറിയ ഉരുളൻ കല്ലുകൾ മണ്ണും ചേർത്തി ഇട്ടു. എന്നാൽ, മഴ പെയ്തതോടെ മണ്ണ് കുത്തിയൊലിച്ചു ചെറിയ കല്ലുകൾ റോഡിന്റെ പല ഭാഗത്തായി ചിതറിയ നിലയിലാണ്. കല്ലുകളിൽ ഉരുണ്ട് തെന്നിവീഴുമെന്ന അവസ്ഥയിലാണ് ഇരുചക്ര വാഹന യാത്രക്കാർ.
കുഴിയിൽ ചാടാതിരിക്കാൻ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വെട്ടിക്കുമ്പോൾ എതിർ ദിശയിൽ വരുന്ന വാഹനത്തിലേക്കു ഇടിക്കാനുള്ള സാധ്യതയും ഏറെയാണ്. കുഴി റോഡിന്റെ മധ്യ ഭാഗത്തായതിനാൽ പലപ്പോഴും പലവാഹനങ്ങളും എതിർ ദിശയിലാണ് സഞ്ചരിക്കുന്നത്. രാത്രി സമയങ്ങളിൽ പ്രദേശത്ത് വെളിച്ചം കുറവായതിനാൽ കുഴി മിക്ക വാഹന യാത്രികരുടെയും ശ്രദ്ധയിൽപ്പെടില്ല. ബൈക്കുകൾ ഇവിടെ വീണ് അപകടമുണ്ടാകുന്നതായി പരിസരത്തെ സ്ഥാപനങ്ങിലുള്ളവർ പറഞ്ഞു. നഗരസഭയുടെ റോഡിലെ കുഴി അടയ്ക്കാത്ത ജല അതോറിറ്റി അധികൃതർക്കെതിരെ നഗരസഭയും നടപടിയെടുക്കുന്നില്ല.