കെട്ടിവലിച്ച് വന്ദേഭാരത് എക്സ്പ്രസ്; വൈകി ഓടിയത് 12 ട്രെയിനുകൾ, പെരുവഴിയിലായി യാത്രക്കാർ
Mail This Article
ഷൊർണൂർ ∙ സാങ്കേതിക തകരാറിനെത്തുടർന്നു വന്ദേഭാരത് എക്സ്പ്രസ് 3 മണിക്കൂറോളം ഷൊർണൂരിൽ കുരുങ്ങിയപ്പോൾ പെരുവഴിയിലായത് യാത്രക്കാർ. 5.30നു ഷൊർണൂരിൽ നിന്നു പുറപ്പെടേണ്ട ട്രെയിൻ സാധാരണ ഇലക്ട്രിക് എൻജിനിൽ ഘടിപ്പിച്ച് 8.40നാണു പുറപ്പെട്ടത്. കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്കു പോയ വന്ദേഭാരത് ആണു ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെട്ടയുടൻ ബി കാബിനു സമീപം നിർത്തിയത്. ബ്രേക്കിങ് കൺട്രോൾ യൂണിറ്റിലെ സാങ്കേതികത്തകരാറായിരുന്നു കാരണം.
ഷൊർണൂർ സ്റ്റേഷനിൽ നിന്നു സാങ്കേതിക വിദഗ്ധരെത്തി ഏറെ നേരം ശ്രമിച്ചെങ്കിലും ശരിയാക്കാനായില്ല. ഇതേത്തുടർന്ന് ഇലക്ട്രിക് എൻജിൻ ഘടിപ്പിച്ചു ട്രെയിൻ റെയിൽവേ സ്റ്റേഷനിലേക്കു തിരികെ കൊണ്ടുവന്നു. 7.40നു സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്ഫോമിൽ തിരിച്ചെത്തിച്ച ശേഷമാണു കൃത്യമായ തകരാർ കണ്ടെത്തിയത്. ഇതിനിടെ യാത്രക്കാരെ ഇന്റർസിറ്റിയിൽ കയറ്റിവിടാൻ ആലോചനയുണ്ടായെങ്കിലും പ്രതിഷേധമുയർന്നു. ഇലക്ട്രിക് എൻജിൻ ഉപയോഗിച്ചു തന്നെയാണ് 8.40നു ട്രെയിൻ സ്റ്റേഷൻ വിട്ടത്. സാങ്കേതിക വിദഗ്‌ധർ ഉൾപ്പെടെ റെയിൽവേയുടെ വലിയ സംഘം ട്രെയിനിൽ കയറി. പതിവു വേഗമില്ലാതെയായിരുന്നു വന്ദേഭാരതിന്റെ തുടർയാത്ര.
വടക്കൻ ജില്ലകളിൽ നിന്നു കൊച്ചി വിമാനത്താവളത്തിലേക്കു പോകേണ്ടവർ ഉൾപ്പെടെ ട്രെയിനിലുണ്ടായിരുന്നു. അവർക്കായി ട്രെയിൻ അങ്കമാലി സ്റ്റേഷനിൽ നിർത്തുമെന്ന് അറിയിപ്പു നൽകി. വന്ദേഭാരത് കുടുങ്ങിയതു പിന്നാലെ വന്ന മറ്റു ചില ട്രെയിനുകളെയും ബാധിച്ചു.
പ്രതിഷേധം ഉയർന്നപ്പോൾ അങ്കമാലിയിൽ താൽക്കാലിക സ്റ്റോപ്
ഷൊർണൂർ ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കായി വന്ദേഭാരത് എക്‌സ്പ്രസിന് അങ്കമാലിയിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചു. 5.30ന് ഷൊർണൂരിൽ നിന്നു പുറപ്പെടേണ്ട ട്രെയിൻ തകരാറിലായതോടെ 8.40 നാണ് മറ്റൊരു എൻജിന്റെ സഹായത്തോടെ പുറപ്പെട്ടത്. ഇതിനെത്തുടർന്നാണു യാത്രക്കാരുടെ പ്രയാസം മനസ്സിലാക്കി റെയിൽവേ അങ്കമാലിയിൽ പ്രത്യേക സ്റ്റോപ് അനുവദിച്ചത്. ഷൊർണൂരിൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. സാധാരണ തൃശൂർ പിന്നിട്ടാൽ എറണാകുളത്താണു വന്ദേഭാരതിനു സ്റ്റോപ്പുള്ളത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് അങ്കമാലിയിൽ ടാക്സി സൗകര്യവും റെയിൽവേ ഒരുക്കിയിരുന്നു. ഒട്ടേറെ യാത്രക്കാർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഉണ്ടായിരുന്നതായി റെയിൽവേ അറിയിച്ചു.
വൈകി ഓടിയത് 12 ട്രെയിനുകൾ
∙ വന്ദേഭാരതിന്റെ സാങ്കേതികത്തകരാർ മൂലം ഇന്നലെ വൈകിയോടിയത് 12 ട്രെയിനുകൾ. ഇന്നലെ വൈകിട്ട് 5.30 മുതൽ രാത്രി 9 വരെയാണ് ട്രെയിനുകൾ വൈകിയോടിയത്. കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കേരള എക്സ്പ്രസ്, എറണാകുളം ബെംഗളൂരു എക്സ്പ്രസ്, ആലപ്പി മെയിൽ, മംഗളൂരു ചെന്നൈ മെയിൽ തുടങ്ങിയവയാണ് ഏറെ നേരം വൈകിയത്. ഒറ്റപ്പാലത്തും ഷൊർണൂരും തൃശൂരും ഒട്ടേറെ യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്. ട്രെയിനുകൾ വൈകിയതോടെ ചെന്നൈ മെയിലിൽ വലിയ തിരക്കാണ് ഷൊർണൂരിൽ രാത്രി അനുഭവപ്പെട്ടത്. 3.27ന് തൃശൂരിൽ എത്തേണ്ട ന്യൂഡൽഹി തിരുവനന്തപുരം കേരള എക്സ്പ്രസ് ഇന്നലെ എത്തിയത് 5.18 നാണ്.
പെരുവഴിയിലായി യാത്രക്കാർ
∙ നിലമ്പൂർ റോഡ് ഷൊർണൂർ എക്സ്പ്രസ് കൃത്യസമയത്തു പോകുകയും കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് വൈകുകയും ചെയ്തതോടെ നിലമ്പൂരിലേക്കുള്ള യാത്രക്കാർ പെരുവഴിയിലായി. നിലമ്പൂരിലേക്കുള്ള ഒട്ടേറെ യാത്രക്കാരാണ് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ സാധാരണ ഷൊർണൂരിൽ വന്നിറങ്ങുന്നത്. 7.45ന് ട്രെയിൻ ഷൊർണൂരിൽ എത്തും. 8.10ന് നിലമ്പൂർ റോഡ് ട്രെയിൻ പുറപ്പെടുകയും ചെയ്യും. എന്നാൽ, ഇന്നലെ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഷൊർണൂരിൽ എത്തിയത് 9.10നാണ്. മറ്റു യാത്രാമാർഗങ്ങൾ ഇല്ലാത്തതിനാൽ യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു. യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും വന്ദേഭാരതിന്റെ സാങ്കേതിക തകരാർ കാരണമാണ് ട്രെയിൻ വൈകിയതെന്നായിരുന്നു റെയിൽവേയുടെ മറുപടി.
താൽക്കാലിക പരിഹാരം അതിവേഗം
∙ സംസ്ഥാനത്തു വന്ദേഭാരത് സർവീസ് തുടങ്ങിയശേഷം യാത്രാമധ്യേ ഇത്ര സങ്കീർണമായ സാങ്കേതികത്തകരാറിൽ കുരുങ്ങുന്നത് ആദ്യം. 3 മണിക്കൂർ വഴിയിൽ കുടുങ്ങിയതും ആദ്യമാകും. അപ്രതീക്ഷിതമായുണ്ടായ തകരാർ താൽക്കാലികമായി പരിഹരിച്ചു യാത്ര പുനരാരംഭിച്ചതിൽ റെയിൽവേയിലെ സാങ്കേതിക വിഭാഗത്തിന്റെ പങ്കു നിർണായകമായി. പ്രശ്നം കണ്ടെത്തിയ ശേഷം അതിവേഗമാണു ജീവനക്കാർ താൽക്കാലിക പരിഹാരം കണ്ടുപിടിച്ചത്. തകരാർ സംഭവിച്ചതു ഷൊർണൂർ സ്റ്റേഷന് അടുത്തായതും തുണയായി. ജീവനക്കാർക്ക് എത്താൻ കൂടുതൽ സമയം വേണ്ടിവന്നില്ല.