വന്ദേഭാരതിന്റെ തകരാർ: അടിയന്തര നടപടിക്കും ഇടപെടലിനും റെയിൽവേയിൽ ഡിവിഷൻ തലത്തിൽ സംവിധാനമില്ല
Mail This Article
പാലക്കാട് ∙ വന്ദേഭാരത് ട്രെയിനുകൾക്കു യാത്രയ്ക്കിടെ സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ അടിയന്തര നടപടിക്കും ഇടപെടലിനും റെയിൽവേയിൽ ഡിവിഷൻ തലത്തിൽ സംവിധാനമില്ല. കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കുമ്പോൾ താഴെത്തട്ടിൽ സാങ്കേതിക വിദഗ്ധരെ നിയമിക്കണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഷൊർണൂരിൽ കാസർകോട് –തിരുവനന്തപുരം വന്ദേഭാരതിനുണ്ടായ തകരാർ തിരിച്ചറിയാനും പരിഹരിക്കാനും മൂന്നു മണിക്കൂറിലധികമെടുത്തതു യാത്രക്കാരെ വലച്ചു. വിവരം ലഭിച്ചയുടൻ ട്രെയിനിന്റെ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ജോലികൾ നടത്തുന്ന ഹൈദരാബാദിലെ കമ്പനിയിലെ സാങ്കേതികവിദഗ്ധർ ഒാൺലൈനായി വിശദപരിശോധന നടത്തിയെങ്കിലും തകരാർ കണ്ടെത്താനായില്ല. നിർമാണക്കരാർ അനുസരിച്ചു പരിശോധനയും ഇടപെടലും നടത്തേണ്ടതു കമ്പനിയാണെന്നു റെയിൽവേ അധികൃതർ പറഞ്ഞു.
അതിനു ഡിവിഷനുകളിൽ സംവിധാനമില്ല. ഷൊർണൂരിൽ നിന്ന് ഇലക്ട്രിക് എൻജിനിൽ ഘടിപ്പിച്ചു തിരുവനന്തപുരത്തെത്തിയ ട്രെയിനിന്റെ പരിശോധനയിൽ, സി–10, സി–11 കോച്ചുകൾക്കിടയിലെ ഉപകരണം ഇളകിയ നിലയിൽ കണ്ടെത്തി എന്നാണു വിവരം. അതിസുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി, ഏതുതരം തകരാർ ഉണ്ടായാലും ട്രെയിനിന്റെ ട്രാക്‌ഷൻ മോട്ടർ പ്രവർത്തിക്കാതെ ഒാട്ടം നിർത്തുന്നതാണു വന്ദേഭാരതിന്റെ പ്രത്യേകത. കഴിഞ്ഞ ദിവസം വിശാഖപട്ടണത്തു വന്ദേഭാരതിനുണ്ടായ തകരാർ പരിഹരിക്കാനും മണിക്കൂറുകളെടുത്തു. ഇത്തരം സമയങ്ങളിൽ സ്വീകരിക്കേണ്ട സാങ്കേതിക നടപടിയെക്കുറിച്ചു ഡിവിഷനുകൾക്കു പ്രാഥമിക വിവരങ്ങൾ നൽകിയാൽ അടിയന്തര പരിഹാരത്തിനു സാധിക്കുമെന്നാണു നിർദേശം. കമ്പനിക്കു തിരുവനന്തപുരം കേന്ദ്രമായി ഉയർന്ന ഉദ്യോഗസ്ഥനുണ്ടെങ്കിലും തൊട്ടടുത്ത സംസ്ഥാനങ്ങളിലെ ചില പ്രധാന സ്റ്റേഷനുകളുടെ ചുമതലയും ഈ ഉദ്യോഗസ്ഥനാണെന്നു റെയിൽവേ അധികൃതർ പറയുന്നു. രണ്ടുവർഷത്തിലധികമായി നിയമനം നടക്കാത്തതിനാൽ റെയിൽവേ മെക്കാനിക്കൽ, ഇലക്ട്രിക്കൽ വകുപ്പുകളിൽ ആൾക്ഷാമം രൂക്ഷമാണ്.
വന്ദേഭാരത് ട്രെയിനിന്റെ തകരാർ പരിഹരിച്ചു
തിരുവനന്തപുരം∙ തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിനിന്റെ സാങ്കേതിക തകരാർ പരിഹരിച്ചു.ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഷൊർണൂരിൽ തകരാറിലായ ട്രെയിൻ ഇലക്ട്രിക് എൻജിൻ ഉപയോഗിച്ചാണു പിന്നീട് സർവീസ് നടത്തിയത്. മൂന്നര മണിക്കൂറോളം വൈകി ഇന്നലെ പുലർച്ചെ 2.15നാണു ട്രെയിൻ തിരുവനന്തപുരത്ത് എത്തിയത്.കൊച്ചുവേളി യാഡിൽ എത്തിച്ച ട്രെയിനിലെ തകരാർ 2 മണിക്കൂറിനുള്ളിൽ പരിഹരിച്ചു.
ട്രെയിനിലെ കമ്യൂണിക്കേഷൻ സർക്കീട്ടിലുണ്ടായ പ്രശ്നമാണു സർവീസ് തടസ്സപ്പെടാൻ ഇടയാക്കിയതെന്നാണു നിഗമനം. ട്രയൽ റൺ നടത്തിയ ശേഷം ട്രെയിൻ ഇന്നു സർവീസിന് ഉപയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു. സീനിയർ ഡിവിഷനൽ മെക്കാനിക്കൽ എൻജിനീയർ രാകേഷ് കെ.പ്രഭു,സെക്‌ഷൻ എൻജിനീയർമാരായ അമൽനാഥ്,കിരൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ട്രെയിൻ പരിശോധിച്ചു. തകരാർ സംബന്ധിച്ച റിപ്പോർട്ട് ദക്ഷിണ റെയിൽവേക്കു കൈമാറുമെന്ന് അധികൃതർ അറിയിച്ചു. നിലവിലുണ്ടായിരുന്ന വന്ദേഭാരത് റേക്ക് അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് അയച്ചപ്പോൾ പകരം മധ്യ റെയിൽവേയിൽനിന്നു ലഭിച്ച സ്പെയർ റേക്കാണ് തകരാറിലായത്.