ജലജീവൻ മിഷൻ പദ്ധതി: നാട്ടുകൽ - ഭീമനാട് റോഡരികിലെ പൈപ്പിടൽ ഈ മാസം 15 മുതൽ
Mail This Article
അലനല്ലൂർ ∙ ജലജീവൻ മിഷൻ പദ്ധതിപ്രകാരം തച്ചനാട്ടുകരയിൽ നിന്നു കോട്ടോപ്പാടം, അലനല്ലൂർ പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പിടൽ ഈ മാസം പകുതിയോടെ ആരംഭിക്കും. റോഡരികിൽ വയലുകൾ വരുന്ന, കലുങ്കുകൾ ഉള്ള ഭാഗത്ത് റോഡിന് മധ്യത്തിലൂടെ പൈപ്പ് സ്ഥാപിക്കേണ്ടി വരും. പ്രവൃത്തികൾ മൂലം റോഡിന് കേടുപാടുകൾ സംഭവിച്ചാൽ പൂർവസ്ഥിതിയിലാക്കുന്നതിനു ജല അതോറിറ്റി 1.78 കോടി രൂപ പൊതുമരാമത്ത് വകുപ്പിൽ കെട്ടിവച്ചിട്ടുണ്ട്. ഇരുവകുപ്പുകളും തമ്മിലുള്ള കരാർ നടപടികൾ അടുത്ത ആഴ്ചയോടെ പൂർത്തിയാകും.
2021ൽ റബറൈസ്ഡ് ചെയ്തു നവീകരിച്ച റോഡാണിത്. പാലക്കാട് - കോഴിക്കോട് ദേശീയപാതയ്ക്കു സമീപം നാട്ടുകൽ - ഭീമനാട് റോഡ് ആരംഭിക്കുന്നതിന്റെ ഇടതുവശത്ത് അലനല്ലൂർ പഞ്ചായത്തിലേക്ക് 700 മില്ലി മീറ്റർ വ്യാസമുള്ളതും, വലതു വശത്ത് കോട്ടോപ്പാടം പഞ്ചായത്തിലേക്ക് 500 മില്ലി മീറ്റർ വ്യാസമുള്ളതുമായ പൈപ്പുകളാണ് സ്ഥാപിക്കുക. പകൽ സമയങ്ങളിൽ വാഹന ഗതാഗതത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കാതെ പൈപ്പിടൽ ജോലികൾ രാത്രി നടത്താനാണു തീരുമാനം. വയലുകൾ ഇല്ലാത്ത ഭാഗത്ത് പരമാവധി റോഡിന്റെ അരികിലെ ടാർ ഭാഗത്തേക്ക് തട്ടാത്ത രീതിയിൽ പൈപ്പുകൾ സ്ഥാപിക്കാനാണു ശ്രമം. രാത്രി ഏഴ് മുതൽ രാവിലെ എഴു വരെയാണ് ചാല് കീറി പൈപ്പിടുക. പ്രവൃത്തികൾ നടക്കുന്ന സമയങ്ങളിൽ റോഡിൽ ഭാഗികമായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.
15ന് ആരംഭിച്ച് ഫെബ്രുവരി 15 ഓടെ പൂർത്തിയാക്കും വിധമാണ് പ്രവൃത്തികൾ ക്രമീകരിച്ചിട്ടുള്ളത്. തച്ചനാട്ടുകര സമഗ്ര കുടിവെള്ള പദ്ധതിയിൽ മൂന്ന് പഞ്ചായത്തുകളിലെ 22,000 വീടുകളിലേക്ക് പൈപ്പ് വഴി ശുദ്ധജലമെത്തിക്കാൻ 201 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ചെത്തല്ലൂർ മുറിയങ്കണ്ണിപ്പുഴ കേന്ദ്രീകരിച്ചാണു ശുദ്ധജലപദ്ധതി പ്രവർത്തിക്കുക. നാട്ടുകൽ തേങ്ങാക്കണ്ടം മലയിൽ 66 ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ നിർമാണപ്രവൃത്തികൾ നടന്നുവരുന്നുണ്ട്. നാട്ടുകൽ ഭീമനാട് റോഡിന് പുറമേ ദേശീയപാതയോരത്തും പദ്ധതിപ്രകാരം പൈപ്പുകൾ സ്ഥാപിക്കും. അടുത്തവർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമമാണു നടക്കുന്നത്.