കാട്ടുപന്നികളെ വെടിവയ്ക്കാൻ നടപടി; ജനജാഗ്രതാ സമിതി പാനൽ രൂപീകരിച്ചു
Mail This Article
വടക്കഞ്ചേരി ∙ കൃഷിയിടങ്ങളിലെത്തുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ നടപടിയുമായി കിഴക്കഞ്ചേരി പഞ്ചായത്ത് അധികൃതർ. പഞ്ചായത്തിലെ മലയോര മേഖലകളിൽ വ്യാപകമായി കാട്ടുപന്നികളെത്തി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ ജനജാഗ്രത സമിതി പാനലിന് രൂപം നൽകിയത്. തോക്ക് ലൈസൻസുള്ള പട്ടയംപാടം സ്വദേശി ബെന്നി പോൾ പുതുശേരിയുടെ നേതൃത്വത്തിലാണ് കാട്ടുപന്നി വേട്ട ആരംഭിക്കുന്നത്. സ്ഥിരമായി കാട്ടുപന്നി ശല്യമുള്ള പ്രദേശത്തെ കർഷകർ പഞ്ചായത്ത് അംഗങ്ങളെയോ ജാഗ്രതാ കമ്മിറ്റി കൺവീനറെയോ അറിയിച്ചാൽ സ്ഥലത്തെത്തി പന്നിയെ വെടിവച്ച് കൊല്ലുമെന്ന് പഞ്ചായത്ത് അധ്യക്ഷ കവിത മാധവൻ അറിയിച്ചു.
മലയോര മേഖലയിലെ പാലക്കുഴി, കണച്ചിപ്പരുത, വാൽക്കുളമ്പ്, പനംകുറ്റി, ഒറവത്തൂർ, ചിറ്റ, തെണ്ടിയാംപാറ, കണ്ണംകുളം, കോട്ടേക്കുളം, കൊന്നക്കൽകടവ് ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും ഒരു വിളയും കൃഷിചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രദേശവാസികൾ പറഞ്ഞു. ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് മൂന്ന് വർഷം മുൻപ് അനുമതി ലഭിച്ചതാണ്. എന്നാൽ പല പഞ്ചായത്തുകളും അതു കാര്യക്ഷമമായി നടപ്പിലാക്കിയില്ല.
കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒലിപ്പാറയിൽ കർഷകനും കരിങ്കയത്ത് വനിത ഓട്ടോ ഡ്രൈവറും പറശേരിയിൽ ഗൃഹനാഥനും വടക്കഞ്ചേരിയിൽ ഓട്ടോ ഡ്രൈവറും മരിക്കുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തതോടെ ജനരോക്ഷം ശക്തമായി. പന്നിയെ വെടിവച്ച് കൊല്ലുന്നതിലുള്ള മാനദണ്ഡങ്ങളും പണച്ചെലവുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതോടെ പന്നികൾ പെരുകി. തുടർന്നാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. പന്നികളെ നശിപ്പിക്കാൻ 9744793215 നമ്പറിൽ ബെന്നി പോളിനേയോ 9447620137 നമ്പറിൽ കൺവീനർ പോപ്പിയെയോ വിളിക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നടീൽ കഴിഞ്ഞ പാടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം
മംഗലംഡാം ∙ നടീൽ കഴിഞ്ഞ പാടങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. വരമ്പുകളും ഞാറുകളും കുത്തിമറിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവും കൃഷിയെ ബാധിക്കുന്ന കേടുകൾക്കും പുറമേയാണ് കാട്ടുപന്നികളുടെ ശല്യം. പാടങ്ങളിലിറങ്ങുന്ന കാട്ടുപന്നിക്കുട്ടം ആ ഭാഗം മുഴുവൻ കുത്തിമറിക്കുകയാണ്. ഇതോടെ ഞാറ്റടികൾ കൂടുതലും നശിക്കും. എവിടുന്നെങ്കിലും ഞാറ് സംഘടിപ്പിച്ച് ഈ ഭാഗം നട്ടാൽ തന്നെ ഒരുമിച്ച് കൊയ്യാനും പറ്റില്ല. പാട്ടത്തിനെടുത്തും പലതരത്തിലുള്ള വായ്പകൾ സംഘടിപ്പിച്ചും നെൽക്കൃഷി ചെയ്യുന്ന കർഷകർക്ക് കൃഷിയുമായി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ലക്ഷം വീട് വേലായുധൻ, കേശവൻ നെല്ലിക്കോട് തുടങ്ങിയ കർഷകർ പറഞ്ഞു.
കൃഷിയിടങ്ങളിൽ ശല്യമാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുവാനുള്ള അധികാരം മറ്റുപല പഞ്ചായത്തുകളും നടപ്പിലാക്കുമ്പോൾ വണ്ടാഴി പഞ്ചായത്ത് ഇതിനു വേണ്ടി ഒന്നും ചെയ്യാത്തത് പ്രതിഷേധാർഹമാണെന്നും കൃഷികൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ വണ്ടാഴി പഞ്ചായത്ത് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കർഷക സംരക്ഷണ മുന്നണിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും വളയൽ പാടശേഖര സമിത സെക്രട്ടറിയും വണ്ടാഴി പഞ്ചായത്ത് അംഗവുമായ ഡിനോയ് കോമ്പാറ പറഞ്ഞു.