വീണ്ടും പുലി, ധോണി ഭീതിയില്; ക്യാമറ സ്ഥാപിച്ചു, നിരീക്ഷണം ശക്തമാക്കി
Mail This Article
പാലക്കാട് ∙ ഒരിടവേളയ്ക്കു ശേഷം ധോണിയിൽ വീണ്ടും പുലിയിറങ്ങി. മായാപുരം സ്വദേശി എം.എ.ജയശ്രീയുടെ വീട്ടിലെ കോഴിയെ ഇന്നലെ പുലി പിടിച്ചു. പുലർച്ചെയാണു പുലി എത്തിയത്. വീടിനു പുറത്തു സ്ഥാപിച്ച സിസിടിവിയിൽ പുലി കോഴിയെ പിടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞു. ഒരാഴ്ചയായി പ്രദേശത്തെ വീടുകളിൽ നിന്നു വളർത്തു നായ്ക്കളെയും കോഴികളെയും കാണാതാകുന്നതു പതിവാണ്. ജയശ്രീ വീട്ടിൽ സിസിടിവി സ്ഥാപിച്ചപ്പോഴാണു പുലിയെ കണ്ടത്. ഒരാഴ്ചയ്ക്കിടെ പ്രദേശത്തു നിന്നു 6 വളർത്തു നായ്ക്കളെയും നാലു കോഴികളെയും കാണാതായിട്ടുണ്ട്. ഇവയെ പുലി പിടിച്ചതാണെന്നു സംശയിക്കുന്നു. നായ്ക്കളുടെ ശരീര അവശിഷ്ടങ്ങൾ കാടിനു സമീപത്തു കണ്ടെത്തിയിട്ടുണ്ട്.
ഈ വർഷം ഇതുവരെ ധോണിയിൽ രണ്ടു പശു, 6 ആട്, 11 വളർത്തു നായ്ക്കൾ, 7 കോഴികൾ എന്നിവയെ പുലി പിടിച്ചിട്ടുണ്ടെന്നാണു അകത്തേത്തറ പഞ്ചായത്തിന്റെ കണക്ക്. നഷ്ടപരിഹാരം തേടി വനംവകുപ്പിൽ അപേക്ഷിച്ചവർക്ക് അതു ലഭിച്ചില്ലെന്നും പരാതിയുണ്ട്. കാട്ടാന, കാട്ടുപന്നി, മയിൽ, കുരങ്ങ് എന്നിവ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. ഇവയുടെ നഷ്ടപരിഹാരവും ലഭിച്ചില്ലെന്നു പരാതിയുണ്ട്. മായാപുരം, അരിമണി, മൂലംപാടം എന്നിവിടങ്ങളിലും പുലിയുടെ ശല്യമുണ്ട്. പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
വ്യാപകമായി കൃഷി നശിപ്പിച്ചു
∙ ധോണിയിൽ പാടത്തും മറ്റും കൃഷി ചെയ്ത 6 ഏക്കറിലേറെ കൂർക്ക കൃഷി കാട്ടുപന്നി കൂട്ടം നശിപ്പിച്ചു. ധോണി മായാപുരം, അരിമണി, ഉമ്മിനി എന്നിവിടങ്ങളിലെ കൃഷിയാണു നശിപ്പിച്ചത്. വിളവെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണു കാട്ടുപന്നി കൂട്ടം കൃഷി നശിപ്പിച്ചതെന്നു കർഷകർ പറഞ്ഞു. മായാപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നു വിദ്യാർഥി രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്. കഴിഞ്ഞാഴ്ചയാണു സംഭവം. സ്കൂൾ വിട്ടു നടന്നു വരികയായിരുന്ന വിദ്യാർഥിക്കു നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. ഓടി മാറിയതിനാൽ രക്ഷയായി.
ക്വാറിക്കെതിരെ നാട്ടുകാർ
∙ ധോണി മായാപുരത്തെ കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ക്വാറിയുടെ ചുറ്റും വലിയ രീതിയിൽ കാട് വളർന്നു നിൽക്കുന്നുണ്ട്. ഇവിടെ കാട്ടാന, പുലി. കാട്ടുപന്നി എന്നിവയുടെ താവളമാണെന്നു നാട്ടുകാർ പറയുന്നു. ക്വാറിയോടു ചേർന്ന സ്വകാര്യ ഭൂമിയിലും നിറയെ കാടാണ്. ഇവ വെട്ടിത്തെളിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു. വനംവകുപ്പും പഞ്ചായത്തും ഇടപെടണമെന്നാണ് ആവശ്യം.
കാഞ്ഞിരം പൂഞ്ചോല ഭാഗത്തും പുലിഭീതി
കാഞ്ഞിരപ്പുഴ ∙ ജനവാസ മേഖലയായ കാഞ്ഞിരം പൂഞ്ചോല ഭാഗത്ത് പുലിയെ കണ്ടെത്താനായി വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. കഴിഞ്ഞദിവസം വളർത്തുനായയെ പിടികൂടിയ അവിഞ്ഞിപ്പാടം വടിവേലുവിന്റെ വീടിനു സമീപത്താണു ക്യാമറ സ്ഥാപിച്ചത്. പ്രദേശത്തു വനംവകുപ്പും ദ്രുതകർമസേനയും നിരീക്ഷണവും ശക്തമാക്കി. രാത്രിയാണു വടിവേലുവിന്റെ രണ്ടു നായ്ക്കളിൽ ഒരെണ്ണത്തെ പിടികൂടിയത്. ശബ്ദംകേട്ടു നോക്കിയപ്പോഴാണു നായ്ക്കളിൽ ഒന്നിനെ കൊണ്ടുപോകുന്നതു കണ്ടത്. രണ്ടുദിവസം മുൻപും നായയെ വന്യമൃഗം കൊന്നിരുന്നു. ടൗണിൽ നിന്ന് ഏകദേശം 200 മീറ്ററിനുള്ളിലാണു സംഭവം നടന്നത്. പുലിയിറങ്ങിയെന്നു പറയുന്ന വടിവേലുവിന്റെ വീടിന് ഏതാനും മീറ്ററുകൾക്കപ്പുറമാണു മാസങ്ങൾക്കു മുൻപു പുലിയുടെ ജഡം കണ്ടെത്തിയത്.
ദിവസങ്ങൾക്കു മുൻപു കുരങ്ങുകളുടെ ബഹളവും മറ്റും കേട്ടിരുന്നെന്നും നാട്ടുകാർ പറഞ്ഞു. പുലിഭീതി കാരണം നാട്ടുകാരും ആശങ്കയിലാണ്. പുലിയെ കണ്ടെന്നു പറയുന്ന സ്ഥലത്തിനു ഏതാനും മീറ്റർ താഴെ പൂഞ്ചോലയിലേക്കും മാന്തോണിയിലേക്കുമുള്ള റോഡുണ്ട്. കോളജ് അടക്കമുള്ള സ്ഥലത്തേക്കും ഇതുവഴി വേണം യാത്രചെയ്യാൻ. പുലിഭീതി അകറ്റാൻ പ്രദേശത്തു കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്തു നിരീക്ഷണം ശക്തമാക്കിയതായി വനംവകുപ്പ് അധികൃതർ പറയുന്നു.