3500 ലീറ്റർ സ്പിരിറ്റ് പിടികൂടി; 5 പേർ അറസ്റ്റിൽ
Mail This Article
എലപ്പുള്ളി ∙ വ്യാജമദ്യ നിർമാണത്തിനായി ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കെത്തിച്ച 3,500 ലീറ്റർ സ്പിരിറ്റുമായി 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിത്തീറ്റച്ചാക്കുകൾക്കടിയിലും 2 കാറുകളിലുമായി ഒളിപ്പിച്ചു കടത്തിയ 100 കന്നാസ് സ്പിരിറ്റാണു പിടിച്ചത്. സംഭവത്തിൽ വണ്ണാമട ആറാംമൈൽ സ്വദേശി എസ്.ബിനു (32), കൊടുമ്പ് മിഥുനംപള്ളം പറക്കാട് വി.പ്രജിത്ത് മിഥുൻ (37), എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ വടക്കേക്കര മുറുവൻ തുരുത്ത് പുത്തൻപറമ്പിൽ പി.എം.വിനോദ് (56), ഗോതുരുത്ത് കല്ലറയ്ക്കൽ കെ.എസ്.വിജു (52), പറവൂർത്തറ മന്ദം പുത്തേടത്ത് പി.ജി.പ്രദീപ് (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സൗത്ത് പൊലീസും ചേർന്നു ദേശീയപാതയിലും പാലക്കാട് – പൊള്ളാച്ചി സംസ്ഥാനാന്തരപാത കേന്ദ്രീകരിച്ചും നടത്തിയ പരിശോധനയിലാണു സ്പിരിറ്റ് പിടികൂടിയത്.
കാറിന്റെ ഡിക്കിക്കുള്ളിലും മിനിലോറിയിൽ കാലിത്തീറ്റച്ചാക്കുകൾക്ക് അടിയിലുമാണ് സ്പിരിറ്റ് കന്നാസുകൾ സൂക്ഷിച്ചിരുന്നത്. ഇന്നലെ പുലർച്ചെ 3ന് എലപ്പുള്ളി പാറ ഭാഗത്തു വാഹന പരിശോധന നടത്തിയ ഉദ്യോഗസ്ഥസംഘത്തെ വെട്ടിച്ചു പാഞ്ഞുപോയ മിനിലോറിയും കാറുകളും എലപ്പുള്ളി അംബുജം സ്റ്റോപ്പിലെ ഒഴിഞ്ഞ പറമ്പിൽ വച്ചു പൊലീസ് സാഹസികമായി വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. പ്രതികളുടെ ഫോണുകളിൽ വിദേശമദ്യ സ്റ്റിക്കറുകളും ഹോളോഗ്രാമുകളും നിർമിക്കുന്നതിനുള്ള ഓർഡറുകളുടെ ഫോട്ടോകളും കണ്ടെത്തി. പിടിയിലായവരിൽ പ്രദീപ്, വിജു, വിനോദ് എന്നിവർ നേരത്തെ സ്പിരിറ്റ് കേസുകളിൽ പ്രതികളാണ്. ബിനുവിന്റെ ഉടമസ്ഥതയിലുള്ള തോപ്പിൽ കള്ള് ഉൽപാദിപ്പിച്ച് ഇതിൽ വിദേശമദ്യം കലക്കി വിപണനം നടത്തിയിരുന്നെന്നും തുടരന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
പാലക്കാട് സൗത്ത് പൊലീസ് ഇൻസ്പെക്ടർ എ.ആദംഖാൻ, മീനാക്ഷിപുരം ഇൻസ്പെക്ടർ സി.ശശിധരൻ, എസ്ഐ കെ.ജെ.പ്രവീൺ എന്നിവരുടെയും എസ്ഐ എച്ച്.ഹർഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണു പരിശോധന നടത്തിയത്. സ്പിരിറ്റ്, ലഹരിവസ്തുക്കൾ എന്നിവ എത്തുമെന്ന് ഇന്റലിജൻസ് വിവരമുള്ളതിനാൽ വരും ദിവസങ്ങളിൽ ക്രിസ്മസ് – ന്യൂഇയർ സ്പെഷൽ ഡ്രൈവ് ഊർജിതമാക്കുമെന്നും പ്രധാന റോഡുകളിലും ദേശീയപാതകളിലും പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു.
തന്ത്രങ്ങൾ ‘മാറ്റിയെങ്കിലും’ ചേസിങ്ങിൽ കുടുങ്ങി
∙മിനിലോറിയിലും കാറുകളിലുമായി കടത്തിയ സ്പിരിറ്റ് പിടികൂടാൻ പൊലീസ് നടത്തിയതു സിനിമ സ്റ്റൈൽ ചേസിങ്. ഒരു പകലും രാത്രിയും നീണ്ട നിരീക്ഷണവും ഊർജിതമായ പരിശോധനയും ഏറെ സാഹസിക നീക്കങ്ങളും നടത്തിയാണു സ്പിരിറ്റ് പിടിച്ചത്. വാളയാർ കേന്ദ്രീകരിച്ച് ഒരു ടീമും പാലക്കാട്– പൊള്ളാച്ചി സംസ്ഥാനാന്തര പാതയിൽ മറ്റൊരു ടീമും കഴിഞ്ഞദിവസം രാവിലെ മുതൽ പരിശോധനയ്ക്കുണ്ടായിരുന്നു. സ്പിരിറ്റ് കൊണ്ടുവന്ന വാഹന നമ്പർ ഉൾപ്പെടെയുള്ള വിവരമാണു പൊലീസിനു രഹസ്യമായി ലഭിച്ചത്.
എന്നാൽ കോയമ്പത്തൂരിലെത്തിയപ്പോൾ ലോറിയിൽ നിന്ന് മിനിലോറിയിലേക്കും എസ്കോർട്ട് വന്ന കാറുകളിലേക്കും ഉൾപ്പെടെ സ്പിരിറ്റ് കന്നാസുകൾ പ്രതികൾ മാറ്റി. പിന്നീട് കോയമ്പത്തൂരിൽ നിന്നു ദേശീയപാതയിലൂടെ വരാതെ വേലന്താവളം ചിറ്റൂർ– എലപ്പുള്ളി റൂട്ടിലൂടെ മാറി സഞ്ചരിക്കുകയും ചെയ്തു. പാറ ജംക്‌ഷനിൽ പരിശോധനയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഇവർ വാഹനവുമായി വേഗത്തിൽ പാഞ്ഞു. തുടർന്നു നടത്തിയ ചേസിങ്ങിലാണു സ്പിരിറ്റ് പിടികൂടിയത്.