സംഘാടകരുടെ ഉറപ്പ്; ഉത്സവങ്ങൾക്ക് മങ്ങലേൽക്കില്ല
Mail This Article
ഒറ്റപ്പാലം ∙ നിയമക്കുരുക്കിൽപെട്ടു പ്രതിസന്ധിയിലായ ഉത്സവങ്ങൾ മങ്ങലേൽക്കാതെ സംരക്ഷിക്കാൻ പാലക്കാട് ജില്ലയിലെ ഉത്സവ സംഘാടകരുടെ യോഗത്തിൽ തീരുമാനം. ഉത്സവങ്ങളുടെ നിലനിൽപിനു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെട്ടു നിയമനിർമാണം നടത്തണമെന്നാണു ചിനക്കത്തൂരിൽ ചേർന്ന ജില്ലാ ക്ഷേത്ര വെടിക്കെട്ട് സംരക്ഷണ സമിതിയുടെ ആവശ്യം. ആന എഴുന്നള്ളിപ്പും വെടിക്കെട്ടും നേരിടുന്ന പ്രതിസന്ധികൾക്കിടെയാണ് യോഗം നടന്നത്. ചിനക്കത്തൂർ പൂരം, നെന്മാറ– വല്ലങ്ങി വേല കമ്മിറ്റികൾ നേതൃത്വം നൽകുന്ന സമിതിയാണു പൊതുയോഗം സംഘടിപ്പിച്ചത്. കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ നേരിൽക്കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്താനും ചീഫ് ജസ്റ്റിസിനു കത്തയയ്ക്കാനും തീരുമാനമായി. നിയമനിർമാണം ആവശ്യപ്പെട്ടു മുഴുവൻ ഉത്സവ കമ്മിറ്റികളുടെയും പങ്കാളിത്തത്തോടെ 17നു കലക്ടറേറ്റ് മാർച്ചും ധർണയും നടത്തും.
അനുമതി നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ആചാര, അനുഷ്ഠാനങ്ങളും സംസ്കാരവും സംരക്ഷിച്ചു ജനകീയ പങ്കാളിത്തത്തോടെ ഉത്സവങ്ങൾ നടത്തുമെന്നും യോഗം പ്രഖ്യാപിച്ചു. ജില്ലയിലെ അൻപതോളം ഉത്സവങ്ങളുടെ ഭാരവാഹികളും ആന ഉടമകളും വെടിക്കെട്ട് കരാറുകാരും പങ്കാളികളായി. പുതിയ മാർഗരേഖകളും ചട്ടഭേദഗതികളും ഓരോ ഉത്സവത്തെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഭാരവാഹികൾ എണ്ണിപ്പറഞ്ഞു. യോഗം മുൻ എംപി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡന്റ് പുത്തൻവീട്ടിൽ ശശിധരൻ അധ്യക്ഷനായി. ഒറ്റപ്പാലം നഗരസഭാ ഉപാധ്യക്ഷൻ കെ.രാജേഷ്, ലക്കിടി പേരൂർ പഞ്ചായത്ത് അംഗം കെ.ശ്രീവത്സൻ, സമിതി സെക്രട്ടറി എം.മാധവൻകുട്ടി, ആന ഉടമ സംഘടനാ പ്രതിനിധി എം.എ.പരമേശ്വരൻ മംഗലാംകുന്ന്, വെടിക്കെട്ട് കരാറുകാരുടെ സംഘടനാ പ്രതിനിധി സി.ആർ.നാരായണൻകുട്ടി, സി.ആർ.ജയകൃഷ്ണൻ, എ.ആർ.രാജേഷ്, എം.സുഭാഷ്, വി.പി.മനോജ്കുമാർ, കെ.ഹരിദാസ്, ഒ.പി.ശിവദാസ് എന്നിവർ പ്രസംഗിച്ചു.
ഉത്സവ പ്രതിസന്ധി: തൃശൂരുമായി കൈകോർക്കും
∙പാലക്കാട്ടെ ഉത്സവ സംഘാടകർ തൃശൂർ ജില്ലയിലെ ഉത്സവക്കമ്മിറ്റികളുമായും കൈകോർക്കുന്നു. പ്രതിസന്ധി മറികടക്കാൻ തൃശൂർ പൂരം ഉൾപ്പെടെ അതിർത്തി ജില്ലയിലെ ഉത്സവങ്ങളുടെ സംഘാടകരുമായി കൂടി സഹകരിച്ചു മുന്നോട്ടുപോകാനാണു തീരുമാനം. ഇതു സംബന്ധിച്ച ചർച്ചകൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നു ഭാരവാഹികൾ അറിയിച്ചു. ഉയർന്ന കോടതികളെ സമീപിക്കാനുള്ള നീക്കത്തിൽ ഉൾപ്പെടെ സഹകരിക്കാനാണു പാലക്കാട് ജില്ലയിലെ ഉത്സവക്കമ്മിറ്റികളുടെ തീരുമാനം.
കോടതിവിധികൾ അന്തിമമല്ല: എസ്.അജയകുമാർ
∙ഒരു കോടതിവിധിയും അന്തിമമല്ലെന്നു മുൻ എംപി എസ്.അജയകുമാർ. ഇതു മറികടക്കാൻ സർക്കാർ നിയമനിർമാണം ആലോചിക്കുമെന്നു വനം, റവന്യു മന്ത്രിമാർ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഉത്സവ സംഘാടകരുടെ യോഗം ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോടു വിശദീകരിച്ചു. ജനങ്ങളുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി സർക്കാർ നിൽക്കുമെന്നു കരുതുന്നില്ല. മുഖ്യമന്ത്രിയെ നേരിൽകണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തും. നാടിന്റെ സാംസ്കാരികോത്സവങ്ങൾ എന്തുവന്നാലും നടക്കേണ്ടതുണ്ട്. അതു നടക്കും. ഉത്സവങ്ങൾ സംസ്കാരത്തിന്റെ ഭാഗമാണ്. നാടിന്റെ സംസ്കാരത്തെക്കുറിച്ചു ധാരണയില്ലാത്തതിന്റെ പേരിൽ പുറപ്പെടുവിച്ച വിധിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു.