കോയമ്പത്തൂരിൽ നിന്ന് അലഹാബാദ് കുംഭമേളയ്ക്ക് പ്രത്യേക ട്രെയിൻ ; ഫെബ്രുവരി 18ന് പുറപ്പെടും
Mail This Article
കോയമ്പത്തൂർ∙ വ്യാഴവട്ടത്തിലൊരിക്കൽ നടക്കുന്ന അലഹാബാദ് കുംഭമേളയ്ക്ക് കോയമ്പത്തൂരിൽ നിന്നു പ്രത്യേക ട്രെയിൻ സർവീസ് ഫെബ്രുവരി 18ന് പുറപ്പെടും. ഐആർസിടിസിയാണ് അലഹാബാദ് പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയ്ക്ക് സൗകര്യം ഒരുക്കുന്നത്. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കുംഭമേള നടക്കുക. മഹാകുംഭ് പുണ്യക്ഷേത്ര യാത്ര എന്ന പേരിലാണ് പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ കോയമ്പത്തൂരിൽ നിന്നു പുറപ്പെടുക. തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർ പേട്ട, കാട്പാടി, രേണിഗുണ്ട വഴിയുള്ള യാത്ര 7 രാത്രിയും 8 പകലും നീളും. കാശി വിശ്വനാഥ ക്ഷേത്രം, സങ്കടമോക്ഷ ക്ഷേത്രം, ഹനുമാൻ ക്ഷേത്രം, തുളസി മാനസ ക്ഷേത്രം, ഗംഗ ആരതി, അലഹാബാദ് ത്രിവേണി സംഗമം, പാതാള ഹനുമാൻ ക്ഷേത്രം, അയോധ്യ രാമക്ഷേത്രം, ഹനുമാൻ ക്ഷേത്രം തുടങ്ങിയവ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്രെയിൻ ടിക്കറ്റ്, ഹോട്ടൽ, യാത്ര, വെജിറ്റേറിയൻ ഭക്ഷണം, ജിഎസ്ടി അടക്കമാണ് 8 ദിവസത്തെ യാത്രാനിരക്ക് നിശ്ചയിച്ചിരിക്കുന്നത്. സെക്കൻഡ് ക്ലാസ് ടിക്കറ്റ് നിരക്ക് 26,320 രൂപയും തേർഡ് ക്ലാസ് എസി നിരക്ക് 41,900 രൂപയുമാണ്. കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എൽടിസി സൗകര്യം ഉപയോഗിക്കാം. പ്രയാഗരാജിൽ മഹാകുംഭ ഗ്രാമം എന്ന പേരിൽ ടെന്റ് സിറ്റിയും ഐആർസിടിസി ഒരുക്കുന്നുണ്ട്. ഡീലക്സ്, പ്രീമിയം ടെന്റുകളിലായി രണ്ടുപേർക്ക് താമസിക്കാവുന്നതിൽ ഒരാൾക്ക് 6,000 രൂപ മുതൽ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഇതിന് പ്രത്യേകം ബുക്ക് ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് www.irctctourism.com, എന്ന വെബ്സൈറ്റിൽ അല്ലെങ്കിൽ 1800110139 എന്ന കസ്റ്റമർ കെയർ നമ്പറിലോ അന്വേഷിക്കാം. 9003140655 (കോയമ്പത്തൂർ), 8287932095 (തിരുവനന്തപുരം), 8287932082 (എറണാകുളം), 8287932098 (കോഴിക്കോട്) എന്നീ നമ്പറുകളിലും ബന്ധപ്പെടാം.