ഫർണിച്ചർ കടയിൽ വൻ തീപിടിത്തം; 10 വാഹനങ്ങളും സമീപത്തെ മൊബൈൽ കടയും കത്തിനശിച്ചു
Mail This Article
കല്ലടിക്കോട് ∙ ദേശീയപാതയിലെ കല്ലടിക്കോട് മാപ്പിള സ്കൂൾ കവലയിൽ ഫർണിച്ചർ കടയിൽ വൻ അഗ്നിബാധ. ഫർണിച്ചർ കടയും സമീപത്തെ മൊബൈൽ കടയും പൂർണമായി കത്തിനശിച്ചു. കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന, സ്ഥാപനത്തിന്റെ ഗുഡ്സ് ഓട്ടോ അടക്കം 10 വാഹനങ്ങളും അഗ്നിക്കിരയായി. ആളപായമില്ല. 2 കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ 3.30നാണ് നാടിനെ നടുക്കിയ അഗ്നിബാധയുണ്ടായത്. തീ ആളിപ്പടർന്നതോടെ പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. സ്കൂൾ വിട്ട സമയമായിരുന്നതിനാൽ വിദ്യാർഥികൾ അടക്കം വഴിയിൽ കുടുങ്ങി.
ദേശീയപാതയോരത്തുള്ള ഷോപ്പിങ് കോംപ്ലക്‌സിൽ മൂന്നു നിലകളിലായി പ്രവർത്തിക്കുന്ന, കരിമ്പ സ്വദേശി അഷ്റഫിന്റെ റിറ്റ്‌സി ഫർണിച്ചർ ആൻഡ് കർട്ടൻസ് എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. രണ്ടാമത്തെ നിലയിലുണ്ടായ തീ താഴത്തെയും മുകളിലത്തെയും നിലകളിലേക്കു പടരുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന 6 അതിഥിത്തൊഴിലാളികൾ സമീപത്തെ കെട്ടിടത്തിലേക്കു ചാടി രക്ഷപ്പെട്ടു. മുണ്ടൂർ സ്വദേശിനി റംലയുടേതാണ് മൊബൈൽ കട. ഫർണിച്ചർ കടയിലെയും മറ്റു സ്ഥാപനങ്ങളിലെയും സ്ത്രീകൾ അടക്കമുള്ള ജീവനക്കാർ പുറത്തേക്ക് ഓടിയതിനാൽ ആളപായമുണ്ടായില്ല. സമീപത്തെ അക്ഷയ കേന്ദ്രത്തിലും സംഭവസമയത്ത് ഒട്ടേറെ പേരുണ്ടായിരുന്നു.
കനത്ത ചൂടുണ്ടായിരുന്നതിനാൽ തീ പെട്ടെന്നു തന്നെ കെട്ടിടത്തിലേക്കു പടർന്നു. നാട്ടുകാരാണ് ഓടിയെത്തി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. ഇതിനിടെ കോംപ്ലക്‌സിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കു തീപടർന്നിരുന്നു. നാട്ടുകാർ ചേർന്ന് ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സ്ഥലത്തു നിന്നു വേഗത്തിൽ മാറ്റി. കോങ്ങാട്, മണ്ണാർക്കാട് അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നു 4 അഗ്നിരക്ഷാ യൂണിറ്റെത്തിയാണു തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇതിനിടെ സമീപത്തെ കെട്ടിടത്തിലേക്കു തീപടരുന്നത് അഗ്നിരക്ഷാസേനയുടെ ഇടപെടലിലൂടെ തടയാനായി. അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്ന് 3 മണിക്കൂറോളം ശ്രമിച്ചാണു തീ നിയന്ത്രണവിധേയമാക്കിയത്.
രക്ഷാപ്രവർത്തനത്തിന് എത്തിയത് വൻ സംഘം
∙പാലക്കാട് അഗ്നിരക്ഷാ നിലയം ഗ്രേഡ് ഓഫിസർ ബെന്നി കെ.ആൻഡ്രൂസ്, മണ്ണാർക്കാട് സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ അബ്ദുൽ ജലീൽ, കോങ്ങാട് എസ്എച്ച്ഒ എൻ.കെ.ഷാജി എന്നിവരുടെ നേതൃത്വത്തിൽ 21 പേരടങ്ങുന്ന സേനാംഗങ്ങളും, കല്ലടിക്കോട് ഇൻസ്പെക്ടർ എം.ഷഹീറിന്റെ നേതൃത്വത്തിൽ പൊലീസും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കെ.ശാന്തകുമാരി എംഎൽഎ, കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വിവരമറിഞ്ഞെത്തിയ കല്ലടിക്കോട് പൊലീസും ഹൈവേ പൊലീസും ചേർന്നു ഗതാഗതം നിയന്ത്രിച്ചു.
ഒഴിവായത് വൻ ദുരന്തം; കൈകോർത്ത് നാട്
കല്ലടിക്കോട് ∙ ദേശീയപാതയ്ക്കരികിൽ ജനത്തിരക്കേറിയ മാപ്പിള സ്കൂൾ കവലയിലെ കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിന്റെ വ്യാപ്തി കുറച്ചതു നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ. തീ പടരുന്നതുകണ്ട് ആദ്യം ഓടിയെത്തിയ സമീപത്തുള്ളവരും ഓട്ടോ, ചുമട്ടു തൊഴിലാളികളും വ്യാപാരികൾ അടക്കമുള്ളവരും രക്ഷാപ്രവർത്തനത്തിനു തുടക്കമിട്ടു. ഫർണിച്ചർ കടയിലും മുകളിലെ ഗോഡൗണിലുമായുണ്ടായിരുന്ന കിടക്കകളിലും റെക്സിനിലുമെല്ലാം അതിവേഗത്തിലാണ് തീപടർന്നത്. കടയ്ക്കുള്ളിൽ കുടുങ്ങിയ 6 അതിഥിത്തൊഴിലാളികളോട് സമീപത്തെ കെട്ടിടത്തിനു മുകളിലൂടെ പുറത്തുവരാൻ നിർദേശിക്കുകയും സമീപത്തെ വ്യാപരസ്ഥാപനങ്ങൾ അടച്ച് ആളുകളെ മാറ്റുകയും ചെയ്തു.
നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കു തീ പടരുന്നതു പരമാവധി ഒഴിവാക്കാൻ നാട്ടുകാർക്കായി. ഒട്ടേറെ ഇരുചക്ര വാഹനങ്ങളാണ് തള്ളിമാറ്റി തീപടരാതെ നോക്കിയത്. എന്നിട്ടും 10 വാഹനങ്ങളിലേക്കു തീ പടർന്നു. കല്ലടിക്കോട് പൊലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. 30 വർഷങ്ങൾക്കു മുൻപു സിനിമാ തിയറ്റർ കത്തിയ സംഭവത്തിനു ശേഷം കല്ലടിക്കോട് കാണുന്ന എറ്റവും വലിയ അഗ്നിബാധയാണ് ഇന്നലെയുണ്ടായത്. വിവിധ ഫയർ യൂണിറ്റുകളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ഏറെ ശ്രമപ്പെട്ടാണ് തീ അണച്ചത്.