നെല്ലുവില വിതരണം: നടപടി തുടങ്ങി; നവംബർ 15 വരെ അംഗീകരിച്ച പിആർഎസുകളിൽ ഉടൻ വില ലഭിക്കും
Mail This Article
പാലക്കാട് ∙ സംസ്ഥാനത്ത് ഒന്നാംവിളയിൽ സംഭരിച്ച നെല്ലിന്റെ വില വിതരണത്തിനു സപ്ലൈകോ ബാങ്കുകൾക്കു നിർദേശം നൽകി. ഘട്ടംഘട്ടമായാണു വില അക്കൗണ്ടിലേക്ക് നൽകുക. ആദ്യഘട്ടത്തിൽ നവംബർ 15 വരെ പിആർഎസ് അംഗീകരിച്ച കൃഷിക്കാർക്ക് ഉടൻ വില നൽകിത്തുടങ്ങും. കർഷകർ പിആർഎസുമായി ബാങ്കിലേക്ക് പോകുന്നതിനു മുൻപ് പാഡി മാർക്കറ്റിങ് ഓഫിസറും പേയ്മെന്റ് ഓഫിസറും അത് അംഗീകരിച്ചിട്ടുണ്ടെന്ന് (വെരിഫൈ ചെയ്തിട്ടുണ്ടെന്ന്) ഉറപ്പാക്കണം. സപ്ലൈകോ സൈറ്റിൽ പിആർഎസ് നമ്പർ അടിച്ചാൽ ഇക്കാര്യം പരിശോധിക്കാനാകും.
നെല്ലെടുപ്പിൽ കേന്ദ്രത്തിൽ നിന്നു ലഭിച്ച 73 കോടി രൂപ ഉപയോഗിച്ചാണ് ആദ്യഘട്ട തുക വിതരണം. നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കേരളം 500 കോടി രൂപയുടെ കണക്കാണു കേന്ദ്രത്തിനു സമർപ്പിച്ചിരുന്നതെങ്കിലും നിലവിൽ 73 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്രം ഉന്നയിക്കുന്ന കാര്യങ്ങൾക്കു വിശദീകരണം നൽകുന്നതോടെ ബാക്കി തുക കൂടി അനുവദിക്കുമെന്ന പ്രതീക്ഷയിലാണു സംസ്ഥാനം. അതേസമയം കേരള സർക്കാർ നെല്ലെടുപ്പിന് അനുവദിച്ച 175 കോടി രൂപ ഇനിയും വില വിതരണത്തിനു ലഭ്യമായിട്ടില്ല. ഇതും താമസിയാതെ ലഭിക്കുമെന്നാണു പ്രതീക്ഷ.
മുൻകാലങ്ങളിൽ സിവിൽ സപ്ലൈസ് കോർപറേഷന്റെ മറ്റു വരുമാന മാർഗങ്ങളിൽ നിന്നുൾപ്പെടെ തുക കണ്ടെത്തി പരമാവധി വേഗത്തിൽ നെല്ലു വില നൽകാൻ ശ്രമം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അത്തരം വരുമാനമാർഗങ്ങളും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന തുക ഉപയോഗിച്ചു മാത്രമേ നെല്ലുവില നൽകാനാകൂ. മുൻകാല പിആർഎസ് വായ്പ ഇനത്തിലേക്ക് സപ്ലൈകോ എത്ര കോടി രൂപ തിരിച്ചടയ്ക്കുന്നുവോ അതിന് ആനുപാതിക തുകയാണ് നെല്ലുവില വിതരണത്തിന് ബാങ്ക് കൺസോർഷ്യം അനുവദിക്കുക. കേരളം അനുവദിച്ച തുക കൂടി ഉടൻ ലഭിച്ചാൽ 248 കോടി രൂപ നെല്ലുവിലയായി കൃഷിക്കാർക്കു നൽകാൻ കഴിയും. ബാക്കി ഗഡു തുകയും സർക്കാർ ഉടൻ അനുവദിക്കേണ്ടതുണ്ട്.