വീട്ടുമുറ്റത്തു പുലി, പുറത്തിറങ്ങാൻ പേടി; മായാപുരം, മേലെ ധോണി പ്രദേശങ്ങളിലുള്ളവർ ഭീതിയിൽ
Mail This Article
പാലക്കാട് ∙ മായാപുരം, മേലെ ധോണി പ്രദേശങ്ങളിലുള്ളവരുടെ ഉറക്കം നഷ്ടമായിട്ടു ദിവസങ്ങളായി. എപ്പോൾ വേണമെങ്കിലും പുലിയുടെ മുൻപിൽ പെടാമെന്ന പേടിയിലാണ് ഇവിടെയുള്ളവർ. ഒരാഴ്ചയ്ക്കിടെ ധോണിയിലെ വിവിധ ഭാഗങ്ങളിൽ പുലി ഇറങ്ങി വളർത്തു മൃഗങ്ങളെ ആക്രമിച്ചു. ഇന്നലെ പുലർച്ചെ മേലെ ധോണി മൂത്തൻകാട്ടിൽ പി.ടി.അപ്പുവിന്റെ ആടിനെ പുലി ആക്രമിച്ചു. ആടിന്റെ കഴുത്തിലും കാലിലും മുറിവുപറ്റിയിട്ടുണ്ട്. നായ്ക്കൾ കൂട്ടമായി കുരച്ചുകൊണ്ട് എത്തിയതോടെ ആടിനെ പുലി ഉപേക്ഷിക്കുകയായിരുന്നു. വീടിനു മുറ്റത്തു പുലിയുടെ കാൽപാടുകൾ ഉണ്ടായിരുന്നതായി പി.ടി.അപ്പു പറഞ്ഞു.
ഞായറാഴ്ച മായാപുരം അറയ്ക്കൽ സോളമന്റെ വീട്ടുമുറ്റത്തു കിടന്നിരുന്ന നായയെയും പുലി ആക്രമിച്ചു. നായ്ക്കൾ നിർത്താതെ കുരയ്ക്കുന്നതു ശ്രദ്ധയിൽപെട്ടതോടെ സോളമൻ ജനലിലൂടെ നോക്കിയപ്പോൾ പുലി ഓടിമറയുന്നതു കണ്ടു. നായയുടെ കാലിലും മുറിവുണ്ട്. കഴിഞ്ഞ ദിവസം സോളമന്റെ വീടിനു സമീപത്തെ എം.എ.ജയശ്രീയുടെ വീട്ടിലെ കോഴിയെ പുലി കടിച്ചുകൊണ്ടുപോയിരുന്നു. ഇവിടെ കോഴികളെ കാണാതാവുന്നതു പതിവായതോടെ സിസിടിവി പരിശോധിച്ചപ്പോഴാണു പുലി കൊണ്ടുപോകുന്ന ദൃശ്യം കണ്ടത്. മേലെ ധോണിയിലെ അപ്പുവിന്റെ വീട്ടിൽ ഒന്നര വയസ്സുകാരി ഉൾപ്പെടെ താമസിക്കുന്നതു ചെറിയ ഷെഡിലാണ്. പുലി വീട്ടുമുറ്റത്ത് എത്തി ആടിനെ ആക്രമിച്ചതോടെ കുടുംബം ആശങ്കയിലാണ്.
ഇരുട്ടായാൽ വീടിനു പുറത്തേക്ക് ഇറങ്ങാൻ പേടിയാണെന്നു കുടുംബാംഗങ്ങൾ പറയുന്നു. തൊട്ടടുത്ത വീടുകളിൽ ഉള്ളവരും ആശങ്കയോടെയാണു കഴിയുന്നത്. പുലി, ചെന്നായ, കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്യം ജനവാസ മേഖലയിൽ പതിവാണ്. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികളെ ചെന്നായ ഓടിച്ചതായും നാട്ടുകാർ പറഞ്ഞു. കാട്ടാനയും കാട്ടുപന്നിയും മേഖലയിൽ കൃഷി നശിപ്പിക്കുന്നതും പതിവാണ്. വളർത്തു മൃഗങ്ങളെ ഉൾപ്പെടെ പുലി പിടിക്കാൻ തുടങ്ങിയതോടെ ജനം ആശങ്കയിലാണ്. വളർത്തുമൃഗങ്ങളെ പുലി ആക്രമിക്കാൻ തുടങ്ങിയതോടെ ജീവിക്കാനുള്ള വക ഇല്ലാതായതായി പ്രദേശവാസികൾ പറയുന്നു.
വീടിനു പുറത്തേക്ക് ഇറങ്ങാൻ തന്നെ പേടിയാണ്. കുട്ടികൾ സ്കൂളും ട്യൂഷൻ ക്ലാസുകളും കഴിഞ്ഞ് വീട്ടിൽ എത്താൻ വൈകിയാൽ ഉള്ളിൽ ഭയമാണെന്ന് ഇവർ പറയുന്നു. ധോണി മായാപുരത്തെ കരിങ്കൽ ക്വാറിയുടെ ചുറ്റും വലിയ രീതിയിൽ കാടു വളർന്നു നിൽക്കുന്നതു ചെന്നായ്ക്കളും പുലിയും ജനവാസ മേഖലയിലേക്ക് എത്തുന്നതിനു കാരണമാകുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. ക്വാറിയോടു ചേർന്ന സ്വകാര്യ ഭൂമിയിൽ വളർന്ന കാടു വെട്ടിത്തെളിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ക്യാമറ സ്ഥാപിച്ചു
ധോണിയിൽ പുലിയെ കണ്ട രണ്ടു സ്ഥലങ്ങളിലും വനം വകുപ്പ് ഇന്നലെ ക്യാമറകൾ സ്ഥാപിച്ചു. ക്യാമറ നിരീക്ഷിച്ച ശേഷം കൂടു സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ ജനവാസ മേഖലയിൽ പുലി ഇറങ്ങിയിട്ടും വനം വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.