ഷൊർണൂർ ആർഎംഎസ്ഓഫിസ് അടച്ചുപൂട്ടി; ഇല്ലാതാകുന്നത് കേരളത്തിലെ ആദ്യ ഓഫിസ്
Mail This Article
ഷൊർണൂർ∙ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിച്ചു വന്നിരുന്ന റെയിൽവേ മെയിൽ സർവീസ് ഓഫിസ് അടച്ചുപൂട്ടി. 30 താൽക്കാലിക ജീവനക്കാർക്ക് ജോലി നഷ്ടമായി. ഞായർ രാത്രിയോടെ മുഴുവൻ സാധനസാമഗ്രികളും പാലക്കാട്, തിരൂർ, കോഴിക്കോട് ഓഫിസുകളിലേക്ക് മാറ്റി. റജിസ്ട്രേർഡ് തപാൽ ഉരുപ്പടികൾ സ്പീഡ് തപാൽ ഉരുപ്പടികളുമായി ലയിപ്പിച്ച് സ്‌പീഡ് പോസ്റ്റ് ഹബ്ബുകളിലേക്ക് മാറ്റാനുള്ള തപാൽ വകുപ്പിന്റെ നടപടിക്രമത്തിന്റെ ഭാഗമായാണ് ഷൊർണൂരിലെ ആർഎംഎസ് ഓഫിസ് പൂട്ടിയത്. ഷൊർണൂർ ഓഫിസിൽ ജോലി ചെയ്തിരുന്ന 55 ജീവനക്കാരെ തിരൂർ, പാലക്കാട്, കോഴിക്കോട് ഡിവിഷനുകളിലേക്കും സ്ഥലം മാറ്റി.
ഷൊർണൂർ റെയിൽവേ ജംക്‌ഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. ഈ മാസം 31 ന് ഓഫിസ് റെയിൽവേക്ക് കൈമാറാനാണ് നിർദേശം. തിരുവനന്തപുരം മുതൽ എത്തുന്ന ബാഗുകൾ ഇനി ഷൊർണൂരിൽ ഇറക്കുകയും അവിടെ നിന്ന് രാത്രി പാലക്കാട്ടേക്കു കയറ്റിവിടുകയും വേണം. ഇവയെല്ലാം പാലക്കാട്ടു നിന്ന് നടപടികൾ പൂർത്തീകരിച്ച ശേഷം മാത്രമാണ് വീണ്ടും ഷൊർണൂരിലേക്ക് അയയ്ക്കുക. ഷൊർണൂർ ആർഎംഎസ്സിനു കീഴിൽ 54 പോസ്റ്റ് ഓഫിസാണ് ഉൾപ്പെടുന്നത്. വി.കെ. ശ്രീകണ്ഠൻ എംപി, പി. മമ്മിക്കുട്ടി എംഎൽഎ, തുടങ്ങിയവർ ഷൊർണൂർ ആർഎംഎസ് ഓഫിസ് നിലനിർത്താൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ജീവനക്കാർ ഉൾപ്പെടെ വിവിധ സമരങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ദിവസേന 2500 മുതൽ 3500 വരെ റജിസ്ട്രേഡ് തപാൽ ഉരുപ്പടികളാണ് ഷൊർണൂർ ആർഎംഎസ് ഓഫിസിനു കീഴിൽ കൈകാര്യം ചെയ്‌ത് വന്നിരുന്നത്. ആയിരത്തോളം ബാഗുകളും ട്രാൻസിസ്റ്റ് മെയിൽ ഓഫിസ് മുഖേന ക്രയവിക്രയം നടത്തിയിരുന്നു. മാസത്തിൽ ഒരു ലക്ഷത്തോളം രൂപ റജിസ്ട്രേർഡ് ബുക്കിങ് ഇനത്തിലും തപാൽ വകുപ്പിനു ലഭിച്ചിരുന്നു. പതിനയ്യായിരത്തോളം സെക്കൻഡ് ക്ലാസ് തപാൽ ഉരുപ്പടികളും ഓഫിസിൽ കൈകാര്യം ചെയ്തിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ബുക്കിങ് കൗണ്ടർ ഓഫിസാണ് അടച്ചുപൂട്ടിയത്. 1950 കളിൽ മദ്രാസ് ഡിവിഷന് കീഴിൽ ആരംഭിച്ച ഷൊർണൂരിലെ ഓഫിസ് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ആർഎംഎസ് ഓഫിസാണ്. ഒരു കാലത്ത് കേരള സർക്കിളിലെ പാഴ്സൽ കോൺസൻട്രേഷൻ സെന്ററായിരുന്നു ഓഫിസ്. മൂവായിരത്തോളം പാഴ്സൽ ബാഗും ഉരുപ്പടികളും കൈകാര്യംചെയ്‌തിരുന്നു. പത്തു വർഷം മുൻപ് തൃശൂരിൽ പാഴ്സൽ ഹബ് തുടങ്ങി ഉരുപ്പടികളുടെ ക്രയവിക്രയം ഇവിടെ നിന്നു മാറ്റി. സംസ്ഥാനത്തിനകത്തും രാജ്യത്തെ വിവിധ പ്രദേശങ്ങളിലേക്കും തപാൽ ഉരുപ്പടികൾ വളരെ വേഗം ട്രെയിനുകളിൽ അയയ്ക്കാൻ സൗകര്യമുള്ള ഓഫിസാണ് ഷൊർണൂരിൽ ചരിത്രമാകുന്നത്.
സ്പീഡ് പോസ്റ്റിന് വേഗം കുറയും
∙പുതിയ രീതിയിൽ സ്പീഡ് പോസ്റ്റും, റജിസ്റ്റേർഡ് പോസ്റ്റും ഒരേ സ്ഥലത്തു നിന്നു വേണം അയയ്ക്കാൻ. ഇത് സപീഡ് പോസ്റ്റിന്റെ വേഗം കുറയാൻ കാരണമാകും എന്നാണ് ജീവനക്കാർ പറയുന്നത്. 41 രൂപയാണ് സ്പീഡ് പോസ്റ്റിന് ഈടാക്കുന്ന ചാർജ്. ഇന്ത്യയ്ക്കകത്ത് 3 മുതൽ 4 ദിവസത്തിനുള്ളിൽ വരെ എത്തുന്നതാണ് രീതി. റജിസ്ട്രേർഡ് മെയിലാകട്ടെ 5 മുതൽ 7 ദിവസത്തിനുള്ളിൽ കിട്ടും.
ഒറ്റപ്പാലം ആർഎംഎസ് ഓഫിസ് ഇനി ഓർമ; പാലക്കാട് ഇൻട്രാ സർക്കിൾ ഹബ്ബുമായി ലയിപ്പിച്ചു
ഒറ്റപ്പാലം∙ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ആർഎംഎസ് (റെയിൽ മെയിൽ സർവീസ്) ഓഫിസ് ചരിത്രത്തിലേക്ക്. പാലക്കാട് ഇൻട്രാ സർക്കിൾ ഹബ്ബുമായി ലയിപ്പിച്ചതോടെയാണ് ഓഫിസിനു താഴുവീണത്. ഇതോടെ ഒറ്റപ്പാലം ഭാഗത്തേക്കുള്ള റജിസ്റ്റേർഡ് ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾ മേൽവിലാസങ്ങളിലെത്താൻ കാലതാമസമെടുക്കുമെന്നാണ് ആശങ്ക. എൽ-2 വിഭാഗത്തിൽ ഉൾപ്പെടുന്ന ഒറ്റപ്പാലം ആർഎംഎസ് ഓഫിസിനെയാണു പാലക്കാട്ടെ ഓഫിസിൽ ലയിപ്പിച്ചത്. ഇതിനു പുറമേ, തപാൽ ബുക്കിങ് കൗണ്ടറിന്റെ പ്രവർത്തനവും നിലച്ചു. ഇനി ഈ സേവനം പാലക്കാട്ട് മാത്രമേ ലഭ്യമാകൂ. ഒറ്റപ്പാലം ആർഎംഎസ് ഓഫിസിന്റെ പ്രവർത്തനം നിലച്ചതോടെ ഇവിടെ ജോലി ചെയ്തിരുന്ന 14 സ്ഥിരം ജീവനക്കാരെ സ്ഥലം മാറ്റി. 12 പേരെ പാലക്കാട്ടേക്കും 2 പേരെ കോഴിക്കോട്ടേക്കുമാണു മാറ്റിയത്. താൽക്കാലിക ജീവനക്കാരായ 5 പേർക്കു ജോലി നഷ്ടപ്പെട്ടു.
പ്രതിമാസം ആയിരത്തിഅഞ്ഞൂറോളം തപാലുകളാണ് ഒറ്റപ്പാലത്ത് എത്തിയിരുന്നത്. കേന്ദ്ര കമ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ ഉത്തരവു പ്രകാരം ഒറ്റപ്പാലം ഉൾപ്പെടെ സംസ്ഥാനത്തെ 12 എൽ–2 വിഭാഗത്തിലുള്ള ആർഎംഎസ് ഓഫിസുകളാണു സമീപത്തെ ഇൻട്രാ സർക്കിൾ ഹബ്ബുമായി ലയിപ്പിച്ചത്. ഒറ്റപ്പാലം ഓഫിസിൽ ചെയ്തിരുന്ന, റജിസ്റ്റേർഡ് കത്തുകളുടെയും സാധാരണ കത്തുകളുടെയും തരംതിരിക്കൽ ഉൾപ്പെടെയുള്ള ജോലികൾ ഇതോടെ പാലക്കാട്ടേക്കു മാറി. പാലക്കാട്ടു നിന്നു റോഡ് മാർഗം വേണം ഇനി ഉരുപ്പടികൾ ഒറ്റപ്പാലത്തും സമീപപ്രദേശങ്ങളിലുമെത്താൻ. ഇതു തപാൽ വിതരണത്തിന്റെ വേഗത്തെ ബാധിക്കുമെന്നതാണ് ആശങ്ക. സാങ്കേതികമായി പ്രവർത്തനം നിർത്തിയ ഓഫിസിലെ സാമഗ്രികൾ കൂടി മാറ്റുന്നതോടെ ഒറ്റപ്പാലം ആർഎംഎസ് പൂർണമായും ചരിത്രത്തിന്റെ ഭാഗമാകും.