എലപ്പുള്ളിയിൽ പിടികൂടിയ സ്പിരിറ്റ് പുതുവത്സരാഘോഷം ലക്ഷ്യമാക്കി വ്യാജമദ്യം നിർമിക്കാൻ എത്തിച്ചത്
Mail This Article
എലപ്പുള്ളി ∙ മിനിലോറിയിലും കാറുകളിലുമായി കടത്തുന്നതിനിടെ എലപ്പുള്ളിയിൽ പൊലീസ് പിടികൂടിയ സ്പിരിറ്റ് കേരളത്തിലേക്കു കൊണ്ടുവന്നതു പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള വ്യാജമദ്യ നിർമാണം ലക്ഷ്യമാക്കിയെന്നു പൊലീസ്. കൊഴിഞ്ഞാമ്പാറയിലെ തെങ്ങിൻതോപ്പിലെത്തിച്ചു കള്ളിലും മറ്റു മിശ്രിതങ്ങളിലും ചേർത്താണു വീര്യം കൂടിയ മദ്യം നിർമിക്കാൻ പദ്ധതിയിട്ടത്. പ്രതികളുടെ ഫോണുകളിൽ നിന്നു വിദേശമദ്യ സ്റ്റിക്കറുകളും ഹോളോഗ്രാമുകളും നിർമിക്കുന്നതിനുള്ള ഓർഡറുകളുടെ ഫോട്ടോകളും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയുള്ള ചോദ്യം ചെയ്യലിലും ഇക്കാര്യം സ്ഥിരീകരിക്കുന്ന വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചു. കൊഴിഞ്ഞാമ്പാറയിലെ കള്ളുഷാപ്പിൽ വ്യാജ മദ്യം നിർമിച്ചു തമിഴ്നാട്ടിലേക്ക് ഉൾപ്പെടെ എത്തിക്കാനായിരുന്നു ശ്രമം.
ഇതിനായി പ്രതികൾ പ്രത്യേക പരിശീലനവും നേടിയെടുത്തിട്ടുണ്ടെന്നാണു വിവരം. ബെംഗളൂരുവിൽ നിന്നാണു സ്പിരിറ്റ് എത്തിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ പൂർത്തിയായാലേ ഇതുസംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ. കേസിൽ അറസ്റ്റിലായ 5 പ്രതികളെയും ഇന്നലെ റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അടുത്ത ദിവസം തന്നെ അപേക്ഷ നൽകും.ഞായറാഴ്ച പുലർച്ചെ എലപ്പുള്ളി അംബുജം സ്റ്റോപ്പിൽ വച്ചാണു കാലിത്തീറ്റച്ചാക്കുകൾക്ക് അടിയിലായി ഒളിപ്പിച്ചു കടത്തിയ 3500 ലീറ്റർ സ്പിരിറ്റുമായി 5 പേരെ സൗത്ത് പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. സൗത്ത് പൊലീസ് ഇൻസ്പെക്ടർ എ.ആദംഖാനാണ് അന്വേഷണച്ചുമതല.