ഒരു കിലോ മുരിങ്ങക്കായയ്ക്ക് മൊത്തവില 400 രൂപ; പച്ചക്കറിക്കു തീവില
Mail This Article
പാലക്കാട് ∙ ഒരു കിലോ മുരിങ്ങക്കായയുടെ മൊത്തവില 400 രൂപ. ചില്ലറവില 500 രൂപയ്ക്കടുത്തെത്തി. കഴിഞ്ഞ മാസം കിലോയ്ക്ക് 100 രൂപയായിരുന്നു. തമിഴ്നാട്ടിൽ മഴ കനത്ത നാശം വിതച്ചതോടെയാണു പച്ചക്കറി വില കുത്തനെ ഉയർന്നത്. വലിയ ഉള്ളി (വെള്ള ഇനം) കിലോയ്ക്ക് 80 രൂപയാണു വില. നേരത്തെ 50–60 രൂപയായിരുന്നു. മഹാരാഷ്ട്രയിൽ നിന്നാണ് പ്രധാനമായും ഈ ഇനം ഉള്ളി എത്തുന്നത്. ചുവന്ന ഉള്ളി കിലോയ്ക്ക് 50 രൂപയാണു വില. ഈയിടെ 10 രൂപ കൂടി.
വലിയ ഉള്ളിയിൽ വെള്ള ഇനത്തിലാണ് ഗുണവും രുചിയും ആവശ്യക്കാരും ഏറെയുള്ളതെന്നു വ്യാപാരികൾ പറയുന്നു. പയറിനു 30 രൂപയാണു വില. ബീൻസ്, ബീറ്റ്റൂട്ട് ഇനങ്ങൾക്ക് 60–65 രൂപയുണ്ട്. നേരത്തെ 40–50 രൂപയായിരുന്നു. മത്തൻ, കുമ്പളം വില 15 മുതൽ 20, ചേനയ്ക്ക് 40–45 ,വെണ്ടക്ക 35 രൂപയാണു വില. തക്കാളി 30–35ൽ നിന്ന് 45 രൂപയായി.ഊട്ടി ഉരുളക്കിഴങ്ങിന് 45–50ൽ നിന്ന് 60 രൂപയായി. കാബേജ് 20, വഴുതന 30, ചെറിയ ഉള്ളി 70 എന്നിങ്ങനെയാണു വില.
ഇഞ്ചി, പച്ചമുളക് വില കുറഞ്ഞു
∙ഇഞ്ചിവില കിലോയ്ക്ക് 100ൽ നിന്ന് 50 രൂപയിലെത്തി. പച്ചമുളകു വില 60ൽ നിന്ന് 35ലെത്തി. പ്രാദേശികമായി ലഭിക്കുന്ന കൂർക്കയുടെ വില 60–65 രൂപയാണ്.
നേന്ത്രക്കായ വില വീണ്ടും കൂടി
∙നേന്ത്രക്കായ വിപണിയിൽ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 63 രൂപയാണു മൊത്തവില. ചില്ലറവില 70 കടക്കും. തമിഴ്നാട്ടിൽ നിന്നാണു പ്രധാനമായും പാലക്കാട്ടേക്കു നേന്ത്രക്കായ എത്തുന്നത്. അവിടെ ശക്തമായ മഴയിൽ വാഴക്കൃഷിക്കും കനത്ത നാശം നേരിട്ടിരുന്നു. ഇതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം. 5 ദിവസത്തിനിടെ കിലോയ്ക്ക് 8 രൂപയാണു വർധിച്ചത്.
പൊള്ളാച്ചി മാർക്കറ്റിൽ വില വർധിച്ചു
പൊള്ളാച്ചി ∙ പുറംനാടുകളിൽ നിന്നു പച്ചക്കറി വരവു കുറഞ്ഞതോടെ കിണത്തുക്കടവ് മാർക്കറ്റിൽ പച്ചക്കറിവില വർധിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ പ്രധാന പച്ചക്കറി ഇനങ്ങളുടെ വിലയിൽ ഇരട്ടിയിലധികമാണ് വർധനയുണ്ടായത്. വിളവെടുക്കാൻ പാകമായ പച്ചക്കറികൾ കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള കാരണങ്ങളാൽ നശിച്ചതാണ് വിലവർധനയ്ക്കു പ്രധാന കാരണം.ഉൽപാദനം കുറഞ്ഞതോടെ ഒട്ടൻഛത്രം, പഴനി, മധുര, ഡിണ്ടിഗൽ, ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്നു പ്രധാന മാർക്കറ്റായ ഗാന്ധി മാർക്കറ്റിലേക്കുള്ള പച്ചക്കറി വരവു വൻതോതിൽ കുറഞ്ഞു. ഇവിടെ നിന്നു കേരളത്തിലേക്കു കൊണ്ടുപോകുന്ന പച്ചക്കറിയിലും വൻകുറവ് ഉണ്ടായി. പൊള്ളാച്ചി താലൂക്കിലും പരിസരപ്രദേശങ്ങളിലും കൃഷിചെയ്യുന്ന പ്രധാന വിളകളായ പടവലം, പാവയ്ക്ക, അമര, തക്കാളി, വെണ്ട, വഴുതന തുടങ്ങിയവയുടെ ഉൽപാദനവും വൻതോതിൽ കുറഞ്ഞു.