ADVERTISEMENT

ധോണി ∙ പുലിഭീതിയിലായ മായാപുരത്തും മേലേ ധോണി മേഖലയിലും വനംവകുപ്പ് കൂടും 2 ഇടങ്ങളിൽ കൂടി നിരീക്ഷണ ക്യാമറയും സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കോഴിയെ പിടികൂടിയ എം.എ.ജയശ്രീയുടെ വീട്ടുമുറ്റത്താണു കോഴിക്കൂടിനോടു ചേർന്നു പുലിയെ പിടികൂടാനുള്ള കൂടും നിരീക്ഷണ ക്യാമറയും ഒരുക്കിയത്. ഇവരുടെ വീട്ടു മുറ്റത്ത് രണ്ടിടങ്ങളിലും കൂട്ടിനുള്ളിലും നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇവിടെയുള്ള കോഴിക്കൂട്ടിൽ നിന്നു കോഴിയെ പിടിച്ചുക്കൊണ്ടുപോവുന്ന സിസിടിവി ദൃശ്യങ്ങൾ വനംവകുപ്പിനു ലഭിച്ചിരുന്നു. പുലി സ്ഥിരമായി ഇവിടെ എത്തുന്നുണ്ടെന്ന നിഗമനത്തിലാണ് തൽക്കാലം ഇവിടെ മാത്രം പുലിക്കെണിയോടെയുള്ള കൂട് സ്ഥാപിച്ചത്. ഇവിടെ നടത്തിയ പരിശോധനയിൽ നേരത്തെ പുലിയുടെ കാൽപാടുകളും കണ്ടെത്തിയിരുന്നു. നിരീക്ഷണം ശക്തമാക്കി അടുത്ത ദിവസങ്ങളിൽ ആവശ്യമെങ്കിൽ മറ്റിടങ്ങളിലും കൂട് സ്ഥാപിക്കും.

ആർആർടിയാണ് കൂട് സ്ഥാപിക്കാനുള്ള നടപടികൾ ഏകോപിപ്പിച്ചത്. ആർആർടി ടീമിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരുടെ ഫോണുകളിലും ഓഫിസിലും നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. 24 മണിക്കൂറും ആർആർടി ഓഫിസ് പ്രവർത്തിക്കുന്നതിനാൽ ഇവിടെ പ്രത്യേകമായി 2 ഉദ്യോഗസ്ഥരെ മായാപുരത്തെ ക്യാമറ നിരീക്ഷണത്തിനായും നിയോഗിച്ചിട്ടുണ്ട്.

ഒലവക്കോട് റേഞ്ച് ഓഫിസർ ഇമ്രോസ് ഏലിയാസ് നവാസ്,  ആർആർടി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റർ  രജിത്ത് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് നാട്ടുകാരെ ഭീതിയിലാക്കി പുലിയുടെ സാന്നിധ്യമുണ്ട്. വിവിധ ഭാഗങ്ങളിൽ പുലിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾക്കു പരുക്കേറ്റിട്ടുണ്ട്. മേലേ ധോണി മൂത്തൻകാട്ടിൽ പി.ടി.അപ്പുവിന്റെ ആടിനും പരുക്കേറ്റിട്ടുണ്ട്. 

ആടിന്റെ കഴുത്തിനും കാലിനും മുറിവേറ്റിട്ടുണ്ട്.  മായാപുരം അറയ്ക്കൽ സോളമന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന വളർത്തു നായയുടെ കാലിന് പുലിയെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. പ്രദേശത്തുള്ളവർക്ക് സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവരും രാത്രി ഡ്യൂട്ടിയുള്ളവരും പുലി ഭീതിയിൽ ജോലിക്കു പോവാനാവാതെ ആശങ്കയിലാണ്. 

English Summary:

Leopard surveillance efforts have been stepped up in Mayapuram and Dhoni, Kerala, following a suspected attack. The Forest Department has installed surveillance cameras at two new locations, including one near a chicken coop where a tiger is believed to have taken a chicken.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com