പ്രതീക്ഷ പൂത്തുലഞ്ഞു മാംഗോ സിറ്റി: മാവുകൾ പൂവിട്ടു; മികച്ച വിളവുപ്രതീക്ഷിച്ച് കർഷകരും വ്യാപാരികളും
Mail This Article
മുതലമട ∙ മാമ്പൂവിൽ പ്രതീക്ഷയുമായി മാംഗോ സിറ്റിയുടെ മാമ്പഴക്കാലം. മുൻ വർഷങ്ങളിൽ പൂവിടാതിരുന്ന മാവുകളടക്കം പൂവിട്ടതോടെ കർഷകർക്കും വ്യാപാരികൾക്കും തൊഴിലാളികൾക്കും ഒരുപോലെ പ്രതീക്ഷയാണ്. വാളയാർ മുതൽ ചെമ്മണാംപതി വരെയുള്ള മാവിൻതോട്ടങ്ങളിൽ അൽഫോൻസ (ആപ്പൂസ്), ബങ്കനപ്പള്ളി, ശെന്തൂരം, കാലാപാടി, ഹിമാപസന്ത്, ദോത്താപുരി (കിളിമൂക്ക്), മൂവാണ്ടൻ, മൽഗോവ, ശർക്കരക്കുട്ടി, പ്രിയൂർ, നീലം, ഗുധാദത്ത്, മല്ലിക എന്നിവയുൾപ്പെടെയുള്ള മാവുകളാണു ഡിസംബർ ആദ്യം തന്നെ പൂവിട്ടിരിക്കുന്നത്.
ഒക്ടോബർ–നവംബർ മാസങ്ങളിൽ വന്ന പൂക്കൾ കൊഴിഞ്ഞുപോയെങ്കിലും മാവുകൾ വീണ്ടും പൂവിട്ടതോടെ കർഷകരും വ്യാപാരികളും ആശ്വാസത്തിലാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ 50 ശതമാനം മാവുകളും പൂവിടാതിരുന്നതും കീടബാധയും കാരണം ഉൽപാദനം ശുഷ്കമായതു മാങ്ങ വിപണിയെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ പൂവിട്ടതെല്ലാം മാങ്ങയായാൽ അതിനെയെല്ലാം മറികടക്കാൻ കഴിയുമെന്നു മാവു കർഷകനായ വി.മോഹൻകുമാർ പറഞ്ഞു.
കഴിഞ്ഞ വർഷം ഉൽപാദനം 10 ശതമാനത്തിനടുത്തു മാത്രമായതിനാൽ 500 കോടിയിലധികം രൂപയുടെ നഷ്ടമാണു മുതലമട മാംഗോ സിറ്റിക്കുണ്ടായത്. ഇപ്പോൾ പൂത്ത പൂവുകളെല്ലാം ഫെബ്രുവരി പകുതിയോടെ മാങ്ങയായി വിപണിയിലെത്തിക്കാൻ കഴിയും. എന്നാൽ ചില തോട്ടങ്ങളിലെങ്കിലും പൂക്കളിൽ കായ് സാധ്യത കുറവായി കാണുന്നുവെന്ന ആശങ്ക കർഷകനായ ജി.വിൻസെന്റ് പങ്കുവയ്ക്കുന്നു.
ഇത്തവണ ഒക്ടോബർ അവസാനം പൂക്കുകയും കൊഴിയാതെ നിൽക്കുകയും ചെയ്ത തോട്ടങ്ങളിൽ നിന്നുള്ള മാങ്ങ ഇപ്പോൾ ഉത്തരേന്ത്യൻ വിപണികളിലേക്കു കയറ്റി അയയ്ക്കുന്നുണ്ട്.രാജ്യത്ത് ആദ്യം വിളയുന്നതിന്റെ പെരുമയുള്ള മുതലമട മാമ്പഴത്തിനു കൊൽക്കത്ത, ഇൻഡോർ, ഡൽഹി, അഹമ്മദാബാദ്, മുംബൈ വിപണികളിൽ മികച്ച വില ലഭിക്കും. ഗൾഫ്, യൂറോപ്യൻ വിപണികളിലും ആവശ്യക്കാർ ഏറെയുണ്ട്. വലിയ വിളവ് ഇത്തവണ ലഭിക്കുമെന്ന പ്രതീക്ഷയിലാണു മാവുകർഷകരും വ്യാപാരികളും.