21 ദിവസം മുൻപു കാണാതായ വീട്ടമ്മയ്ക്കായി തിരച്ചിൽ തുടരുന്നു
Mail This Article
നെന്മാറ∙ 21 ദിവസം മുൻപു കാണാതായ വീട്ടമ്മയ്ക്കു വേണ്ടിയുള്ള തിരച്ചിലിൽ ആശങ്കയേറി. ഒലിപ്പാറ പൈതല പരേതനായ കറുപ്പന്റെ ഭാര്യ തങ്ക (70) വനമേഖലയിലേക്കു കടന്നു പോകുന്നതു കണ്ടെന്ന വിവരമാണ് ആശങ്ക വർധിപ്പിച്ചത്. പലപ്പോഴും വീട്ടിൽ നിന്ന് അലക്ഷ്യമായി ഇറങ്ങി നടക്കുന്ന സ്വഭാവം ഉണ്ടായിരുന്നെന്നു പൊലീസ് ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ പറഞ്ഞു. 2 മാസം മുൻപു തങ്കയെ ഈ രീതിയിൽ കാണാതായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ വൈകാതെ കൊല്ലങ്കോട്ടു നിന്നു കണ്ടെത്തി വീട്ടുകാരെ ഏൽപിച്ചിരുന്നു.
എന്നാൽ നവംബർ 18ന് കണിമംഗലത്തെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം പൊലീസ് അറിഞ്ഞത് ഒരു ദിവസം വൈകിയാണ്. കരിമ്പാറ പൂഞ്ചേരി ഭാഗത്തു കാണാതായ വീട്ടമ്മയുമായി സാദൃശ്യമുള്ള ഒരാൾ വനമേഖലയിലേക്കു നടന്നു പോയെന്നു പ്രദേശത്തുള്ളവർ അറിയിച്ചതോടെയാണ് അന്വേഷണം ആ വഴിക്കു നീങ്ങിയത്. പ്രദേശത്തെ ഒരു വീട്ടിൽ നിന്നു വെള്ളം ചോദിച്ചെന്ന വിവരം ലഭിച്ചതോടെ നെന്മാറ പൊലീസും വനപാലകരും പൊലീസ് നായയുമായി പ്രദേശത്ത് ആദ്യഘട്ട തിരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല.
വനത്തിലേക്കു കടന്ന വീട്ടമ്മ മറ്റേതെങ്കിലും വഴിയിലൂടെ പുറത്തുവന്നോ എന്നു വ്യക്തമല്ല. വനത്തിൽ തന്നെ കാണാനാണു സാധ്യതയെന്ന കണക്കുകൂട്ടലിൽ പൊലീസ് തിങ്കളാഴ്ച ഡ്രോൺ ഉപയോഗിച്ചു തിരച്ചിൽ നടത്തി. കൊടുംവനമായതിനാൽ കൃത്യമായ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നു പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. വന്യമൃഗങ്ങൾ ഉള്ള കൊടുംവനത്തിൽ വീണ്ടും തിരച്ചിൽ നടത്താനുള്ള ആസൂത്രണമാണു നടത്തിവരുന്നതെന്നു സബ് ഇൻസ്പെക്ടർ പറഞ്ഞു.