ദേശീയപാത വികസിക്കുന്നു; ഗ്രാമീണ പാതകൾ ശോഷിക്കുന്നു
Mail This Article
കുമ്പിടി ∙ ദേശീയ പാത വികസനത്തിനായി കുന്നിടിച്ച് മണ്ണുമായി പോകുന്ന വലിയ ലോറികൾ ഗ്രാമീണ പാതകളെ തകർക്കുന്നു. ആനക്കര പഞ്ചായത്തിലെ മേലഴിയം കെ.സി.പടി ഭാഗത്തുനിന്ന് കുന്നിടിച്ചാണ് വലിയ ടോറസുകളിൽ മണ്ണു കയറ്റി ഗ്രാമീണ റോഡുകളിലൂടെ പോകുന്നത്.ഗ്രാമീണ പാതകൾക്കു താങ്ങാവുന്നതിലും പതിന്മടങ്ങ് ലോഡുമായി പോകുന്ന ഇത്തരം വാഹനങ്ങൾ റോഡ് പാടെ തകർക്കുന്നതോടൊപ്പം അപകടങ്ങൾക്കും വഴിവയ്ക്കുന്നതായി നാട്ടുകാർ പറയുന്നു.ആനക്കര എഡബ്ല്യുഎച്ച് കോളജിനു മുന്നിലൂടെ പോകുന്ന 700 മീറ്റർ പാതയാണ് തകർന്നിരിക്കുന്നത്. കോളജിനു മുന്നിൽ ഇത്തരം വാഹനങ്ങളുടെ യാത്ര അപകടസാധ്യതയും വർധിപ്പിക്കുന്നുണ്ട്.
റോഡിന്റെ ഇരുവശവും മെറ്റലുകൾ അടർന്ന്, അകന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ എതിരെ വരുന്ന ചെറുവാഹനങ്ങൾക്ക് അരികിലേക്ക് ഒതുക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. മഴയിൽ ഇൗ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതും യാത്ര ദുഷ്കരമാക്കുന്നുണ്ട്.പ്രദേശത്ത് മണ്ണെടുപ്പ് ആരംഭിച്ച് ഒന്നര മാസത്തിലധികമായെന്ന് നാട്ടുകാർ പറഞ്ഞു. മണ്ണെടുപ്പ് അവസാനിപ്പിച്ച് റോഡ് പുനർ നിർമിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.