ADVERTISEMENT

ഒറ്റപ്പാലം ∙ ത്രാങ്ങാലിയിലെ കവർച്ചാക്കേസിൽ വീണ്ടും വമ്പൻ ട്വിസ്റ്റ്. ആദ്യം 63 പവനും പണവും വിലയേറിയ വാച്ചും മോഷ്ടിക്കപ്പെട്ടെന്നും പിന്നീടു സ്വർണം അലമാരയിൽ സുരക്ഷിതമാണെന്നും കുടുംബം സ്ഥിരീകരിച്ച കേസിലാണു വീണ്ടും വഴിത്തിരിവ്. ഇപ്പോൾ പണത്തിനും വാച്ചിനും പുറമേ, 19 പവൻ സ്വർണം കൂടി നഷ്ടപ്പെട്ടിട്ടുണ്ടെന്ന പരാതിയുമായാണു ചെന്നൈയിൽ നിന്നു തിരിച്ചെത്തിയ വീട്ടമ്മ പൊലീസിനെ സമീപിച്ചത്. ത്രാങ്ങാലി മൂച്ചിക്കൽ ബാലകൃഷ്ണന്റെ വീട്ടിലെ കവർച്ച സംബന്ധിച്ച കേസിലാണു തു‌ടക്കം മുതൽ ആശയക്കുഴപ്പം.

ചെന്നൈയിൽ മകന്റെ വീട്ടിൽ നിന്നു തിരിച്ചെത്തി നടത്തിയ വിശദമായ പരിശോധനയ്ക്കു പിന്നാലെയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ 19 പവൻ കാണാനില്ലെന്നു പരാതി. കഴിഞ്ഞ 30നു രാവിലെ കവർച്ച പുറത്തറിഞ്ഞ ആദ്യ മണിക്കൂറുകളിൽ 63 പവൻ സ്വർണവും ഒരുലക്ഷം രൂപയും വാച്ചും കാണാതായെന്നാണു പുറത്തറിഞ്ഞത്. പിന്നീടു സ്വർണം പൂർണമായി അലമാരയിൽ സുരക്ഷിതമാണെന്നും പണവും വാച്ചും മാത്രമാണു പോയതെന്നുമായിരുന്നു ആശ്വാസവാർത്ത.

അന്നു പൊലീസ് ചെന്നൈയിലുള്ള വീട്ടമ്മയുമായി ഫോണിൽ സംസാരിച്ച ശേഷം അലമാരയിലെ രഹസ്യ അറ തുറന്നപ്പോൾ സ്വർണം സുരക്ഷിതമെന്നായിരുന്നു സ്ഥിരീകരണം. ഒരു ലക്ഷം രൂപയും വാച്ചും കവർന്നെന്ന പരാതിയിൽ അന്വേഷണം മുന്നോട്ടു പോകുന്നതിനിടെയാണു വീട്ടമ്മ ചെന്നൈയിൽ നിന്നു തിരിച്ചെത്തിയത്. വിശദമായ പരിശോധനയ്ക്കു പിന്നാലെയാണ് 19 പവൻ സ്വർണം കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. മകളുടെയും തന്റെയും ഉൾപ്പെടെ 63 പവൻ ആഭരണങ്ങൾ ഒന്നിച്ചല്ല സൂക്ഷിച്ചിരുന്നതെന്നും അലമാരയിൽ മറ്റൊരു അറയിലായിരുന്നു തന്റെ 19 പവനെന്നും ഇതു കാണാനില്ലെന്നുമാണ് ഇപ്പോഴത്തെ പരാതി.

ദമ്പതികളുടെ പാസ്പോർട്ടുകളും മറ്റൊരു വാച്ചും മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും പരാതിയുണ്ട്. നവംബർ 29നു രാത്രിയായിരുന്നു കവർച്ച. ബാലകൃഷ്ണൻ വീടു പൂട്ടി ഉറങ്ങാനായി കൂനത്തറയിലെ മകളുടെ വീട്ടിലേക്കു പോയതായിരുന്നു. പിറ്റേന്നു രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു വീടു കുത്തിത്തുറന്നുള്ള കവർച്ച ശ്രദ്ധയിൽപെട്ടത്.

അടിമുടി ആശയക്കുഴപ്പം: പഴുതടച്ച അന്വേഷണം
അടിമുടി ദുരൂഹമായ കവർച്ചാക്കേസിൽ പൊലീസ് അന്വേഷണത്തിലും വലിയ ആശയക്കുഴപ്പം. എങ്കിലും കേസിന്റെ അന്വേഷണം പഴുതടച്ചാണു പുരോഗമിക്കുന്നത്.അകത്തു കടന്ന രീതിയും മുറിക്കകത്തെ സാഹചര്യങ്ങളും പരിഗണിച്ചായിരുന്നു അന്വേഷണം. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ഉൾപ്പെടെ സകല സാധ്യതയും ഉപയോഗപ്പെടുത്തി അന്വേഷണം മുന്നോട്ടുപോകുന്നതിനിടെയാണു സ്വർണത്തിൽ 19 പവൻ കാണാനില്ലെന്ന പരാതിയുമായി വീട്ടമ്മ രംഗത്തെത്തിയത്.വീടു കുത്തിത്തുറന്നതിലെ വൈദഗ്ധ്യവുമായി അകത്തെ നീക്കങ്ങൾ പൊരുത്തപ്പെടുന്നില്ലെന്നതാണു പൊലീസിനെ കുഴയ്ക്കുന്നത്. ഇരുനില വീടിന്റെ മുകൾ നിലയിലെ ഇരുമ്പു ഗ്രിൽ വാതിലിന്റെ പൂട്ടു കുത്തിത്തുറന്ന ശേഷം അകത്തെ 4 വാതിലുകളുടെ പൂട്ടുകൾ കൂടി തകർത്താണു മോഷ്ടാവ് അലമാരകൾ സൂക്ഷിച്ചിരുന്ന മുറികളിലെത്തിയിട്ടുള്ളത്.അതേസമയം, സംശയത്തിന്റെ നിഴലിലുള്ള പ്രദേശത്തെ ചിലരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. ഒറ്റപ്പാലം ഇൻസ്പെക്ടർ എ.അജീഷ്, എസ്ഐ എം.സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

English Summary:

Ottapalam robbery takes another twist with a new gold theft complaint.* The housewife returning from Chennai claims 19 Pawan of gold is missing, adding to the complexity of this mysterious case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com