മന്ത്രിയുടെ ഉറപ്പ്: പാലക്കാട്ടു നിന്ന് മൈസൂരു, ചെന്നൈ, ബെംഗളൂരു ബസ്
Mail This Article
പാലക്കാട് ∙ ഗവ.മെഡിക്കൽ കോളജിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ ടൗൺ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസിക്ക് മന്ത്രി എം.ബി.ഗണേഷ്കുമാർ നിർദേശം നൽകി. മെഡിക്കൽ കോളജിലേക്കു രോഗികൾ കൂടുതൽ എത്തുന്ന സമയം കണ്ടെത്തിയാണു സർവീസ് നടത്തേണ്ടത്. ഇന്നോ നാളെയോ പരീക്ഷണ ഓട്ടം നടത്താനും സർവീസ് ലാഭകരമാക്കാനും മന്ത്രി നിർദേശിച്ചു.കെഎസ്ആർടിസി സ്റ്റാൻഡിൽ ശീതീകരിച്ച ഓഫിസും ജീവനക്കാരുടെ വിശ്രമകേന്ദ്രവും ഉദ്ഘാടനം ചെയ്ത വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയ ഉടനായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സ്റ്റാൻഡിൽ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമായി ശീതീകരിച്ച വിശ്രമമുറി ഉടൻ തുറക്കും. തുച്ഛമായ തുകയ്ക്ക് ഇവിടെ വിശ്രമിക്കാം. പാലക്കാട്ടെ ചൂട് ജീവനക്കാരുടെ കാര്യക്ഷമതയെ ബാധിക്കാതിരിക്കാനാണ് സ്പോൺസർമാരുടെ സഹായത്തോടെ ശീതീകരിച്ച വിശ്രമമുറി സാധ്യമാക്കിയത്.
പാലക്കാടിന്റെ ദീർഘകാല ആവശ്യമായ ചെന്നൈ, ബെംഗളൂരു ബസ് സർവീസുകളും താമസിയാതെ ആരംഭിക്കുമെന്നും സ്വകാര്യ ബസുകൾ യാത്രക്കാരെ കയറ്റുന്നിടത്തെല്ലാം കെഎസ്ആർടിസി ബസുകളും നിർത്തി യാത്രക്കാരെ കയറ്റുമെന്നും മന്ത്രി അറിയിച്ചു. 35 സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകൾ കെഎസ്ആർടിസി വാങ്ങുന്നുണ്ട്. ഇതിൽ നിന്ന് ചെന്നൈ, ബെംഗളൂരു സർവീസിനായി പാലക്കാടിനു ബസ് അനുവദിക്കും.
മറ്റ് വാഗ്ദാനങ്ങൾ
∙ പാലക്കാട്ടു നിന്നു തിരുവനന്തപുരത്തേക്ക് സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് സർവീസ്.
∙ കോഴിക്കോട് റൂട്ടിലും പരീക്ഷണാർഥം ഉടൻ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് സർവീസ്.
∙ മൈസൂരുവിലേക്കുള്ള സൂപ്പർ ഡീലക്സ് ബസ് മൂന്ന് ആഴ്ചയ്ക്കുള്ളിൽ പാലക്കാട്ടെത്തും. കൽപറ്റ, മാനന്തവാടി വഴിയാകും സർവീസ്,
∙ പാലക്കാട്–മൂന്നാർ–കുമളി ടൂറിസം ബസ് സർവീസും ആരംഭിക്കും.
∙ വരുമാനക്കുറവു കാരണം നിർത്താൻ തീരുമാനിച്ച പഴനി സർവീസ് സമയം മാറ്റി ലാഭകരമാക്കാൻ മന്ത്രിയുടെ നിർദേശം. പാലക്കാടിന്റെ വൈകാരിക സർവീസ് കൂടിയാണ് ഇതെന്ന് എംഎൽഎ പറഞ്ഞതോടെയാണു നിർദേശം
∙ പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ പൊതുജനങ്ങൾക്കു കൂടി ഉപയോഗിക്കാവുന്ന വിധത്തിൽ ഇന്ധന പമ്പ് സ്ഥാപിക്കും.
∙ സ്റ്റാൻഡിലെ ശുചിമുറി പ്രശ്നം ഉടന്‍ പരിഹരിക്കും.
തലങ്ങും വിലങ്ങും കടകൾ; മാനേജ്മെന്റിന്റെ തെറ്റ്
പാലക്കാട് സ്റ്റാൻഡിലുൾപ്പെടെ തലങ്ങും വിലങ്ങും കടകൾ അനുവദിച്ചതു മാനേജ്മെന്റിന്റെ തെറ്റെന്നും ആ വീഴ്ച അംഗീകരിക്കുന്നെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ പല കെട്ടിടങ്ങൾക്കും നമ്പർ കിട്ടിയിട്ടില്ല. മാനദണ്ഡങ്ങളിലെ മാറ്റം നമ്പർ ലഭ്യതയെ ബാധിക്കുന്നുണ്ട്. കട നടത്തിപ്പിന്റെ കാര്യത്തിൽ കോടതിയെ വരെ തെദ്ധിപ്പരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കെഎസ്ആർടിസിയും തെറ്റുകാരാണ്. ഇനി മുതൽ കോർപറേഷനിൽ ഒരു രീതിയിലുള്ള കരാർ മാത്രമേ ഉണ്ടാകൂ.
പാലക്കാട്ടെ ഇപ്പോഴത്തെ കടകൾ ഈ രീതിയിൽ അനുവദിക്കില്ല. അവരുമായി തുറന്ന ചർച്ച നടത്തും. കരാറുകൾ അംഗീകരിച്ചാൽ കടകൾ യുക്തമായ സ്ഥലത്ത് നടത്താൻ അനുവദിക്കും.15,000 രൂപയ്ക്കു കരാർ നൽകി അത് 85,000 രൂപയ്ക്കു മറിച്ചു നൽകിയ സംഭവം തനിക്കറിയാം. ഈ രീതി അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിക്കെതിരെ പ്രതിഷേധം
കെഎസ്ആർടിസി സ്റ്റാൻഡിൽ മന്ത്രി ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ ജീവനക്കാരന്റെ പ്രതിഷേധം. തിരുവനന്തപുരത്ത് ഹെഡ് ഓഫിസിൽ ചില സംഘടനകൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ജീവനക്കാരുടെ ശമ്പളം 2 ദിവസം വൈകി. സമരം ആകാം ഇത്തരം രീതികൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഇതോടെയാണ് സദസ്സിലുണ്ടായിരുന്ന കെഎസ്ആർടിസി കണ്ടക്ടർ മന്ത്രിക്കെതിരെ ചോദ്യങ്ങളുമായി എഴുന്നേറ്റത്.
ഒന്നാം തീയതിതന്നെ ശമ്പളം നൽകേണ്ടതല്ലേ എന്നുൾപ്പെടെ കണ്ടക്ടർ ചോദിച്ചു. സ്വാതന്ത്ര്യം തന്നതു കൊണ്ടു തലയിൽ കയറേണ്ടെന്നും അവിടെ ഇരിക്കണമെന്നും മന്ത്രി നിർദേശിച്ചു. പ്രശ്നങ്ങൾ തനിക്കറിയാമെന്നും അതേക്കുറിച്ചാണു സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തു.