കൺമുന്നിൽ ബസ് മറിയൽ, യാത്രക്കാരുടെ നിലവിളി; ജംക്‌ഷനിലെ റെഡ് സിഗ്നൽ, ജീവിതത്തിന്റെ ഗ്രീൻ സിഗ്‌നലായി
Mail This Article
കണ്ണാടി ∙ ദേശീയപാതയിൽ കാഴ്ചപ്പറമ്പ്–കണ്ണനൂർ ജംക്‌ഷനുകൾക്കിടയ്ക്കു പന്നിക്കോട് സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഡിവൈഡറിനു മുകളിലേക്കു പാഞ്ഞു കയറി മറുവശത്തെത്തി മറിഞ്ഞു. 19 യാത്രക്കാർക്കു പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പാലക്കാട്ടു നിന്ന് കോട്ടായി–പെരിങ്ങോട്ടുകുറിശ്ശി വഴി തിരുവില്വാമലയിലേക്കു പോകുകയായിരുന്ന നാഷ ട്രാവൽസ് ബസാണ് അപകടത്തിൽപെട്ടത്. മുന്നിൽ പോകുകയായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഓട്ടോറിക്ഷ പെട്ടെന്ന് വലത്തേക്കു വെട്ടിച്ചെന്നാണു പൊലീസിനു ലഭിച്ച മൊഴി. ഓട്ടോറിക്ഷയുടെ വശത്തിടിച്ച ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിനു മുകളിലേക്കു പാഞ്ഞുകയറി മറുവശത്തെത്തി വലത്തേക്കു തിരിഞ്ഞ് ഇടത്തോട്ടു മറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ ബസ് 10 മീറ്ററോളം പിന്നിലേക്കു നിരങ്ങി നീങ്ങിയാണു നിന്നത്. ഇരുപത്തിയഞ്ചോളം യാത്രക്കാർ ബസിനുള്ളിലുണ്ടായിരുന്നു.
ബസ് മറിഞ്ഞിടത്തും നിരങ്ങി നീങ്ങിയ ഭാഗത്തും നാലടിയോളം ചെരിവുള്ള താഴ്ചയുണ്ട്. ഇവിടേക്കു മറിഞ്ഞിരുന്നെങ്കിൽ അപകടതീവ്രത വർധിക്കുമായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽപെട്ടവരെ നാട്ടുകാരും പൊലീസും ചേർന്നാണു ജില്ലാ ആശുപത്രിയിലും പാലന ആശുപത്രിയിലും എത്തിച്ചത്. ബസ് വേഗത്തിലായിരുന്നു. മഴയും ഉണ്ടായിരുന്നു. ബസിന്റെ ഫിറ്റ്നസും മോശമായിരുന്നെന്നു പരാതിയുണ്ട്. ചക്രങ്ങൾ തേഞ്ഞു ഗ്രിപ്പില്ലാത്ത സ്ഥിതിയിലാണെന്നും യാത്രക്കാർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അപകടസ്ഥലത്തും ആശുപത്രിയിലും എത്തി.
കുത്തനൂർ സ്വദേശികളായ കൃഷ്ണൻകുട്ടി (53), വിലാസിനി (74), പെരിങ്ങോട്ടുകുറിശ്ശി സന്തോഷ് (30), പാലക്കാട് സ്വദേശിനി സൗദ (45), ഓട്ടോ യാത്രക്കാരായ പാലക്കാട് സ്വദേശിനി സുമതി (64), കുഴൽമന്ദം സ്വദേശിനി ഭാവന (30) എന്നിവർ പാലന ആശുപത്രിയിൽ ചികിത്സയിലാണ്. ബസ് യാത്രക്കാരായ ആരിഫ (29), ശ്രീനാഥ് (28), സുമയ്യ (24), സഹദേവൻ (67), ഹന്ന ഫാത്തിമ (5), ഷാസിയ (4), രാമചന്ദ്രൻ (83), ഓട്ടോ ഡ്രൈവർ രതീഷ് (37) എന്നിവർ ചികിത്സയ്ക്കു ശേഷം മടങ്ങി. ബസ് ഡ്രൈവർ തോലനൂർ സ്വദേശി ജയപ്രകാശ് (32), കണ്ടക്ടർ ദേവദാസ് (54), മേഘ(25), ഷബ്ന (43), നിത്യ (38) എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ജംക്‌ഷനിലെ റെഡ് സിഗ്നൽ, ജീവിതത്തിന്റെ ഗ്രീൻ സിഗ്‌നലായി
അപകട സമയത്ത് കണ്ണനൂർ ജംക്‌ഷനിൽ റെഡ് സിഗ്നലായിരുന്നു. അത് ഒട്ടേറെപ്പേരുടെ ജീവിതത്തിലേക്കുള്ള ഗ്രീൻ സിഗ്നൽ കൂടിയായെന്നു പരിസരവാസികൾ പറയുന്നു. കുഴൽമന്ദം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കണ്ണനൂർ ജംക്‌ഷനിൽ പാലക്കാട് ഭാഗത്തേക്കുള്ള സിഗ്നൽ കാത്തു കിടക്കുകയായിരുന്നു. അതിനാൽ ബസ് ഡിവൈഡർ മറികടന്നു മറുവശത്തെത്തി മറിയുമ്പോൾ പാലക്കാട്ടേക്കുള്ള റോഡിൽ വാഹനങ്ങൾ ഇല്ലായിരുന്നു. ആ സമയത്ത് റോഡിൽ വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിൽ അപകടത്തിന്റെ തീവ്രത മറ്റൊന്നാകുമായിരുന്നു. ജംക്‌ഷനിൽ പച്ച സിഗ്നൽ തെളിഞ്ഞ ഉടൻ നാട്ടുകാർ വാഹനങ്ങൾ തടഞ്ഞ് ഒറ്റവരിയായി കടത്തിവിട്ടു. അപ്പോഴേക്കും പൊലീസും എത്തി.
കൺമുന്നിൽ ബസ് മറിയൽ യാത്രക്കാരുടെ നിലവിളി
ബസ് മറിഞ്ഞു നിരങ്ങി നീങ്ങി താഴേക്കു തൂങ്ങി നിന്നത് ജയ്‌വിൻ ടീ സ്റ്റാളിനു മുന്നിലായിരുന്നു. ബസ് നിരങ്ങിവരുന്നതു കണ്ടപ്പോൾ തന്നെ ഭക്ഷണം കഴിക്കാനിരുന്നവരെ അവിടെ നിന്നു മാറ്റി. കടയിലുള്ള ജയപ്രകാശും വിദ്യയും ഭയത്തോടെയാണ് അക്കാര്യം ഓർക്കുന്നത്.