ദേശീയപാതയിൽ അറ്റകുറ്റപ്പണി: കുരുക്കിൽ വലഞ്ഞ് യാത്രക്കാർ; ഗതാഗത നിയന്ത്രണത്തിലും ക്രമീകരണത്തിലും അപാകത
Mail This Article
പുതുശ്ശേരി ∙ ഒരാഴ്ചയിലേറെയായി ദേശീയപാതയിൽ തുടരുന്ന അറ്റകുറ്റപ്പണി യാത്രക്കാരെ കുരുക്കിലും അപകടത്തിനും ഇടയാക്കുന്നതായി പരാതി. ഗതാഗത നിയന്ത്രണത്തിലെ അപാകതകളാണ് മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിനു കാരണമാവുന്നത്. ദേശീയപാതയിൽ പുതുശ്ശേരിക്കും മരുതറോഡിനും ഇടയ്ക്കുള്ള പാലം ബസ് സ്റ്റോപ്പിന്സമീപമാണ് കോയമ്പത്തൂർ ഭാഗത്തേക്കുള്ള ഭാഗം പൂർണമായും അടച്ച് ഗതാഗതം ഒരു വരി മാത്രമാക്കിയത്. ഇതോടെ ഒരാഴ്ചയായി ദിവസവും നൂറുകണക്കിനു യാത്രക്കാരാണ് വലയുന്നത്. ജോലിക്കും വിദ്യാഭ്യാസത്തിനുമായി
കഞ്ചിക്കോട് വ്യവസായ മേഖല, കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്നവർ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന കുരുക്കിൽ കുരുങ്ങി സമയത്തിന് എത്താത്ത സ്ഥിതിയാണ്. മരുതറോഡ് ബ്ലോക്ക് പഞ്ചായത്ത് മുതൽ പുതുശ്ശേരി ജംക്‌ഷൻ വരെയാണ് ഒരു വരിയിൽ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. ദേശീയ പാതയിലെ പാലത്തിന് മുകളിലുള്ള അറ്റകുറ്റപ്പണിക്കായി ബാരിക്കേഡുകൾ, ഇരുമ്പ് പോസ്റ്റുകൾ എന്നിവ ഉപയോഗിച്ചാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്.
കൂട്ടുപാത ഫ്ലൈ ഓവർ 2 കിലോമീറ്റർ ഗതാഗതക്കുരുക്ക് നിലവിലുണ്ട്. ദേശീയ പാത അതോറിറ്റിയുടെ മന്ദഗതിയിലുള്ള അറ്റകുറ്റപ്പണിയാണ് ഇതിനു കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. സമയത്തിന് എത്താനുള്ള തന്ത്രപ്പാടിലും ഒരു വരിയുടെ വീതി കുറവും കാരണം വാഹനാപകടങ്ങളും കൂട്ടയിടിയും പതിവാണ്. ഇന്നലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ എതിർ ദിശയിലൂടെ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് പുതുശ്ശേരി സ്വദേശികൾക്ക് പരുക്കേറ്റിരുന്നു.
കല്ലടിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാതയിൽ അതോറിറ്റിയും നിർമാണ കരാർ കമ്പനിയും ജാഗ്രത കാണിക്കണമെന്നാണ് ജനപ്രതിനിധികൾ പറയുന്നു. നിലവിൽ പലയിടത്തും വെളിച്ചം ഇല്ലാത്തതും, ഇപ്പോഴും തുടരുന്ന അനധികൃത പാർക്കിങ്ങും കാരണം ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാണ്.