പ്രായം പുറകോട്ട്; വെറ്ററൻ ഫുട്ബോളിൽ കളം നിറഞ്ഞ് പൂക്കോയ തങ്ങൾ
Mail This Article
ഒറ്റപ്പാലം ∙ പ്രായം വെറും നമ്പർ മാത്രം. പൂക്കോയ തങ്ങളുടെ കാര്യത്തിൽ ഇതു കേവലം പഞ്ച് ഡയലോഗല്ല. യൗവനത്തിന്റെ ചുറുചുറുക്കോടെ ഫുട്ബോൾ മൈതാനങ്ങളിൽ കളംനിറയുന്ന മണ്ണാർക്കാട് കോടതിപ്പടി പുതിയ മാളിയേക്കൽ പൂക്കോയ തങ്ങൾ (68) മലബാർ മേഖലയിൽ വെറ്ററൻ ഫുട്ബോൾ മൈതാനങ്ങളിലെ പ്രായം കൂടിയ താരമാണ്. ഒറ്റപ്പാലം വെറ്ററൻസ് ഫുട്ബോൾ ക്ലബ് ഒരുക്കുന്ന 40 വയസ്സിനു മുകളിലുള്ളവരുടെ സെവൻസ് ഫുട്ബോൾ ലീഗ് മത്സരങ്ങളിൽ തങ്ങളുടെ പ്രതിരോധമാണു ടീമിന്റെ കരുത്ത്. എൽപി ക്ലാസുകൾ മുതൽ കാൽപന്ത് ജീവിതത്തിന്റെ ഭാഗമാണ്. യുപി, ഹൈസ്കൂൾ ക്ലാസുകളിലെത്തിയതോടെ കളി കാര്യമായി. നാട്ടിലെ ബ്രദേഴ്സ് ക്ലബ്ബിനു വേണ്ടി കളിച്ചിരുന്ന തങ്ങൾ സെവൻസ് മൈതാനങ്ങളിൽ മുന്നേറ്റനിരയിലെ താരമായി. പത്താം ക്ലാസ് പഠനകാലത്തു ജില്ലാതല സ്കൂൾ ടൂർണമെന്റിൽ കിരീടം നേടിയ കുമരംപുത്തൂർ കല്ലടി ഹൈസ്കൂളിനായി വിജയഗോൾ നേടി വിജയശിൽപിയായി.
പത്തിൽ പഠനം നിർത്തിയതോടെ കളി തലയ്ക്കു പിടിച്ചു. ഏതാനും വർഷങ്ങൾക്കപ്പുറം വിവാഹം കഴിഞ്ഞതോടെ കുടുംബം വിദേശത്തേക്കു ജോലിക്ക് അയച്ചു. വിവാഹം കഴിഞ്ഞു മൂന്നാം നാൾ ഭാര്യവീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ കാറിൽ നിന്നു മണ്ണാർക്കാട്ടെ മൈതാനത്ത് ഇറങ്ങി ഫുട്ബോൾ മത്സരം കളിച്ചത് ഇന്നും തങ്ങളുടെ ഓർമയിലുണ്ട്. വിദേശത്തേക്കു വിമാനം കയറിയതോടെ 3 പതിറ്റാണ്ടോളം ഫുട്ബോളിനു താൽക്കാലിക അവധി നൽകി. ജീവിതം സുരക്ഷിതമാക്കി നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങുന്നതിനു മുൻപു വിദേശത്തു വീണ്ടും പന്തു തട്ടി. ഖത്തറിൽ ഇപ്പോഴും തുടരുന്ന ഫ്രൈഡേ ഫുട്ബോൾ ക്ലബ്ബിന്റെ സ്ഥാപകനായിട്ടായിരുന്നു രണ്ടാം വരവ്.
പന്ത് പതിയെ കാലിനു വഴങ്ങിത്തുടങ്ങിയതോടെ തങ്ങൾ പഴയ തങ്ങളായി. മുന്നേറ്റ നിരയിൽ നിന്നു സ്വയം പിൻവാങ്ങിയ തങ്ങൾ ഇപ്പോൾ ഇടതു പ്രതിരോധ നിരയിലെ വിശ്വസ്തനാണ്. 6 വർഷം മുൻപു നാട്ടിലെത്തിയ ശേഷം വീണ്ടും പാലക്കാട്, മലപ്പുറം ജില്ലകളിലെ മൈതാനങ്ങളിൽ പൂക്കോയ തങ്ങൾ കളം നിറഞ്ഞു. ഭാര്യയും മക്കളും ബന്ധുക്കളുമെല്ലാം കട്ട സപ്പോർട്ടുമായി കൂടെയുണ്ട്. മലപ്പുറം വെറ്ററൻസ് സെവൻസ് ഫുട്ബോൾ അസോസിയേഷനിൽ അംഗമാണ്.