ബുദ്ധതത്വ പ്രചാരണത്തിന് വീണ്ടും മലയാളി ഭിക്ഷുക്കൾ
Mail This Article
പാലക്കാട് ∙ നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം മലയാളികളായ ബുദ്ധഭിക്ഷുക്കൾ കേരളത്തിൽ ബുദ്ധധർമവും സന്ദേശവും നൽകും. സന്ദേശയാത്ര തുടങ്ങിയ അവർ പാലക്കാട് വണ്ടിത്താവളം കരുണ ബോധിനഗറിലെ സ്വീകരണത്തിനുശേഷം ധർമഭാഷണം നടത്തി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിൽ നിലച്ചുപോയ മലയാളി ഭിക്ഷുപരമ്പരയാണ് പുനരാരംഭിച്ചതെന്നു കേരള മഹാബോധി മിഷൻ ചെയർമാൻ ഹരിദാസ് ബോധ് പറഞ്ഞു.
ബെംഗളൂരു മഹാബോധി സൊസൈറ്റി മഹാവിഹാരത്തിൽ നിന്നാണു മൂന്നു മലയാളി യുവാക്കൾ 6 വർഷത്തെ ഭിക്ഷുപഠനം പൂർത്തിയാക്കിയത്. കൊല്ലം സ്വദേശികളായ ബോധി ലക്ഷണ, ശോഭിത, ശീലാനന്ദ എന്നിവരാണു ഭിക്ഷുജീവിതം സ്വീകരിച്ചത്. അരുണാചൽപ്രദേശുകാരായ 2 ഭിക്ഷുക്കളും അവർക്കൊപ്പമുണ്ടായിരുന്നു.
19–ാംനൂറ്റാണ്ടിന്റെ അവസാനത്തിൽ ശ്രീലങ്കയിൽ നിന്നു ഭിക്ഷുപദവി നേടിയ കോഴിക്കോട്ടെ ധർമസ്കന്ധ ഭിക്ഷുവാണ് ബുദ്ധധർമ പ്രചാരണത്തിന് ആദ്യം നേതൃത്വം നൽകിയ മലയാളി. ഭിക്ഷുപവി ഉപേക്ഷിച്ച് പിന്നീട് അദ്ദേഹം കുടുംബജീവിതത്തിലേക്കു കടന്നു. പിന്നീട്, സാമൂഹിക പരിഷ്കർത്താക്കളായ സഹോദരൻ അയ്യപ്പൻ, മിതവാദി സി.കൃഷ്ണൻ, ഇ.കെ.ചാമി, രാമയ്യർ തുടങ്ങിയവർ മലബാർ മഹാബോധി മിഷൻ എന്നപേരിൽ ബുദ്ധസന്ദേശം നൽകി. 2007ൽ മലബാർ മഹാബോധി മിഷൻ കേരള മഹാബോധിമിഷനായി മാറി, കേരളത്തിൽ പ്രബുദ്ധഭാരതസംഘം നിലവിൽ വന്നു.
വണ്ടിത്താവളം ബോധിനഗറിൽ ബോധി ചാരിറ്റബിൾ ട്രസ്റ്റിലെത്തിയ ഭിക്ഷുസംഘം ബൗദ്ധരുടെ ഗൃഹപ്രവേശ ചടങ്ങ്, ധർമപ്രഭാഷണം, ധ്യാനം എന്നിവയ്ക്കു നേതൃത്വം നൽകി. കേരളത്തിൽ വിഹാരം പൂർത്തിയാകുന്നതുവരെ ബെംഗളൂരു മഹാബോധി വിഹാരത്തിനു കീഴിലാണു ഭിക്ഷുക്കൾ കേരളത്തിൽ പ്രവർത്തിക്കുകയെന്നു ഭാരവാഹികൾ പറഞ്ഞു.