ജയൻ പറയുന്നു: ഇനി സിമന്റ് ചാക്ക് ഇറക്കാൻ... ഒന്നു ലോക്ക് ചെയ്താൽ മതീ...
Mail This Article
ഷൊർണൂർ ∙ ലോറിയിൽ നിന്ന് സിമന്റ് ചാക്കുകൾ ഇറക്കാൻ ഇനി ഒരുപാട് സമയമോ കഷ്ടപ്പാടോ ആവശ്യമില്ല. അധ്വാനഭാരം കുറയ്ക്കാൻ പുതിയ കണ്ടുപിടിത്തവുമായി കവളപ്പാറ സ്വദേശി സി.ജയൻ. കുളപ്പുള്ളിയിൽ സിമന്റ് കട നടത്തുന്ന ജയപ്രകാശാണ് ലോറിയിൽ നിന്ന് സിമന്റ് ചാക്കുകൾ അനായാസം ഇറക്കി ഗോഡൗണിലേക്കു വയ്ക്കാൻ എന്തെങ്കിലും യന്ത്രം കണ്ടുപിടിക്കാമോ എന്ന് ജയനോട് ആവശ്യപ്പെട്ടത്. ഇതു കേട്ടതും ജയൻ ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. ഒടുവിൽ ഇത്തരത്തിലുള്ള ഒരു യന്ത്രത്തിന്റെ ആശയത്തിലേക്ക് എത്തുകയുമായിരുന്നു.
20 അടി നീളവും 8 അടി വീതിയുമുള്ള യന്ത്രത്തിന്റെ സാമഗ്രികൾ 3ഡി ലേസർ കട്ടിങ് ഉപയോഗിച്ചാണു നിർമിച്ചിരിക്കുന്നത്. ന്യൂമാറ്റിക്കിന്റെ 2 എയർ സിലണ്ടറുകളിലാണു യന്ത്രത്തിന്റെ പ്രവർത്തനം. ആളുകളുടെ ആവശ്യാനുസരണം 4 വശത്തേക്കും മെഷീൻ തിരിക്കുന്നതും സിമന്റ് ചാക്കുകൾ ലോക്കുചെയ്യുന്നതും എയർ സിലിണ്ടറിന്റെ പ്രവർത്തനത്തിലാണ്.
ചാക്കുകൾ ലോക്ക് ചെയ്യാനും ഇറക്കാനുള്ള സ്ഥലത്തെത്തുമ്പോൾ ലോക്ക് ഒഴിവാക്കുന്നതിനും മാത്രമാണ് ഒരാളുടെ ആവശ്യം ഉള്ളത്. കോയമ്പത്തൂരിൽ നിന്ന് എത്തിച്ച എയർ സിലിണ്ടറുകൾ ഉപയോഗിച്ച് 24 ദിവസംകൊണ്ടാണ് ജയൻ ഇത്തരത്തിൽ യന്ത്രം നിർമിച്ചെടുത്തിരിക്കുന്നത്. 2 ലക്ഷത്തോളം രൂപയാണു ചെലവ്. 50 കിലോ വരെ ഭാരമുള്ള സാധനങ്ങളാണ് ഇത് ഉപയോഗിച്ച് എടുക്കാനാവുക. കൂടുതൽ ഭാരം ഉപയോഗിക്കേണ്ടി വരുന്നവർക്ക് ഹൈട്രോളിക് ഉപയോഗിച്ച് യന്ത്രം നിർമിക്കാമെന്നു ജയൻ പറയുന്നു.
നിലവിൽ മലപ്പുറം, കൊടുവായൂർ, ഷൊർണൂർ ഭാഗങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഇത്തരത്തിൽ വ്യത്യസ്ത സാധനങ്ങൾ ഇറക്കുന്നതിന് മെഷീനുകൾ നിർമിച്ചുനൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു ജയൻ പറഞ്ഞു. അചഛന്റെ ജോലികൾ നോക്കിപ്പഠിച്ച് 1996 മുതലാണു ജയൻ മെഷിനറി നിർമാണത്തിലേക്കു കടക്കുന്നത്. ആദ്യം കാർഷിക ഉപകരണങ്ങളാണു നിർമിച്ചിരുന്നത്. പിന്നീട് ആളുകളുടെ ആവശ്യപ്രകാരം ഇലക്ട്രിക് വയറിൽ നിന്ന് ചെമ്പുകമ്പി മാത്രം വലിച്ചെടുക്കാൻ കഴിയുന്ന വയർ സ്ട്രിപ്പിങ് മെഷീൻ നിർമിച്ചിരുന്നു.
2 ആളുകളെക്കൊണ്ട് ഒരു ദിവസം 60 മമ്മട്ടി നിർമിക്കാൻ കഴിയുന്നിടത്ത് ഹൈട്രോളിക് സംവിധാനം ഉപയോഗപ്പെടുത്തി ഒരുദിവസം 2 ആളുകളെക്കൊണ്ട് 600 മമ്മട്ടികൾ നിർമിക്കാൻ കഴിയുന്ന മമ്മട്ടി ഹാനർഡ് പവർ മെഷീനും കണ്ടുപിടിച്ചിരുന്നു. കുളപ്പുള്ളിയിൽ യൂണിവേഴ്സൽ ഇംപ്ലിമെന്റ്സ് എന്ന സ്ഥാപനവും ഇപ്പോൾ നടത്തുന്നുണ്ട്. ഭാര്യ പ്രസി, ജയന്റെ കമ്പനിയിൽ തന്നെയാണു ജോലിചെയ്യുന്നത്. മകൻ അനന്ദപത്മനാഭൻ ബിടെക് വിദ്യാർഥിയാണ്.