ADVERTISEMENT

വടക്കഞ്ചേരി ∙ ആറുവരിപ്പാതയിൽ വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെ അപകടങ്ങൾ ആവർത്തിക്കുമ്പോൾ മതിയായ സുരക്ഷ ഒരുക്കാൻ ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനിയും തയാറാകുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെ വിവിധ അപകടങ്ങളിൽ മരിച്ചത് 12 പേരാണ്. മാസങ്ങൾക്ക് മുൻപ് നീലിപ്പാറയിൽ കാറിടിച്ച് 2 വിദ്യാർഥികൾ മരിച്ചതാണ് അവസാനത്തെ സംഭവം. ഇന്നലെ പന്തലാംപാടത്ത് യു–ടേൺ കടക്കുമ്പോൾ ബൈക്ക് യാത്രക്കാരനെ ആറുവരിപ്പാത വഴി വന്ന കാർ ഇടിച്ചു. ബൈക്കിന്റെ പുറകുവശത്താണ് ഇടിയേറ്റത്. പരുക്കേൽക്കാതെ യാത്രക്കാരൻ ഭാഗ്യത്തിനു രക്ഷപ്പെട്ടു.

ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമാകുമ്പോൾ നിർമാണ അപാകതകൾ കണ്ടെത്താൻ പരിശോധന വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വടക്കഞ്ചേരി മുതൽ മണ്ണുത്തിവരെ സർവീസ് റോഡ് പലഭാഗത്തും തകർന്നിട്ടുണ്ട്. റോഡിന്റെ പല ഭാഗത്തും നിരപ്പുവ്യത്യാസം പ്രകടമാണ്. ചിലയിടങ്ങളിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. തേനിടുക്കിൽ വെള്ളം കെട്ടി നിന്ന് യാത്രാ ക്ലേശം രൂക്ഷമായി. വെള്ളച്ചാലുകൾ മിക്കഭാഗത്തും ഇല്ലാത്തത് മൂലം പറമ്പുകളിൽ വെള്ളം കയറി നാശമുണ്ടായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.

പന്നിയങ്കര–വാണിയമ്പാറ സർവീസ് റോ‍ഡ് നിർമാണം പൂർത്തിയാക്കാത്തത് മൂലം അപകടങ്ങൾ നിത്യസംഭവമായി. യാതൊരുവിധ സുരക്ഷയും ഇവിടെയില്ല. സൂചന ബോർഡുകൾ സ്ഥാപിക്കാത്തതും അപകടകരമായ സ്ഥലങ്ങളിൽ സുരക്ഷാവേലി നിർമിക്കാത്തതും അപകടം വിളിച്ചുവരുത്തുന്നു. ഡ്രൈനേജുകളുടെ നിർമാണ അപാകത കാരണം ഹൈവേ സൈഡിലുള്ള വീടുകളിലും വെള്ളം കയറുന്നതായി വീട്ടുകാർ പറഞ്ഞു. ആറുവരിപ്പാത നിർമാണം തുടങ്ങിയശേഷം ജനകീയ സമരത്തെ തുടർന്ന് കൂട്ടിച്ചേർക്കപ്പെട്ട പുതിയ പദ്ധതികളിൽ വാണിയമ്പാറ അടിപ്പാതയുടെ നിർമാണം മാത്രമാണ് നടക്കുന്നത്. ഇവി‌ടെ അപകടങ്ങൾ നിത്യസംഭവമായതോടെയാണ് അ ടിപ്പാത നിർമാണം തുടങ്ങിയത്.

തീരുമാനങ്ങൾ നടപ്പിലായില്ല
വടക്കഞ്ചേരി–മണ്ണുത്തി ആറുവരിപ്പാതയിൽ അപകടങ്ങൾ നിത്യ സംഭവമായപ്പോൾ ജനപ്രതിനിധികൾ യോഗം ചേർന്ന് എടുത്ത തീരുമാനങ്ങൾ നടപ്പിലായില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. പ്രധാന തീരുമാനങ്ങൾ ഇവയായിരുന്നു.

∙ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ശാസ്ത്രീയത പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കും.

∙ മികച്ച എൻജിനീയർമാരെ നിർമാണം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തും.

∙ ജനപ്രതിനിധികൾ ഉൾപ്പെട്ട ഉന്നത നിരീക്ഷണസമിതി നിലവിൽ വരും.

∙ പുതിയ നിർമാണവുമായി ബന്ധപ്പെട്ട് മൂടിപ്പോയ കനാലുകൾ, തോടുകൾ, ജല സ്രോതസുകൾ എന്നിവ പുനഃക്രമീകരിക്കും. തകർന്ന പൈപ്പ് ലൈൻ, വൈദ്യുതി, അനുബന്ധ റോഡുകൾ എന്നിവ നന്നാക്കും. എന്നാൽ ഇവയൊന്നും നടപ്പിലായില്ല. 

English Summary:

Vadakkanchery accidents continue to raise concerns as the six-lane highway from Vadakkanchery to Vaniyampara witnesses repeated incidents, claiming 12 lives in two years. Locals accuse the National Highways Authority of India (NHAI) and the construction company of failing to implement adequate safety measures, urging immediate action to prevent future tragedies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com