പാലക്കാട് നഗരത്തിലെ മൂന്നു പള്ളികളിൽ കവർച്ച; ലക്ഷങ്ങൾ നഷ്ടമായി
Mail This Article
പാലക്കാട് ∙ നഗരത്തിലെ മൂന്നു പള്ളികളിൽ കവർച്ച. ഹുണ്ടിക പൊളിച്ചും ഓഫിസ് മുറി കുത്തിത്തുറന്നും നടത്തിയ കവർച്ചയിൽ ലക്ഷങ്ങൾ നഷ്ടമായി. ചടനാംകുറുശ്ശിയിലെ അസാസുൽ ഇസ്‌ലാം ഷാഫി ജുമാ മസ്ജിദിലെ പള്ളി കമ്മിറ്റിയുടെ ഓഫിസ് മുറിയിലെ അലമാര കുത്തിത്തുറന്ന് 2 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 2 ലക്ഷം രൂപയും പുതുപ്പള്ളിത്തെരുവ് ഷാഫി ജുമാമസ്ജിദിനു മുന്നിലുള്ള ഹുണ്ടിക കുത്തിപ്പൊളിച്ച് 5000 രൂപയും കവർന്നു.
തോട്ടുപ്പാലം മസ്ജിദുൽ ഫുർക്കാനയിൽ മോഷണ ശ്രമം നടത്തിയെങ്കിലും ഒന്നും നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ചടനാംകുറുശ്ശിയിലെ അസാസുൽ ഇസ്‌ലാം ഷാഫി ജുമാ മസ്ജിദിലെ പള്ളികമ്മിറ്റിയുടെ ചിട്ടിപ്പണവും വൃക്കരോഗിക്കു സംഭാവന ചെയ്യാൻ സൂക്ഷിച്ച പണവുമാണ് കവർന്നത്. ഇതു സംബന്ധിച്ചു പള്ളി കമ്മിറ്റി ഭാരവാഹികൾ നൽകിയ പരാതിയിൽ ടൗൺ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് സംഭവ സ്ഥലങ്ങളിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പ്രതികളെ ഉടൻ പിടികൂടണമെന്നു നഗരസഭാംഗം എം.സുലൈമാൻ ആവശ്യപ്പെട്ടു.