ചോദ്യച്ചോർച്ച: കെഎസ്‌യു ഡിഡിഇ ഓഫിസ് മാർച്ച് നടത്തി
Mail This Article
പാലക്കാട് ∙ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യച്ചോർച്ചയിൽ പ്രതിഷേധിച്ച് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്ക് മാർച്ച് നടത്തി. ഡിഡിഇയെ ഉപരോധിക്കാനായി ഓഫിസിന് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തുടർന്ന് ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി.
ചോദ്യങ്ങൾ ചോർത്തി സ്വകാര്യ ട്യൂഷൻ സെന്ററിന്റെ യുട്യൂബ് ചാനൽ വഴി വിദ്യാർഥികൾക്ക് എത്തിച്ചു നൽകിയ നടപടി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി പറഞ്ഞു. സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ കള്ളപ്പണം നിക്ഷേപവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർപഴ്സൻ നിതിൻ ഫാത്തിമ, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം, ജില്ലാ സെക്രട്ടറിമാരായ വിപിൻ വിജയൻ, ഗോപകുമാർ പൂക്കാടൻ, മുഹമ്മദ് ഇഖ്ബാൽ, നിയോജകമണ്ഡലം പ്രസിഡന്റ് അമൽ കണ്ണാടി, വിവേക് കുഴൽമന്ദം, പ്രജിൽ മരുതറോഡ്, സുമിത് കണ്ണാടി, മുഹമ്മദ് ഷാ എന്നിവർ സമരത്തിനു നേതൃത്വം നൽകി.