ദുരന്തമേഖലയായ പനയംപാടത്ത് അലൈൻമെന്റ് മാറ്റാൻ നിർദേശം
Mail This Article
പാലക്കാട് ∙ ദേശീയപാതയിൽ ലോറി ദേഹത്തേക്കു മറിഞ്ഞ് 4 വിദ്യാർഥിനികൾ ദാരുണമായി കൊല്ലപ്പെട്ട പനയംപാടത്തു കോൺക്രീറ്റ് ബാരിക്കേഡുകൾ നിർമിക്കാനും റോഡ് അലൈൻമെന്റ് മാറ്റാനും ഉൾപ്പെടെ നിർദേശിച്ച് വിവിധ വകുപ്പുകളുടെ സംയുക്ത റിപ്പോർട്ട് കലക്ടർക്കു കൈമാറി. ഇന്നു വൈകിട്ടു നാലിനു തിരുവനന്തപുരത്ത് മരാമത്ത്, ഗതാഗതം, വൈദ്യുതി മന്ത്രിമാരുടെ സാന്നിധ്യത്തിൽ റിപ്പോർട്ട് ചർച്ച ചെയ്യും.മോട്ടർ വാഹന വിഭാഗം, പൊതുമരാമത്ത് ദേശീയപാത ഡിവിഷൻ വകുപ്പുകളും പൊലീസും കൂടിയാലോചിച്ചാണു ജില്ലാ കലക്ടർ ഡോ.എസ്.ചിത്രയ്ക്കു റിപ്പോർട്ട് നൽകിയത്. തുടർച്ചയായി അപകടമുണ്ടാകുന്ന ദുബായ്കുന്നു മുതൽ പനയംമ്പാടം വളവു വരെ 600 മീറ്റർ സ്ഥലത്തെ അലൈൻമെന്റിൽ മാറ്റം വരുത്തി റോഡിന്റെ ഉയരം കുറയ്ക്കാനാണു ദീർഘകാല നടപടികളിലെ പ്രധാന നിർദേശം. അതിനു ദേശീയപാത അതോറിറ്റിയുടെ എൻജിനീയറിങ് പഠനം വേണം. സ്ഥിരം അപകടമേഖല എന്ന നിലയിൽ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിനും നടപടിക്ക് അനുമതി നൽകാം.
പാതയിൽ മറ്റു ഭാഗത്തുള്ള അപാകതകളും കൃത്യമായി കണ്ടെത്താൻ പഠനം വേണം. സ്ഥിരം ഡിവൈഡറുകൾക്കൊപ്പം പനയംപാടത്ത് ക്യാമറകൾ സ്ഥാപിക്കണം. റോഡ് വീതി കൂട്ടാൻ ദേശീയപാത വിഭാഗം ചീഫ് എൻജിനീയർക്കു പ്രത്യേകം റിപ്പോർട്ട് നൽകും. റോഡിൽ ട്രാഫിക് അടയാളങ്ങൾ പുതുക്കാനും സിഗ്നൽ ലൈറ്റുകൾ ഉറപ്പാക്കാനും വാഹനയാത്രക്കാർക്കു കൂടുതൽ വ്യക്തത നൽകാൻ മുണ്ടൂർ ജംക്‌ഷനിൽ അടയാളങ്ങൾ സ്ഥാപിക്കാനും അഴുക്കുചാൽ നിറഞ്ഞ് റോഡിലേക്ക് ഒഴുകുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്. താൽക്കാലിക നടപടികൾക്ക് 10 ലക്ഷം രൂപയിലധികം ചെലവുള്ള എസ്റ്റിമേറ്റ് ദേശീയപാത വിഭാഗം ദേശീയപാത അതോറിറ്റിക്കു നൽകും. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ആർടിഒ സി.യു.മുജീബ്, ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.കെ.ഷമീർ ബാബു, മണ്ണാർക്കാട് ഡിവൈഎസ്പി സി.സുന്ദരൻ എന്നിവർ കലക്ടറുമായി പ്രാഥമിക ചർച്ച നടത്തി.