പറമ്പിക്കുളം കടുവസങ്കേതത്തിൽ ജൈവിക തടയണകൾ നിർമിച്ചു
Mail This Article
മുതലമട ∙ പറമ്പിക്കുളം കടുവസങ്കേതത്തിൽ വന്യജീവികൾക്കു ദാഹജലത്തിനായി വിദ്യാർഥികളുടെ നേതൃത്വത്തിൽ നീർച്ചാലുകളിൽ ജൈവിക തടയണകൾ നിർമിച്ചു. കൊല്ലങ്കോട് ആശ്രയം റൂറൽ ഡവലപ്മെന്റ് സൊസൈറ്റി, തൃശൂർ കാടകം പ്രകൃതി ക്ലബ് എന്നിവ വനംവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംസ്‌ഥാനതല പ്രകൃതി പഠന ക്യാംപിന്റെ ഭാഗമായാണു തടയണ നിർമിച്ചത്. മുതലമട ചുക്കിരിയാൽ വനമേഖലയിലെ ജീവജാലങ്ങളുടെയും, ജൈവിക വൈവിധ്യത്തെയും കുറിച്ചുള്ള പഠനം, പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ എന്നിവയും നടത്തി.
ഗുരുവായൂർ ശ്രീകൃഷ്ണ കോളജ്, തൃശൂർ കേരളവർമ കോളജ്, തൃശൂർ സെന്റ് അലോഷ്യസ് കോളജ്, ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളാണു ക്യാംപിൽ പങ്കെടുത്തത്. പറമ്പിക്കുളം കടുവാ സങ്കേതത്തിലെ റേഞ്ച് ഓഫിസർ എ.വിജിൻദേവ് ക്യാംപ് ഉദ്ഘാടനം ചെയ്തു. ഡോ.ആർ.ബ്രിനേഷ്, ഡോ.ജെയിൻ ജെ.തെറാട്ടിൽ, ഡോ.ബിജോയ്, സി.ബിഞ്ചു ജേക്കബ്, എസ്.ഗുരുവായൂരപ്പൻ എന്നിവർ ക്ലാസെടുത്തു. സി.പ്രശാന്ത്, റീത്താ അരവിന്ദ്, എ.ജി.ശശികുമാർ, അഭിജിത്, പി.അരവിന്ദാക്ഷൻ, ഹക്കീം പെരുമാട്ടി, എസ്.ശിവകുമാർ, സൂരജ്, അർജുൻ, സോനാ, മാലതി എന്നിവർ ക്യാംപിനു നേതൃത്വം നൽകി.