ADVERTISEMENT

എരുത്തേമ്പതി ∙പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ എല്ലായിടത്തേക്കും ശുദ്ധജലമെത്തിക്കാനാവാതെ ജല അതോറിറ്റി. പൊട്ടൽ കണ്ടെത്താനായി കുഴിയെടുത്ത് മടുത്തിരിക്കുകയാണു വകുപ്പ്. പഞ്ചായത്തിലെ പലയിടങ്ങളിലും ശുദ്ധജലം ലഭിക്കുന്നില്ലെന്നും വ്യാപക പരാതി. ഒന്നിടവിട്ട ദിവസങ്ങളിലാണ് പഞ്ചായത്തിലേക്ക് ശുദ്ധജല വിതരണം നടത്തുന്നത്. എന്നാൽ അതുപോലും കൃത്യമായി ലഭിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.സ്വകാര്യ കമ്പനികളുടെയും കെഎസ്ഇബിയുടെയും കേബിളുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡിന്റെ വശങ്ങൾ കുഴിക്കുന്നതും റോഡ് പണിയുടെ ഭാഗമായി ഭാരവാഹനങ്ങൾ പോകുന്നതും പൈപ്പ് പൊട്ടുന്നതിന്റെ പ്രധാന കാരണമാണ്. 

എന്നാൽ ഇവർ കുഴിയെടുക്കുന്നതും പണി കഴിഞ്ഞയുടൻ മണ്ണിട്ടു മൂടുന്നതും കാരണം പൊട്ടൽ എവിടെയാണെന്നു കണ്ടെത്താൻ ജല അതോറിറ്റിയുടെ തൊഴിലാളികൾ പ്രയാസപ്പെടുകയാണ്. ഒരു പൊട്ടൽ കണ്ടെത്താൻ മീറ്ററുകളോളം കുഴിച്ചുനോക്കേണ്ട അവസ്ഥയാണുള്ളത്.പൊട്ടലിലൂടെ ശുദ്ധജലം പാഴാകുന്നതിനാൽ സംഭരണിയിൽ നിന്നു വെള്ളം തുറന്നാലും ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് എത്താത്ത സ്ഥിതിയുണ്ട്. പലയിടത്തും ദിവസങ്ങളോളം ശുദ്ധജലം മുടങ്ങുന്ന സാഹചര്യമാണുള്ളത്. 

പലയിടത്തും പൊട്ടലുകളിലൂടെ വലിയ തോതിൽ വെള്ളം പാഴാകുന്നുണ്ട്. പരിമിതമായ തൊഴിലാളികളെ ഉപയോഗിച്ച് എല്ലായിടത്തെയും പൊട്ടലുകൾ നന്നാക്കാൻ സമയമെടുക്കും.കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലും സമാന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ ജലവിതരണം പഴയപടിയാകാൻ താമസമുണ്ടാകുമെന്നും ജനങ്ങൾ അതിനനുസരിച്ചു ശുദ്ധജലം സംഭരിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും ജല അതോറിറ്റി അധികൃതർ പറഞ്ഞു.

English Summary:

Recurring pipe bursts plague Eruthampathy, causing widespread water shortages. The damage is largely attributed to digging by private companies and KSEB, leading to unreliable water supply and significant water waste.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com