ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും; ബോർഡും ബാനറും നീക്കാൻ ഉദ്യോഗസ്ഥരുടെ നെട്ടോട്ടം
Mail This Article
പാലക്കാട് ∙‘ഇന്നു കൂടി സമയം തരാം, അല്ലെങ്കിൽ ഉദ്യോഗസ്ഥർ പോക്കറ്റിൽ നിന്നെടുത്തു പിഴ അടയ്ക്കേണ്ടി വരും’– ഹൈക്കോടതി മുന്നറിയിപ്പു നൽകിയതോടെ അനധികൃതമായി സ്ഥാപിച്ച ഫ്ലെക്സ്, ബോർഡ്, ബാനർ എന്നിവ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരുടെ നെട്ടോട്ടം. ഞായറാഴ്ച പോലും തദ്ദേശ സെക്രട്ടറിമാർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘം നേരിട്ടിറങ്ങിയതോടെ മൂന്നു ദിവസം കൊണ്ടു ജില്ലയിലെ 88 പഞ്ചായത്തുകളിലും 7 നഗരസഭകളിലും നിന്നായി നീക്കിയത് 8,937 ബോർഡുകൾ. ഫ്ലെക്സ്, ബാനർ, ബോർഡ്, ഹോർഡിങ് എന്നിവ ഉൾപ്പെടെയാണിത്. നാലു ലക്ഷത്തിലേറെ രൂപ പിഴ ഈടാക്കി. വാഹന ഡ്രൈവർമാർക്കു കാഴ്ച തടസ്സമാകുന്ന വിധം ദേശീയപാതകളിൽ ഉൾപ്പെടെ സ്ഥാപിച്ച നൂറിലേറെ ബോർഡുകളും നീക്കം ചെയ്തു. രാഷ്ട്രീയപാർട്ടികളുടേതായിരുന്നു ഇതിൽ കൂടുതലും.
പാലക്കാട് നഗരസഭയാണ് ഏറ്റവും കൂടുതൽ ബോർഡുകൾ നീക്കം ചെയ്തത്. ഇന്നലെ മാത്രം ഫ്ലെക്സ് (231), ബോർഡ് (99), ഹോർഡിങ് (48) എന്നിങ്ങനെ നീക്കം ചെയ്തു. 80% അനധികൃത ബോർഡുകളും നീക്കം ചെയ്തതായി നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ അറിയിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ലെക്സ്, ബോർഡ്, ഹോർഡിങ് എന്നിവ നീക്കം ചെയ്യാനുണ്ട്. ഇവ ഇന്നുകൂടി നീക്കം ചെയ്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.പഞ്ചായത്ത് തലത്തിൽ ആലത്തൂരാണ് ഏറ്റവും കൂടുതൽ ബോർഡുകൾ നീക്കം ചെയ്തത്. ഇന്നലെ മാത്രം 155 എണ്ണം. അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റും നീക്കം ചെയ്യാൻ ഹൈക്കോടതി നൽകിയ സമയം ഇന്ന് അവസാനിക്കും.
ഇന്നു വൈകിട്ടോടെ പരമാവധി ബോർഡുകൾ നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥർ. റവന്യു ഇൻസ്പെക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ, എൻജിനീയറിങ് വിഭാഗം ഓവർസീയർ, സാനിറ്റേഷൻ വർക്കർമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചാണു പരിശോധനയും നടപടിയും. പലയിടത്തും സെക്രട്ടറിമാരും എൻജിനീയർമാരും നേരിട്ടിറങ്ങി. ഭീഷണിയുണ്ടായാൽ നേരിടാൻ പൊലീസിന്റെ സഹായത്തോടെയായിരുന്നു നടപടി. ഓരോ ദിവസവും നീക്കം ചെയ്ത ബോർഡുകളുടെയും മറ്റും എണ്ണവും ഈടാക്കിയ പിഴയും റജിസ്റ്ററിൽ രേഖപ്പെടുത്തുന്നുണ്ട്. അതേസമയം രാഷ്ട്രീയ പാർട്ടികളുടെയും സർവീസ് സംഘടനകളുടെയും ബോർഡുകൾ നീക്കം ചെയ്യാതിരിക്കാൻ സമ്മർദമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.