ADVERTISEMENT

മംഗലംഡാം ∙ കശുവണ്ടി വികസന കോർപറേഷന്റെ മോഹന വാഗ്ദാനങ്ങൾ കേട്ട് റബർ മരങ്ങൾ മുറിച്ചു മാറ്റിയ സ്ഥലത്തു കശുമാവ് കൃഷി ചെയ്ത കർഷകൻ വെട്ടിലായി. റബർ കൃഷി ചെയ്ത് ആദായം ലഭിക്കാനുള്ള കാലതാമസവും റബർ മേഖലയിലെ പ്രതിസന്ധികളുമാണ് തൈകൾ നട്ട് രണ്ടോ മൂന്നോ വർഷം മുതൽ ആദായം ലഭിക്കുന്ന, കാര്യമായ പരിചരണം ആവശ്യമില്ലാത്ത കശുമാവ് കൃഷിയിലേക്ക് 70 പിന്നിട്ട കർഷകനായ തോമസ് ഇലഞ്ഞിമറ്റം മാറിയത്.

ആയിരത്തി നാനൂറോളം റബർ മരങ്ങൾ മുറിച്ചു മാറ്റിയ ഏഴ് ഏക്കറോളം വരുന്ന സ്ഥലത്ത് മണ്ണുത്തി കശുവണ്ടി വികസന കോർപറേഷന്റെ മാർഗനിർദേശങ്ങളനുസരിച്ചാണ് 2017-18ൽ മുന്തിയ ഇനം 500 കശുമാവിൻ തൈകൾ നട്ടത്. നല്ല രീതിയിൽ വളർന്ന തൈകൾ രണ്ടാം വർഷം തന്നെ കായ്ച്ചു തുടങ്ങി. മരം വളരുന്നതിനനുസരിച്ചു വിളവും കൂടി വന്നെങ്കിലും രണ്ടു വർഷമായി ആദായമൊന്നും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. 

പൂവും കായും നിറഞ്ഞ കശുമാവിൻ തോട്ടത്തിലേക്കു കൂട്ടമായെത്തുന്ന കുരങ്ങുകളും വവ്വാലുകളും മരപ്പട്ടിയും  മലയണ്ണാനും മുള്ളൻ പന്നിയുമൊക്കെ മുഴുവൻ നശിപ്പിക്കുകയാണ്.കാട്ടുമൃഗങ്ങളുടെ ഉപദ്രവത്തിനും തനിക്കുണ്ടായ നഷ്ടത്തിനും പരിഹാരം തേടി തൊട്ടടുത്തുള്ള ഫോറസ്റ്റ് സ്റ്റേഷനിൽ പോയെങ്കിലും സഹായമൊന്നും ലഭിച്ചില്ലെന്നാണു കർഷകന്റെ പരാതി. കൃഷിവകുപ്പിൽ പരാതി ബോധിപ്പിച്ചപ്പോൾ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചയാൾക്കു ലഭിച്ചതു പതിനായിരം രൂപ മാത്രം.

കശുമാവ് കൃഷിക്കു പ്രോത്സാഹനം നൽകിയവരാകട്ടെ അന്നു നൽകിയ വാഗ്ദാനങ്ങളും പാലിക്കുന്നില്ല. ഈ വർഷവും കശുമാവെല്ലാം പൂത്തു തുടങ്ങിയിട്ടുണ്ടെന്നും വിളവെടുപ്പു വരെ കാട്ടുമൃഗങ്ങളിൽ നിന്നു കൃഷിക്കു സംരക്ഷണം വേണമെന്നും കഴിഞ്ഞ വർഷങ്ങളിലുണ്ടായ വിളനാശത്തിനു മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നുമാണു കർഷകന്റെ ആവശ്യം.

English Summary:

Kerala farmer faces hardship after switching to cashew cultivation due to wild animal damage. Despite initial promising yields, he’s now suffering significant crop losses and inadequate compensation from the authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com