ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Mail This Article
പട്ടാമ്പി ∙ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പട്ടാമ്പി നമ്പ്രം റോഡിൽ നിന്നാണ് ഒന്നര കിലോ കഞ്ചാവുമായി മരുതൂർ പൂവക്കോട് കോലോത്തൊടി മനീഷിനെ (28) പൊലീസ്അറസ്റ്റ് ചെയ്തത്. ലഹരി മാഫിയ സംഘങ്ങൾക്കെതിരെ നടത്തുന്ന കർശന നടപടികളുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ആർ ആനന്ദിന്റെ നിർദേശ പ്രകാരം പട്ടാമ്പി മേഖലയിൽ ലഹരിക്കടത്തും വിൽപനയും തടയുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ലക്ഷങ്ങൾ വില വരുമെന്ന് പൊലീസ് പറഞ്ഞു. പട്ടാമ്പി മേഖലയിലെ കോളജ്, സ്കൂൾ വിദ്യാർഥികളെയും മറ്റും ലക്ഷ്യം വച്ച് ചില്ലറ വിൽപനക്കാർക്ക് വിൽപന നടത്തുന്നയാളാണ് പ്രതിയെന്നു പൊലീസ് പറഞ്ഞു.
മാസങ്ങളോളം പൊലീസ് നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് അറസ്റ്റ്. അടിപിടി, കഞ്ചാവ് കടത്ത്, പോക്സോ തുടങ്ങിയ 14 കേസുകളിലെ പ്രതിയാണ് പിടിയിലായതതെന്നും പ്രതിക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. മേഖലയിൽ ലഹരി വിൽപനയും ഉപയോഗവും നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായി നിരവധി കേസുകൾ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇത്തരത്തിലുള്ള കേസുകളിൽ ഉൾപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ട് കെട്ടുന്നതും കാപ്പ ചുമത്തുന്നതും ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പട്ടാമ്പി പൊലീസ് ഇൻസ്‌പെക്ടർ പി. കെ. പത്മരാജൻ, എസ്ഐ കെ. മണികണ്ഠൻ. എസ്‍സിപിഒ എസ്. സന്ദീപ്., സിപിഒ മിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. . കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെ കുറിച്ചും അന്വേഷണം ഊർജിതമാക്കിയതായും ലഹരി കടത്തിൽ ഏർപ്പെടുന്ന കൂടുതൽ പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.