ആർക്കും പ്രയോജനമില്ലാതെ കുപ്പൂത്ത്–പടത്തിലാൽ റോഡ്; തകർന്നിട്ട് 15 വർഷം
Mail This Article
വിളയൂർ ∙ പരാതികൾ നൽകി വർഷങ്ങളായി കാത്തിരുന്നിട്ടും കുപ്പൂത്ത്–പടത്തിലാൽ റോഡിനു ശാപമോക്ഷമില്ല. തിരഞ്ഞെടുപ്പുകൾ വരുമ്പോൾ വോട്ടുകൾ നേടാൻ രാഷ്ട്രീയ പാർട്ടികൾക്ക് ചർച്ചാ വിഷയമാകും എന്നതൊഴിച്ചാൽ നാട്ടുകാർക്ക് പ്രയോജനമില്ലാതെ വർഷങ്ങളായി തകർന്നുകിടക്കുകയാണ് കുപ്പൂത്ത് റോഡ്. പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 11, 15 വാർഡുകളിലൂടെ കടന്ന് പോകുന്ന പടത്തിലാൽ കുപ്പൂത്ത് റോഡ് ആണ് 15 വർഷത്തോളമായി ആരും തിരിഞ്ഞുനോക്കാതെ തകർന്നിരിക്കുന്നത്.
പുലാമന്തോൾ, വിളയൂർ ഭാഗങ്ങളിൽ നിന്നു കൂരാച്ചിപ്പടി, എടപ്പലം വഴി മൂർക്കനാട്ടേക്കും തിരുവേഗപ്പുറ വഴി വളാഞ്ചേരിയിലേക്കും പോകുന്ന പാതയിലേക്ക് ചേരുന്ന ഗ്രാമീണ റോഡ് അവഗണനയിലാണ്. പാലോളികുളമ്പ് - വളപുരം പാലം യാഥാർഥ്യമായതോടെ മലപ്പുറം ജില്ലയുടെ കുളത്തൂർ, ചെമ്മലശ്ശേരി, കുരുവമ്പലം ഭാഗങ്ങളിൽ നിന്നും തിരിച്ചും ഇതുവഴി ഇപ്പോൾ വാഹനങ്ങളുടെ തിരക്കാണ്. പാലക്കാട്, മലപ്പുറം ജില്ലയുടെ ഇരു കരകളും കാർഷിക മേഖലയായതിനാൽ തന്നെ കാർഷികവിളകൾക്ക് വിപണി കണ്ടെത്താനും സ്കൂൾ, കോളജുകളിലേക്കുള്ള യാത്രയ്ക്കും ഇരു ജില്ലക്കാരും ആശ്രയിക്കുന്ന വഴിയോട് എന്തിനീ പക എന്നാണ് ഗ്രാമവാസികൾ ചോദിക്കുന്നത്.
പേരടിയൂർ - കണ്ടേങ്കാവ് - മുക്കിലപ്പീടിക റോഡ് റബറൈസ് ചെയ്ത മാതൃകയിൽ അതേ പാതയുടെ ബാക്കി ഭാഗമായ പടത്തിലാൽ കുപ്പൂത്ത് റോഡും ബിഎം ആൻഡ് ബിസി ചെയ്ത് നവീകരിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യവുമായി ഗ്രാമസഭയിൽ അടക്കം പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനിടെ ഗതാഗതത്തിന് യോഗ്യമല്ലാത്ത വിധം റോഡ് തകർന്നപ്പോൾ നാട്ടുകാരിൽ നിന്നു പിരിവെടുത്ത് റോഡ് പണി നടത്തുന്നതിന് ചിലർ ശ്രമം നടത്തിയിരുന്നു.
ഇത് ചർച്ചയായപ്പോൾ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും റോഡിനു മോക്ഷം ഉണ്ടായില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കുപ്പൂത്ത് റോഡ് മുതൽ കളരി ക്ഷേത്രം വരെ താൽക്കാലികമായി കുഴികളടച്ചെങ്കിലും മോശം പണിയായതിനാൽ വീണ്ടും തകർന്നു. വിളയൂർ - കൂരാച്ചിപ്പടി പാതയിൽ നിന്ന് കുപ്പൂത്ത് റോഡ് ഭാഗം മുതൽ നിറയെ കുഴികളാണ്. ഇപ്പോൾ ഈ വഴിയിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരിക്കുകയാണ്. കുപ്പൂത്ത് പടത്തിലാൽ റോഡ് ഗതാഗതയോഗ്യമായി കിട്ടാൻ ഇനി ആരോട് പരാതിപ്പെടണം എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.