രാത്രിയിൽ വാൽപാറ നഗരം പുലിപ്പേടിയിൽ; പ്രദേശവാസികൾ ഭീതിയിൽ
Mail This Article
വാൽപാറ∙ നഗരം രാത്രി 10 മണിക്കു ശേഷം പുലികളുടെയും മറ്റു മൃഗങ്ങളുടെയും താവളമായി മാറിക്കൊണ്ടിരിക്കുന്നതായി നാട്ടുകാർ. കൂടുതൽ കരുതലോടെ വേണം രാത്രി കാലങ്ങളിൽ പുറത്തിറങ്ങാനെന്നു മുന്നറിയിപ്പ്. കഴിഞ്ഞ രാത്രി 10ന് നഗരത്തിലെ വാഴത്തോട്ടം കോളജ് ജംക്‌ഷനിൽ ഒരു പുലി ഏകദേശം അര മണിക്കൂറോളമാണ് നിലയുറപ്പിച്ചിരുന്നത്. പിന്നീട് ഈ പുലി ഇവിടത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് പോകുന്നത് പലരും കണ്ടതായി പറയുന്നു.മാത്രമല്ല ഈ ദൃശ്യം ഇവിടെ സ്ഥാപിച്ച സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ നാലഞ്ചു ദിവസങ്ങൾക്കു മുൻപ് കോഓപ്പറേറ്റിവ് കോളനിയിൽ മലയാളിയായ മരക്കട സ്റ്റാലിയുടെ വീട്ടുമുറ്റത്ത് എത്തിയത് രണ്ടു പുലികളണ്. തൊട്ടടുത്ത ദിവസം ഈ കോളനിയിലെ മിസ്റ്റി ക്രീക് കോട്ടേജിനു സമീപം രണ്ടു പുലികൾ നടന്നു നീങ്ങുന്നതും കണ്ടിരുന്നു. കാമരാജ് നഗർ, കക്കാൻ കോളനി എന്നിവിടങ്ങളിലിറങ്ങിയ പുലി ആടുകളെയും കോഴികളെയും വലിച്ചിഴച്ചു കൊണ്ടുപോയതായും നാട്ടുകാർ പറഞ്ഞു. പുലിയുടെ ശല്യം മാത്രമല്ല, കരടിയും സിംഹവാലൻ കുരങ്ങുകളും ഓരോ ദിവസവും നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.