മുല്ലപ്പൂവിന്റെ വില കേട്ടാൽ ‘വിറയൽ’ തുടങ്ങും; കിലോയ്ക്ക് 2200 രൂപ, മകരമാസത്തിൽ 6000 രൂപയിലേക്ക് എത്താൻ സാധ്യത
Mail This Article
പാലക്കാട് ∙ തണുപ്പുകാലം തുടങ്ങിയതോടെ മുല്ലപ്പൂവിന്റെ വില കേട്ടാൽ ‘വിറയൽ’ തുടങ്ങും. ഒരു കിലോ മുല്ലപ്പൂവിന് 2000– 2200 രൂപയാണു വില. കഴിഞ്ഞ ആഴ്ച 3,000 രൂപവരെയെത്തി. അവധി, ആഘോഷ, മുഹൂർത്ത ദിവസങ്ങളാകുമ്പോൾ വില 3000– 4000 രൂപയിലേക്കു കുതിക്കും. മകരമാസത്തിൽ വിവാഹ മുഹൂർത്തം കൂടിയാകുന്നതോടെ ഇപ്പോഴത്തെ സാഹചര്യത്തിൽ വില 5000– 6000 രൂപ വരെ ആകാൻ സാധ്യതയുണ്ടെന്നു വ്യാപാരികൾ പറയുന്നു.
കഴിഞ്ഞവർഷം ഡിസംബറിൽ തന്നെ വില 6,000 രൂപയിലെത്തിയിരുന്നു. തണുപ്പുകാലത്തു മുല്ലപ്പൂവിന്റെ ഉൽപാദനം വളരെ കുറയും. പൂവു ചെറുതാകും. ഇതാണു വിലക്കയറ്റത്തിനു കാരണം. സമീപകാലത്തു തമിഴ്നാട്ടിൽ മഴ കനത്തതും മുല്ലപ്പൂക്കൃഷിക്കു കനത്ത തിരിച്ചടിയായി. കോയമ്പത്തൂർ, മധുര, സത്യമംഗലം ഭാഗങ്ങളിൽ നിന്നാണു പാലക്കാട്ടേക്കു മുല്ലപ്പൂ എത്തിക്കുന്നത്. സമീപ ജില്ലയായതിനാൽ പാലക്കാട്ട് താരതമ്യേന വില കുറവായിരിക്കും. പാലക്കാടിനപ്പുറം കടന്നാൽ മുല്ലപ്പൂവില ഇനിയും കുതിക്കും.