മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ ആവേശമുണ്ടാക്കിയില്ല; വിമർശനവുമായി സിപിഐ
Mail This Article
പാലക്കാട് ∙ സിപിഐയുടെ ഉപതിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോസ് ബേബിക്കും പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിനും എതിരെ കടുത്ത വിമർശനം. മേഖല തിരിച്ചായിരുന്നു നേതാക്കൾക്കു ചുമതല. എന്നാൽ തച്ചങ്കാടിന്റെ ചുമതലയുണ്ടായിരുന്ന ജോസ് ബേബി വല്ലപ്പോഴും വന്നുപോകുന്ന സ്ഥിതിയായിരുന്നു. കുറിച്ചാംകുളത്തിന്റെ ചുമതലയുണ്ടായിരുന്ന മുഹമ്മദ് മുഹസിൻ ഒന്നു രണ്ടു തവണ ഷോ വർക്ക് നടത്തി മടങ്ങിയെന്നും ആരോപിക്കുന്നു.പിരായിരി പഞ്ചായത്തിൽ താമസിച്ചു പ്രവർത്തിച്ചാൽ ഗുണം ചെയ്യുമെന്ന സിപിഎം അഭ്യർഥന മുഹസിൻ സ്വീകരിക്കാഞ്ഞതു വൻവീഴ്ചയാണ്.മേഖലയിലെ ചുമതലക്കാരുടെ യോഗത്തിൽ ഒരു തവണ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. ജോസ് ബേബി ഒരുതവണ പോലും പങ്കെടുത്തില്ല.
മണ്ഡലത്തിൽ എൽഡിഎഫിന് അടിസ്ഥാന വോട്ടുകൾ കുറയുകയും ബിജെപിക്ക് അത് ലഭിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.പാർട്ടിക്കു മികച്ച തിരഞ്ഞെടുപ്പു സംവിധാനം ഉറപ്പാക്കാൻ കഴിഞ്ഞുവെന്നു ചുമതലയുണ്ടായിരുന്ന പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ വിലയിരുത്തി.ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജാണ് ഏകോപനം നടത്തിയത്. തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ മുരളി താരേക്കാട് പാർട്ടി നിലപാടു കൃത്യമായി അവതരിപ്പിച്ചു. മുഹമ്മദ് മുഹസിനും ജോസ് ബേബിക്കുമെതിരെ ശക്തമായ നടപടി വേണമെന്ന് കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നു.
മുഹസിൻ പാർട്ടി മാറ്റത്തിനു ശ്രമിക്കുന്നതായി ആരോപണം ഉയർന്നു. വിഷയം സംസ്ഥാന നേതൃത്വത്തെ അതീവഗൗരവത്തോടെ ബോധിപ്പിക്കുമെന്നു ജില്ലാ സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.ചാ മുണ്ണിയും യോഗത്തിൽ പങ്കെടുത്തു. മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ അവധിയപേക്ഷ നൽകിയിരുന്നു.
മുഹമ്മദ് മുഹസിനും ജോസ് ബേബിക്കും എതിരെ ആരോപണം
പാലക്കാട് ∙ ട്രോളി ബാഗും പരസ്യ വിവാദവും മാത്രമല്ല, ലീഗ് അധ്യക്ഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആരോപണവും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്കു കാരണമായെന്നു സിപിഐ റിപ്പോർട്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ ആരോപണം എൽഡിഎഫിനു ശക്തിയല്ല ക്ഷീണമാണ് ഉണ്ടാക്കിയത്. മുസ്‌ലിം വോട്ടുകൾ യുഡിഎഫിന് അനുകൂലമായി ഏകീകരിക്കാൻ അതു വഴിവച്ചുവെന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ തിരഞ്ഞെടുപ്പിൽ ആവേശമുണ്ടാക്കിയില്ല. നീല ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നു എന്ന പരാതി തിരഞ്ഞെടുപ്പു കമ്മിഷനു വിട്ട് ഒഴിവാകേണ്ടിയിരുന്നു. വിവാദം യുഡിഎഫിൽ ഐക്യമുണ്ടാക്കി. ഇ.പി.ജയരാജന്റെ ആത്മകഥയെന്ന രീതിയിൽ പ്രചരിച്ച കാര്യങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥി പി.സരിനെ മോശമായി ചിത്രീകരിച്ചതു വോട്ടർമാരെ സ്വാധീനിച്ചു. വോട്ടെടുപ്പിനു തലേന്നു നൽകിയ പത്രപ്പരസ്യം ഇടതുപക്ഷത്തിന്റെ മതനിരപേക്ഷസ്വഭാവം നഷ്ടപ്പെടുത്തിയെന്ന വിലയിരുത്തൽ ജനങ്ങളിലുണ്ടാക്കി. ഘടകകക്ഷികളെ സിപിഎം നിരന്തരം തഴഞ്ഞെന്നും സിപിഐ ആരോപിക്കുന്നു.
തിരഞ്ഞെടുപ്പു കൺവൻഷനു ശേഷം ഒരു തവണയാണ് എൽഡിഎഫ് യോഗം ചേർന്നത്. തിരഞ്ഞെടുപ്പു നീക്കങ്ങളും ചർച്ചകളും ഘടകകക്ഷികൾ ഒരുതരത്തിലും അറിയേണ്ടെന്ന സമീപനം സിപിഎം സ്വീകരിച്ചു. സരിന്റെ അപ്രതീക്ഷിത സ്ഥാനാർഥിത്വം എൽഡിഎഫ് വിജയിക്കുമെന്ന പ്രതീതിയുണ്ടാക്കി. ആവേശത്തോടെയുള്ള പ്രചാരണത്തിനിടയിലും സർക്കാരിന്റെ വികസന പ്രവർത്തനം ജനത്തെ ബോധ്യപ്പെടുത്താൻ ശ്രമമുണ്ടായില്ല. എൽഡിഎഫ് വോട്ടർമാർക്കു പോലും സ്ലിപ്പ് എത്തിക്കുന്നതിൽ പരാജയപ്പെട്ടു. ഇരട്ടവോട്ടിൽ അവസാന ദിവസം നടത്തിയ കലക്ടറേറ്റ് മാർച്ച് ഫലം ചെയ്തില്ല. വോട്ടുവർധിച്ചത് എൽഡിഎഫിന് നേട്ടമാണ്. കർഷകരും കർഷകത്തൊഴിലാളികളും ഏറെയുള്ള കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിൽ ലക്ഷ്യമിട്ട വോട്ട് കിട്ടാത്തതിനു കാരണം നെല്ലെടുപ്പു വിഷയത്തിലെ സർക്കാർവിരുദ്ധ വികാരമാണ്. സർക്കാർ ജീവനക്കാരുടെ കുടുംബങ്ങളുടെ വോട്ടുകളും ലഭിച്ചില്ല. റിപ്പോർട്ട് ജില്ലാ എക്സിക്യൂട്ടീവും ജില്ലാ കൗൺസിലും അംഗീകരിച്ചു.