കാഞ്ഞിരപ്പുഴ വലതുകര കനാലിലൂടെ ജലവിതരണം ഇന്നു മുതൽ
Mail This Article
കാഞ്ഞിരപ്പുഴ ∙ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയിൽ നിന്നു തെങ്കര വലതുകര കനാലിലൂടെ ജലവിതരണം ഇന്ന് ആരംഭിക്കും. ഇതോടെ കർഷകരുടെ ഏറെ നാളത്തെ ആവശ്യത്തിനും പരിഹാരമാകും. രാവിലെ 10നാണു കനാലിന്റെ ഷട്ടർ തുറക്കുക. ജലവിതരണം സുഗമമാക്കാനായി പ്രധാന കനാലിലെയും ഉപ കനാലുകളിലെയും തടസ്സങ്ങൾ നീക്കം ചെയ്യുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു.
മണ്ണാർക്കാട്–ചിന്നത്തടാകം റോഡിൽ ആനമൂളി കനാൽ പാലം നിർമാണം പൂർത്തിയായതും കനാലിൽ നിർമിച്ച താൽക്കാലിക റോഡ് മാറ്റുകയും കനാലിലെ മണ്ണു നീക്കം ചെയ്യുകയും ചെയ്തതോടെയാണു വെള്ളം തുറന്നു വിടാൻ അധികൃതർ തീരുമാനിച്ചത്. 9.36 കിലോ മീറ്റർ വരുന്ന പ്രധാന കനാലിലൂടെയും ഇതിന്റെ ഭാഗമായി നിർമിച്ച ഉപ കനാലുകളിലൂടെയും ജലവിതരണം നടത്തും.
ആദ്യഘട്ടത്തിൽ കൈതച്ചിറ, മേലാമുറി, ചിറപ്പാടം, ചേറുംകുളം, മെഴുകുംപാറ എന്നീ മേഖലയിലെ കർഷകരാണു ജലവിതരണം ആവശ്യപ്പെട്ടിട്ടുള്ളത്. പ്രധാന കനാലിന്റെ വാലറ്റ പ്രദേശങ്ങളിൽ എത്തിയ ശേഷം മണലടി ഭാഗത്തെ ഉപകനാലിലൂടെയും വെള്ളം തുറന്നു വിടണമെന്ന ആവശ്യം കർഷകർ ഉന്നയിച്ചിട്ടുണ്ട്. വർമംകോട്, കാഞ്ഞിരം, അമ്പംകുന്ന്, തെങ്കര, മേലാമുറി, കൈതച്ചിറ, ചേറുംകുളം, തത്തേങ്ങലം, മെഴുകുംപാറ തുടങ്ങിയ വിവിധ മേഖലകളിൽ നൂറുകണക്കിനു കർഷകരുടെ ആശ്രയമാണു വലതുകര കനാൽ വെള്ളം.