കരുതലും കൈത്താങ്ങും അദാലത്തിൽ പരാതിപ്രവാഹം; ഏറ്റവുമധികം റവന്യു വകുപ്പിൽ
Mail This Article
ഒറ്റപ്പാലം∙ സംസ്ഥാന സർക്കാരിന്റെ ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തിൽ പരാതിപ്രവാഹം. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിമാരായ എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി എന്നിവർ നേരിട്ടു നടത്തിയ അദാലത്തിൽ ആകെ ലഭിച്ചത് 725 പരാതികൾ.ഇതിൽ 404 പരാതികൾ ഓൺലൈനായും അക്ഷയ സെന്ററുകൾ വഴിയും നേരത്തെ ലഭിച്ചവയാണ്. 321 പരാതികൾ അദാലത്ത് നടന്ന ഹാളിൽ സജ്ജീകരിച്ച കൗണ്ടറുകളിൽ തത്സമയവും ലഭിച്ചു. 223 പരാതികൾ തീർപ്പാക്കി പരാതിക്കാർക്കു മറുപടി നൽകി. തത്സമയം ലഭിച്ച പരാതികൾ പരിഹരിക്കാനായി ജില്ലാ കലക്ടർ മുഖേന ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയയ്ക്കും.
ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാൻ കഴിയാത്തവ സർക്കാരിന്റെ പരിഗണനയ്ക്കു വിടും. ലഭിച്ച പരാതികളിൽ 59 എണ്ണം അദാലത്തിൽ പരിഗണിക്കാൻ കഴിയാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഇവ നേരിട്ട് അതതു വകുപ്പുകളിലേക്കു കൈമാറും.അദാലത്തിൽ എംഎൽഎമാരായ പി.മമ്മിക്കുട്ടി, കെ.പ്രേംകുമാർ, ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര, എഡിഎം കെ.മണികണ്ഠൻ, ഒറ്റപ്പാലം സബ്കലക്ടർ ഡോ.മിഥുൻ പ്രേംരാജ്, ഒറ്റപ്പാലം തഹസിൽദാർ സി.എം.അബ്ദുൽ മജീദ് എന്നിവരും വിവിധ വകുപ്പുകളിലെ ജില്ല, താലൂക്ക്തല മേധാവികളും പങ്കെടുത്തു.
റവന്യു വകുപ്പിൽ 105 പരാതികൾ
ഒറ്റപ്പാലം∙ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ റവന്യു വകുപ്പിനെ ചൊല്ലി മാത്രം പരിഗണിച്ചത് 105 പരാതികൾ. തദ്ദേശഭരണ വകുപ്പുമായി ബന്ധപ്പെട്ട് 82, സിവിൽ സപ്ലൈസ് വകുപ്പു സംബന്ധിച്ച് 47 പരാതികളും പരിഗണിച്ചു. മോട്ടർ വാഹന വകുപ്പ്, ലോട്ടറി, സാമൂഹിക നീതി വകുപ്പുകളെ കുറിച്ച് ഓരോ പരാതികൾ മാത്രമാണു ലഭിച്ചത്. കിടപ്പുരോഗികളും ഭിന്നശേഷിക്കാരുമായ ചിലരുടെ റേഷൻ കാർഡുകൾ തത്സമയം മുൻഗണനാ വിഭാഗത്തിലേക്കു മാറ്റി നൽകി.
വെള്ളക്കരം കുടിശികയ്ക്ക് ഇളവു നൽകി
ഒറ്റപ്പാലം∙ പൂട്ടിക്കിടന്നിരുന്ന വീടിനു ചുമത്തപ്പെട്ട വൻതുക വെള്ളക്കരത്തിന് അദാലത്തിലൂടെ ഇളവ്. കല്ലുവഴി പത്തായപ്പുരയിൽ തങ്കമ്മയ്ക്കു വേണ്ടി മകൻ സി.സുദർശൻ നൽകിയ അപേക്ഷ പരിഗണിച്ചാണിത്. ഇവരുടെ പൂട്ടിക്കിടന്നിരുന്ന വീടിന് 34,511 രൂപയായിരുന്നു ബിൽ. അദാലത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിർദേശപ്രകാരം തുക 6470 രൂപയാക്കി കുറച്ചു. തങ്കമ്മ മകന്റെ ക്വാർട്ടേഴ്സിലാണ് 6 വർഷമായി താമസിക്കുന്നത്. ഗാർഹിക കണക്‌ഷനിലെ പൈപ് ലൈനിൽ സംഭവിച്ച ചോർച്ചയാണു ഭീമമായ സംഖ്യയുടെ ബാധ്യതയ്ക്കു വഴിയൊരുക്കിയതെന്നായിരുന്നു പരിശോധനയിലെ കണ്ടെത്തൽ.