ഭാരതപ്പുഴയിൽ കുത്തൊഴുക്കുണ്ടായാൽ പഴയ കൊച്ചിപ്പാലം ഒലിച്ചുപോകാൻ സാധ്യത
Mail This Article
ഷൊർണൂർ ∙ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള പഴയ കൊച്ചിപ്പാലത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കു പുതിയ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ നിർദേശം. പാലം സംരക്ഷിച്ചു നിലനിർത്താൻ സാധിക്കുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്ത് കമ്മിറ്റിയുടെ അന്തിമ തീരുമാനങ്ങൾ സർക്കാരിനെ അറിയിക്കാനാണു നിർദേശം. പൊതുമരാമത്ത് വകുപ്പിന്റെ റോഡ്സ് വിഭാഗം, ബ്രിജസ് വിഭാഗം എന്നിവയിൽ നിന്ന് ഓരോ ഉദ്യോഗസ്ഥരെയും, ജനപ്രതിനിധികളെയും ഉൾപ്പെടുത്തിയായിരിക്കും പുതിയ കമ്മിറ്റി.
പാലം ഇനി സംരക്ഷിച്ചുനിർത്താൻ ഭീമമായ ചെലവു വരുമെന്നും, ഭാരതപ്പുഴയിൽ ഇനിയൊരു കുത്തൊഴുക്കുണ്ടായാൽ പാലത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ കൂടി ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്നും കഴിഞ്ഞമാസങ്ങളിൽ പൊതുമരാമത്ത് ബ്രിജസ് വിഭാഗം സർക്കാരിനെ അറിയിച്ചിരുന്നു. 15 സ്പാനുകളിലായി 300 മീറ്റർ നീളത്തിലുള്ള പാലത്തിൽ ഷൊർണൂർ ഭാഗത്തു നിന്നുള്ള 6, 7, 8 സ്പാനുകൾ ഇതിനകം പൂർണമായും പുഴയിലേക്കു കൂപ്പുകുത്തിയിട്ടുണ്ട്. മലബാറിന്റെ കവാടമെന്നു പറയാവുന്ന കൊച്ചിൻ പാലം 2011 നവംബർ ഒന്നിനാണു തകർന്നുവീണത്.
മുൻവർഷങ്ങളിൽ പാലത്തിൽ പരിശോധന നടത്തിയിരുന്നു. പാലത്തിനു ബലക്ഷയം സംഭവിച്ചതിനാൽ ഉടൻ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് 2023ൽ സർക്കാരിനു കത്തുനൽകുകയും ചെയ്തിരുന്നു. എന്നാൽ പാലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പും ചില സംഘടനകളും സർക്കാരിനെ സമീപിച്ചതോടെയാണു പഴയ കൊച്ചിപ്പാലം പൊളിക്കൽ പാതിവഴിയിൽ നിന്നുപോയത്. പാലം പൊളിക്കുകയാണെങ്കിൽ അതിനു വേണ്ടിവരുന്ന ചെലവ്, എത്ര ദിവസംകൊണ്ടു പൊളിച്ചുനീക്കാൻ കഴിയും എന്നത് ഉൾപ്പെടെയുളള കാര്യങ്ങളും പുതിയ കമ്മിറ്റി ചർച്ചചെയ്യും.