വേനൽ എത്തും മുൻപേ ശുദ്ധജല ക്ഷാമം രൂക്ഷം; കിഴക്കഞ്ചേരിയിൽ നാല് വാർഡുകളിൽ ശുദ്ധജലമില്ല
Mail This Article
വടക്കഞ്ചേരി ∙ കിഴക്കഞ്ചേരി പഞ്ചായത്തിലെ 4 വാർഡുകളിൽ ശുദ്ധജലമില്ല. വെള്ളം കിട്ടാതെ ജനം ദുരിതത്തിലാകുമ്പോഴും അധികൃതർക്കു കുലുക്കമില്ല. പഞ്ചായത്തിലെ കണിച്ചിപ്പരുത, വെള്ളിക്കുളമ്പ്, ലവണപ്പാടം, ഒറവത്തൂർ, പനംകുറ്റി, പെരുംതുമ്പ, വാൽക്കുളമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ശുദ്ധജലം കിട്ടാത്ത സ്ഥിതിയാണ്. വേനൽ എത്തും മുൻപേ കിഴക്കഞ്ചേരി പഞ്ചായത്തിലെ 10, 16, 17, 18 വാർഡുകളിലെ പ്രദേശങ്ങളിൽ ശുദ്ധജലത്തിനായി വീട്ടമ്മമാർ നെട്ടോട്ടമോടുകയാണ്.
കണിച്ചിപ്പരുത പിട്ടുക്കാരിക്കുളമ്പിലുള്ള ശുദ്ധജല ടാങ്കിലേക്കുള്ള വെള്ളത്തിന്റെ സ്രോതസ്സായ കുഴൽക്കിണറിൽ ആവശ്യത്തിനു വെള്ളമില്ലാത്തതിനാൽ വാട്ടർ കണക്‌ഷനുള്ള 350 വീടുകളിൽ ടാപ്പ് തുറന്നാൽ മിക്ക സമയത്തും കാറ്റു മാത്രമാണു വരുന്നതെന്നു വീട്ടമ്മമാർ പറഞ്ഞു. വെള്ളം വന്നില്ലെങ്കിലും ബിൽ കൃത്യമായി അടച്ചേ പറ്റു.ശുദ്ധജലക്ഷാമത്തിന്റെ ഇരകളാകുന്നവർ കൂടുതൽ പേരും കൂലിപ്പണിക്കു പോകുന്നവരാണ്. പണി കഴിഞ്ഞു വൈകുന്നേരം വന്നാൽ പലർക്കും കിലോമീറ്ററുകൾ നടന്നു വേണം ശുദ്ധജലം ശേഖരിക്കാൻ.
വാൽക്കുളമ്പിലെ പൊതുപ്രവർത്തകനായ വി.എം.സുലൈമാന്റെ നേതൃത്വത്തിൽ ഉപഭോക്താക്കളിൽ നിന്ന് ഒപ്പുശേഖരണം നടത്തി പഞ്ചായത്തിലും മറ്റും പലതവണ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണു പരാതി. കളക്ടർക്കും പരാതി കൊടുത്തിട്ടുണ്ട്. പുതിയ കുഴൽക്കിണർ കുഴിച്ചു ശുദ്ധജല പ്രശ്നത്തിനു പരിഹാരമുണ്ടാക്കാനാണു ശ്രമമെന്നു പഞ്ചായത്ത് അംഗം പോപ്പി പറഞ്ഞു. ശുദ്ധജലക്ഷാമം പരിഹരിച്ചില്ലെങ്കിൽ കിഴക്കഞ്ചേരി പഞ്ചായത്തിനു മുൻപിൽ ഉപരോധസമരം നടത്തുമെന്നു നാട്ടുകാർ പറഞ്ഞു.