വീട്ടിൽ നിർത്തിയിട്ട ഇരുചക്രവാഹനം തീയിട്ടു നശിപ്പിച്ചു
Mail This Article
വണ്ടിത്താവളം ∙ കന്നിമാരി കുറ്റിക്കൽ ചള്ളയിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിനു തീയിട്ടു. കന്നിമാരി കുറ്റിക്കൽ ചള്ള സ്വദേശി എസ്.ഭക്തവത്സലന്റെ വാഹനമാണ് രാത്രിയിൽ അജ്ഞാതൻ കത്തിച്ചത്. പിപിഇ കിറ്റും വെൽഡിങ് ഗ്ലാസും ധരിച്ചു മുഖം മറച്ചെത്തിയ ആൾ വാഹനത്തിനു സമീപമെത്തി ഇന്ധനമൊഴിച്ചു തീയിടുന്ന ദൃശ്യം വീടിനു മുന്നിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 10.15 നാണു സംഭവം. വീട്ടുകാർ ഉറങ്ങിയിരുന്നു. സംഭവസമയത്തു വീട്ടിൽ ഭക്തവത്സലനും അച്ഛമ്മയുമാണുണ്ടായിരുന്നത്. പൊട്ടിത്തെറി ശബ്ദം കേട്ടാണ് ഇവർ പുറത്തു വന്നത്. വെള്ളമൊഴിച്ചു തീ അണയ്ക്കുകയായിരുന്നു. മീനാക്ഷിപുരം പൊലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യക്തിവൈരാഗ്യമാവാം എന്നാണു പൊലീസ് പ്രാഥമികമായി നൽകുന്ന വിവരം. ടിവി മെക്കാനിക്കാണ് ഭക്തവത്സലൻ.