കരുതലും കൈത്താങ്ങും: മണ്ണാർക്കാട് താലൂക്ക് അദാലത്തിൽ ലഭിച്ചത് 394 പരാതികൾ
Mail This Article
മണ്ണാർക്കാട്∙ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണാൻ മണ്ണാർക്കാട് നടത്തിയ കരുതലും കൈത്താങ്ങും അദാലത്തിൽ 394 പരാതികൾ ലഭിച്ചു. ഇതിൽ 166 പരാതികൾ നേരത്തെ ഓൺലൈൻ, അക്ഷയ സെന്ററുകൾ എന്നിവ മുഖേന ലഭിച്ചതാണ്. 228 പരാതികൾ അദാലത്തിൽ സജ്ജീകരിച്ച കൗണ്ടറുകളിൽ തത്സമയവും ലഭിച്ചു. 133 പരാതികളിൽ പരാതിക്കാർക്ക് മറുപടി നൽകി. തത്സമയം ലഭിച്ച പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ കലക്ടർ മുഖേന ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയയ്ക്കും. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത പരാതികൾ സർക്കാരിലേക്ക് കൈമാറും.
മണ്ണാർക്കാട് കല്ലടി എംഇഎസ് കോളജ് ഓഡിറ്റോറിയത്തിൽ നടത്തിയ അദാലത്തിൽ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ് എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, കെ. ശാന്തകുമാരി, മണ്ണാർക്കാട് നഗരസഭാ അധ്യക്ഷൻ സി. മുഹമ്മദ് ബഷീർ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.എം.സലീം (തച്ചനാട്ടുകര), പി.എസ്. രാമചന്ദ്രൻ (കരിമ്പ), രാജൻ ആമ്പാടത്ത് (കുമരംപുത്തൂർ), എ.ഷൗക്കത്ത് (തെങ്കര), കലക്ടർ ഡോ. എസ്.ചിത്ര, ഒറ്റപ്പാലം സബ് കലക്ടർ ഡോ. മിഥുൻ പ്രേംരാജ്, ഡപ്യൂട്ടി കലക്ടർ സച്ചിൻ കൃഷ്ണ, വിവിധ വകുപ്പുകളുടെ ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
അനുവദിച്ചത് 45 മുൻഗണനാ കാർഡുകൾ
∙ 'കരുതലും കൈത്താങ്ങും' മണ്ണാർക്കാട് താലൂക്ക് അദാലത്തിൽ 45 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു. മന്ത്രിമാരായ എം.ബി.രാജേഷും കെ.കൃഷ്ണൻകുട്ടിയും കാർഡുകൾ നൽകി. ഗുരുതര രോഗബാധിതരായ അഞ്ച് പേരുടെ അപേക്ഷ അദാലത്ത് ദിനത്തിൽ സ്വീകരിച്ച് കാർഡ് കൈമാറി. 15 മഞ്ഞ കാർഡും 30 പിങ്ക് കാർഡുമാണ് വിതരണം ചെയ്തത്.
മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ മതിൽ പൊളിക്കാൻ നിർദേശം
മണ്ണാർക്കാട് പൊലീസ് സ്റ്റേഷന്റെ ജീർണാവസ്ഥയിലുള്ള ചുറ്റുമതിൽ പൊളിച്ചു നീക്കാൻ കരുതലും കൈത്താങ്ങും അദാലത്തിൽ നിർദേശം. പൊലീസ് സ്റ്റേഷൻ വളപ്പിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാനും നിർദേശം നൽകി. ഏറെക്കാലത്തെ പരാതിക്കാണ് നിമിഷങ്ങൾക്കകം പരിഹാരമായത്. മണ്ണാർക്കാട് ജിഎംയുപി സ്കൂൾ കെട്ടിടത്തിനും പൊതുജനങ്ങൾക്കും ഭീഷണിയായ മതിൽ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാറപ്പുറം വാർഡ് കൗൺസിലർ സി.പി.പുഷ്പാനന്ദനും വടക്കുംപുറം അച്ചിപ്ര വീട്ടിൽ ഹംസയുമാണ് പരാതിയുമായി എത്തിയത്. മതിലിന്റെ അപകടാവസ്ഥ മനോരമ നേരത്തെ വാർത്ത നൽകിയിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് അദാലത്തിൽ വിഷയം സംബന്ധിച്ച പരാതി പരിഗണിച്ചത്.
മതിലിനോട് ചേർന്നുള്ള പൊലീസ് സ്റ്റേഷൻ പരിസരത്തെ അപകടകരമായ മരങ്ങൾ മുറിക്കാനും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ ഫോറസ്ട്രി, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഒരുമിച്ചിരുത്തി മന്ത്രി ഉടൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. മരങ്ങൾ മുറിച്ച് മാറ്റാൻ സോഷ്യൽ ഫോറസ്ട്രിക്ക് നിർദേശം നൽകി. മണ്ണാർക്കാട് നഗരസഭയും പൊതുമരാമത്ത് കെട്ടിട വിഭാഗവും ചേർന്ന് മതിൽ പൊളിച്ചു മാറ്റുകയും ചെയ്യും.
അരിയൂർ സഹ. ബാങ്ക് ഭരണ സമിതിക്ക് എതിരെ നടപടിക്കു മന്ത്രിയുടെ നിർദേശം
അരിയൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരിച്ചു കിട്ടുന്നില്ലെന്ന പരാതിയിൽ ഭരണ സമിതി പിരിച്ച് വിട്ട് നടപടി സ്വീകരിക്കാനും ബാങ്ക് ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകാനും മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശം നൽകി. ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിൽ പരാതി പരിഗണിക്കുന്നതിനിടെയാണ് മന്ത്രിയുടെ നിർദേശം.
ബാങ്കിൽ നിക്ഷേപിച്ച 29 ലക്ഷം രൂപ തിരിച്ചു നൽകുന്നില്ലെന്ന് കാണിച്ചാണ് നിക്ഷേപകൻ അദാലത്തിലെത്തിയത്. മകളുടെ വിവാഹത്തിനായി കരുതി വച്ച പണമായിരുന്നു. പണം തിരിച്ചു കിട്ടാൻ നടപടി വേണമെന്ന് നിക്ഷേപകൻ ആവശ്യപ്പെട്ടു. സഹകരണ വകുപ്പ് ജോ.റജിസ്ട്രാർ, അസി.റജിസ്ട്രാർ എന്നിവരെ വിളിച്ചു വരുത്തി ബാങ്കിന്റെ സ്ഥിതി മന്ത്രി ചോദിച്ചു. വായ്പകൾ തിരിച്ചടവില്ലാത്തത് ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധികളുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിക്ഷേപം തിരിച്ചു നൽകാൻ പണമില്ലെങ്കിൽ ആ ബോർഡിനെ എന്തിനാണ് വച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി കൃഷ്ണൻകുട്ടി ചോദിച്ചു.
വായ്പയ്ക്കു ഈട് നൽകിയ സ്വത്തുക്കൾ ലേലം ചെയ്തു നിക്ഷേപകരുടെ പണം നൽകണം. ബാങ്ക് സഹകരണ വകുപ്പ് ഏറ്റെടുത്ത് ലേല നടപടികളുമായി മുന്നോട്ട് പോകാനും ഭരണസമിതിക്ക് എതിരെ നടപടി സ്വീകരിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എംഎൽഎമാരായ എൻ.ഷംസുദ്ദീൻ, കെ.ശാന്തകുമാരി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരാതി ചർച്ച ചെയ്തത്.