സ്വകാര്യ ടെലിഫോൺ ടവറിനെതിരെ വീണ്ടും ജനകീയ പ്രതിഷേധം
Mail This Article
കഞ്ചിക്കോട് ∙ ചുള്ളിമട ഇഞ്ചിത്തോട്ടത്തിൽ ജനവാസമേഖലയിൽ സ്വകാര്യ ടെലിഫോൺ കമ്പനിയുടെ ടവർ നിർമാണത്തിനെതിരെ വീണ്ടും ജനകീയ പ്രതിഷേധം. നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ജനങ്ങൾ വീണ്ടും സമരത്തിനിറങ്ങി. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സ്ഥലത്തു റോഡ് ഉപരോധിക്കാൻ പ്രദേശവാസികൾ സംഘടിച്ചതോടെ സംഘർഷാവസ്ഥയിലേക്കു നീങ്ങി. സ്ഥലത്തെത്തിയ വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിൽ കമ്പനി പ്രതിനിധികളുമായും സമരസമിതി നേതാക്കളുമായും നടത്തിയ ചർച്ചയ്ക്കൊടുവിൽ തൽക്കാലം നിർമാണം നിർത്തിവയ്ക്കാൻ തീരുമാനിച്ചതോടെയാണു പ്രതിഷേധം അവസാനിച്ചത്. ജനുവരി 10വരെ നിർമാണ പ്രവൃത്തികളൊന്നും നടത്തില്ലെന്ന ഉറപ്പിന്മേലാണു സമരം പിൻവലിച്ചത്. ഇതിനൊപ്പം ജനകീയ സമരസമിതിയും കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർനടപടികൾ വേഗത്തിലാക്കുമെന്നു ജനകീയ സമരസമിതി അറിയിച്ചു.
ജനകീയ സമരസമിതി നേതാക്കളും പഞ്ചായത്ത് അംഗങ്ങളുമായ പാലാഴി ഉദയകുമാർ, കെ.സിദ്ധാർഥൻ, പി.ബി.ഗിരീഷ്, വിവിധ പാർട്ടി പ്രതിനിധികളായ വി.സി.ഉദയകുമാർ, വി.ശശി, സമരസമിതി ഭാരവാഹികളായ ആസാദ് ചുള്ളിമട, മനോജ് ചന്ദ്രൻ, ഭാഗ്യലക്ഷ്മി തുടങ്ങിയവർ സമരത്തിനും ചർച്ചയ്ക്കും നേതൃത്വം നൽകി. കഴിഞ്ഞ ദിവസമാണു കോടതിയുടെ അനുമതിയുണ്ടെന്നു ചൂണ്ടിക്കാട്ടി കമ്പനി അധികൃതർ ടവർ നിർമാണത്തിനെത്തിയത്. ഇതു നാട്ടുകാർ തടഞ്ഞെങ്കിലും ഇന്നലെ വീണ്ടും കരാർ കമ്പനി തൊഴിലാളികൾ എത്തിയതോടെയാണു നാട്ടുകാർ സമരത്തിലേക്കു നീങ്ങിയത്.