എംടി കഥകളുടെ രക്തധമനി, എംടി പാലക്കാട്ടെ ‘കുട്ടി’
Mail This Article
കൂടല്ലൂരിലെ മാടത്ത് തെക്കെപ്പാട്ട് വീട്ടിൽ നിന്നു നടന്നെത്താവുന്ന ദൂരമേയുള്ളൂ നിളാനദിയോരത്തേക്ക്. വീടിനു സമീപത്തെ താന്നിക്കുന്നു കയറിയാൽ അധികം അകലെയല്ലാതെ നിളാസുന്ദരി മെലിഞ്ഞൊഴുകുന്നതു കാണാം. എഴുത്തിന്റെ കൊടുമുടി കയറിയിട്ടും എംടിയുടെ കാലുകൾ എന്നും ഇത്തിരിപ്പോന്ന താന്നിക്കുന്നിൽത്തന്നെ പതിഞ്ഞുനിന്നു. വായനയുടെ ആഴക്കടലുകൾ താണ്ടിയിട്ടും ഇരിക്കാൻ കൊതിച്ചതു നിളയോരത്ത്. എന്നും എംടി പറഞ്ഞു, നിളയിലെ ഉദയവും നരിമാളൻകുന്നിലെ അസ്തമയവും പോലെ മനോഹരമായ കാഴ്ച ലോകത്തില്ലെന്ന്. ആനമലയിലെ ഗുഹാപരിസരത്തു നിന്നുദ്ഭവിച്ച് കൈവഴികൾ ചേർന്നു തിടംവച്ചു പൊന്നാനിക്കടലിൽ ചേരുന്ന നീരൊഴുക്കു മാത്രമാണു ഭാരതപ്പുഴ. അക്ഷരാഭ്യാസമുള്ളവരുടെ മനസ്സിൽ ഇവൾ നിളയെന്നു പെരുമ നേടുന്നു. ഈ വിശുദ്ധി പുഴയ്ക്കു ചാർത്തിക്കൊടുത്തതിൽ മാടത്ത് തെക്കെപ്പാട്ട് വാസുദേവൻ നായർക്കുള്ള പങ്കു ചെറുതല്ല. എംടി അക്ഷരങ്ങളിലേക്ക് ആവാഹിച്ചതോടെയാണു നിള മലയാളികളുടെ മനസ്സിലെ കുളിരൊഴുക്കായത്.
എംടിയുടെ ആദ്യതിരക്കഥയിൽ പിറന്ന മുറപ്പെണ്ണിനു പാട്ടുകളെഴുതിയ പി.ഭാസ്‌കരനും അതുതന്നെ കണ്ടു. രചയിതാവിന്റെ മനസ്സിൽ നോവായും കനവായും പ്രണയമായുമൊഴുകുന്ന പുഴ. ‘കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ’ എന്നു കവി സന്ദേഹിച്ചു. കടവത്തു തോണിയടുത്തപ്പോൾ പെണ്ണിന്റെ കവിളത്തു കാണുന്നതു മഴവില്ലിൻ നിഴലാട്ടം. എംടിയുടെ മിക്ക കൃതികളിലും നിളയുടെ സാന്നിധ്യമുണ്ട്. മലയാള സിനിമയെ ആദ്യമായി സ്റ്റുഡിയോയിൽ നിന്നു പുറം കാഴ്ചകളിലേക്കു കൂട്ടിക്കൊണ്ടുപോയ, പി.എൻ.മേനോന്റെ ‘ഓളവും തീരവും’ എംടിയുടെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രാവിഷ്‌കാരമാണ്. കഥ തുടങ്ങുമ്പോൾത്തന്നെ വരികളിൽ പുഴയുണ്ട്. തോണിക്കാരൻ മമ്മത്ക്കയുടെ കൂടെ കഥാനായകൻ ബാപ്പുട്ടി ഇരിക്കുന്നതു കടവുപുരയ്ക്കു മുന്നിലാണല്ലോ. ‘...മുമ്പിൽ പുഴ നിറഞ്ഞൊഴുകുകയാണ്. ഓളങ്ങൾ ഒന്നിനു പിറകെ ഒന്നായി തീരത്തേക്ക് ആഞ്ഞടുക്കുന്നു. പൊട്ടിത്തകരുന്നു. വേദനയുടെ മന്ദഹാസം പോലെ ഒരു നേർത്ത നിലാവ് നദീജലത്തിൽ അലിഞ്ഞുചേരുകയാണ്...’, ഇങ്ങനെ തുടങ്ങുന്നു, ഓളവും തീരവും എന്ന കഥ.
ബാപ്പുട്ടിയുടെ മനസ്സിൽ സൈനബയോടുള്ള പ്രണയം മൊട്ടിട്ട് പ്രതീക്ഷയുടെ ഇതളുകൾ വിരിയാൻ തുടങ്ങുമ്പോൾ എംടി എഴുതുന്നു: ‘മുമ്പ്, ഒഴുക്കില്ലാത്ത വെള്ളത്തിൽ ലക്ഷ്യമില്ലാതെ നീങ്ങുന്ന ഒരു കൊച്ചോടം പോലെയായിരുന്നു ജീവിതം. പച്ചപിടിച്ച ഒരു കര ദൂരെയുണ്ടെന്നു കണ്ടപ്പോൾ തുഴച്ചിലിന് ആവേശം കൂടി...’ ഓളവും തീരവും സിനിമയായപ്പോൾ ഇടയ്‌ക്കൊന്നു ചിരിച്ചും ഇടയ്‌ക്കൊന്നു കരഞ്ഞും ഓടിയെത്തുന്ന ഇടവപ്പാതിയെപ്പറ്റിയാണു പി.ഭാസ്‌കരൻ പാട്ടെഴുതിയത്. ‘പൂവണിക്കുന്നുകൾ പീലിനിവർത്തും പുഴയുടെയോളത്തിൻ വിരിമാറിൽ ചേലൊത്ത പൂനിലാവിൽ ചങ്ങാടം തുഴയുമ്പോൾ നീയെന്റെ ഖൽബിൽ വന്നു ചിരിച്ചു നിൽക്കും’ (മണിമാരൻ തന്നത്) എന്ന വരികൾ എത്ര ഹൃദ്യം. ‘ഇരുട്ടിന്റെ ആത്മാവി’ലെ ഭ്രാന്തൻ വേലായുധൻ കുന്നുകയറുമ്പോൾ കാണുന്നതു ദൂരെ കട്ട വിണ്ടുകിടക്കുന്ന പാടങ്ങൾ. മറുകരയിൽ ചെമ്മണ്ണു നിറമുള്ള നിരത്ത്. അതിനപ്പുറം പുഴയാണ്. മണൽത്തിട്ടിന്റെ അരികിലൂടെ പുഴ ഒഴുകുന്നു. പുഴയിലിറങ്ങാനും മണൽത്തിട്ടിൽ തലകുത്തി മറിഞ്ഞു കളിക്കാനുമാണു വേലായുധൻ മോഹിക്കുന്നത്. കഥയുടെ അവസാനം ചങ്ങല പൊട്ടിച്ച് അവൻ ഓടുന്നതും കൈതക്കൂട്ടത്തിനിടയിലൂടെ കയറി പുഴയുടെ തീരത്തുകൂടിയാണ്. ആദ്യ സംവിധാന സംരംഭമായ നിർമാല്യത്തിൽ നിള സജീവസാന്നിധ്യമാണ്. വെളിച്ചപ്പാടിന്റെ മകൾ അമ്മിണി കടവിലിരിക്കുമ്പോഴാണ് അമ്പലത്തിലെ പുതിയ ശാന്തിക്കാരൻ ഉണ്ണി നമ്പൂതിരി പുഴ കടന്നുവരുന്നത്. കെ.രാഘവന്റെ സംഗീതത്തിലുള്ള ഇടശ്ശേരിക്കവിതയുടെ പശ്ചാത്തലവും പുഴ തന്നെ. കാമുകനെ കാത്തിരിക്കുന്ന വിമലയുടെ മനസ്സു പോലെ (മഞ്ഞ്) നൈനിറ്റാളിലെ തടാകത്തിൽ തളംകെട്ടിനിന്നതും നിളയിലെ വെള്ളമാകണം.
1983ൽ തിരക്കഥയെഴുതി എംടി തന്നെ ‘മഞ്ഞ്’ സംവിധാനം ചെയ്തു. എസ്.കെ.പൊറ്റക്കാടിന്റെ ‘കടത്തുതോണി’ എന്ന ചെറുകഥയെ ആസ്പദമാക്കി 1991ൽ എംടി സംവിധാനം ചെയ്ത ചിത്രമാണു കടവ്. താൻ കടവുകടത്തി വിടാറുണ്ടായിരുന്ന പെൺകുട്ടിയെ തേടി നഗരത്തിലെത്തുകയാണു ചിത്രത്തിലെ നായകൻ. അവനെ തിരിച്ചറിഞ്ഞിട്ടും അവൾ ചോദിക്കുന്നു, ‘ഏതു കടവ്?’; നിറഞ്ഞ കണ്ണുകളോടെ അവൾ വാതിൽ കൊട്ടിയടയ്ക്കുന്നു. അവനെ തിരിച്ചറിയുന്ന പെൺകുട്ടിയുടെ അനുജൻ ചോദിക്കുന്നു,‘ കൂട്ടക്കടവിൽ നിന്ന് ഏട്ടനല്ലേ ഞങ്ങളെ കടവു കടത്താറ്.’ ഏത് കൂട്ടക്കടവ് എന്ന മറുചോദ്യമാണ് അവനിൽ നിന്നുയരുന്നത്. എഴുത്തിലും ചലച്ചിത്രങ്ങളിലും നിലയ്ക്കാതെ പുഴയൊഴുകുന്നുണ്ടെങ്കിലും ഓളവും തീരവും, വെള്ളം, അടിയൊഴുക്കുകൾ, കടവ് തുടങ്ങി ചില പേരുകളിൽ മാത്രമേ ജലസാന്നിധ്യമുള്ളൂ.
വർഷങ്ങൾക്കു മുമ്പു കർക്കടകത്തിൽ നിള നിറഞ്ഞൊഴുകി കൂടല്ലൂർ വെള്ളത്തിനടിയിലായതിന്റെ ഓർമകൾ ആത്മകഥാംശമുള്ള കുറിപ്പുകളിൽ എംടി രേഖപ്പെടുത്തിയിട്ടുണ്ട്. മലമ്പുഴ അണക്കെട്ടു വരുന്നതിനു മുമ്പുള്ള കാലത്താണിത്. നാട്ടിൽ വരുമ്പോൾ തറവാടിനോടു ചേർന്നുള്ള പറമ്പിൽ നിളയെ കണ്ടുകൊണ്ടിരിക്കാനാണ് ഔട്ട് ഹൗസ് പണിതതെന്നു ‘കുമരനെല്ലൂരിലെ കുളങ്ങൾ’ എന്ന ലേഖനത്തിൽ അദ്ദേഹം പറയുന്നു. എന്നാൽ ഉമ്മറത്തിരുന്നാൽ കാണുന്നതു മരണത്തോടു മല്ലടിച്ചൊഴുകുന്ന നിളയെയാണെന്നും. നിളയെന്നാൽ മലയാളികൾക്കു വെറുമൊരു പുഴയല്ല. ജൈവപ്രവാഹമാണ്. മനുഷ്യസംസ്‌കാരം വളർന്നുവികസിച്ചതു നദീതടങ്ങളിലാണ്. മലയാളികളുടെ വായനാഹ്ലാദത്തിലെ കുളിർസാന്നിധ്യമായി എന്നും നിളയുണ്ട്. എരിയുന്ന വേനലിൽ നദി വരണ്ടും മെലിഞ്ഞും മരണാസന്നയായിട്ടും നമ്മുടെ സാഹിത്യത്തിൽ അതിന്റെ ഈർപ്പം വറ്റാതെ കാത്തത് എംടി എന്ന രണ്ടക്ഷരമാണ്. ഏതുഷ്ണത്തിലും നമുക്കു മുങ്ങിനിവരാം ആ രചനകളിലും ദൃശ്യാവിഷ്‌കാരങ്ങളിലും.